Connect with us

National

സഹകരണ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടിയത് തെറ്റാണെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. വിഷയത്തില്‍ സഹകരണ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടിയത് തെറ്റാണ്. വിവേചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജില്ലാ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ജില്ലാ ബാങ്കുകള്‍ക്ക് എന്തുകൊണ്ട് നോട്ട് മാറ്റി നല്‍കാന്‍ അവകാശം നല്‍കിയില്ലെന്നും ഈ ബാങ്കുകളിലെ നിക്ഷേപം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

വലിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം കൈവശമുള്ള പണം നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ലെന്നും വലിയ പ്രതിസന്ധിയിലാണെന്നും ബാങ്ക് അധികൃതര്‍ കോടതിയെ അറിയിച്ചു. ഇതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ജില്ലാ ബാങ്കുകള്‍ കെവൈസി പാലിക്കുന്നില്ലെന്നും കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള സൗകര്യങ്ങളും ഡിജിറ്റല്‍ സംവിധാനവും ജില്ലാ ബാങ്കുകള്‍ക്ക് ഇല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. വൃക്തികളുടെ അക്കൗണ്ടുകളേക്കാള്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് ജില്ലാ ബാങ്കുകളില്‍ ഉള്ളതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നോട്ട് പിന്‍വലിക്കലിന് ശേഷം ഒരാള്‍ക്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 24,000 ആയി നിജപ്പെടുത്തിയിട്ടും ഇതു പോലും ലഭിക്കാത്തതിനെയും സുപ്രീം കോടതി ചോദ്യം ചെയ്തു.