Connect with us

Editorial

ഹരിത കേരളം മിഷന്‍ പദ്ധതി

Published

|

Last Updated

പുതിയൊരു ഹരിത വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഇന്ന് സംസ്ഥാനത്ത്. ഹരിത കേരളം മിഷന്‍ എന്ന പേരില്‍ ശുചിത്വം, മാലിന്യ സംസ്‌കരണം, ജലവിഭവ സംസ്‌കരണം, ജൈവകൃഷിയിലൂന്നിയ കാര്‍ഷിക വികസനം എന്നിവയെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഊര്‍ജ്ജിത വികസന പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്‌കൂള്‍, ആശുപത്രികള്‍, പോലീസ് സേന, സര്‍വീസ് സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷി, ജലസംരക്ഷണ, വികസന പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ശുദ്ധജലം കൊണ്ടനുഗൃഹീതമായിരുന്ന കേരളം ഇന്ന് വരള്‍ച്ച ബാധിത പ്രദേശങ്ങളുടെ പട്ടികയിലാണ്. കുടിവെള്ള സ്രോതസ്സുകളെല്ലാം അനുദിനം നശിക്കുകയും മലിനീകരണം മൂലം ഉപയോഗശൂന്യമാകുകയും ചെയ്യുന്നു. 66 ലക്ഷത്തോളം കിണറുകള്‍ സംസ്ഥാനത്തുണ്ടെങ്കിലും വേനല്‍ കനക്കുന്നതോടെ ഇവയില്‍ പലതും വരളുന്നു. കുഴല്‍കിണറുകളുടെ ആധിക്യം, നദികളിലെ ജലവിതാനത്തിന്റെ താഴ്ച തുടങ്ങിയവയാണ് കാരണം. അവശേഷിക്കുന്ന ജലസമ്പത്തെങ്കിലും കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാറും പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വയല്‍ നികത്തലും കുടിവെള്ളത്തില്‍ മാലിന്യങ്ങള്‍ കലരുന്നതും കര്‍ശനമായി തടയുക, കുളങ്ങളും കിണറുകളും വൃത്തിയാക്കിയും മഴക്കുഴികള്‍ നിര്‍മിച്ചും മഴവെള്ള ശേഖരണം ഊര്‍ജ്ജിതമാക്കുക, പുതിയ പൊതുകിണറുകളുടെയും സംഭരണികളുടെയും നിര്‍മാണം, നദികളില്‍ ചെക്ക്ഡാമുകളും തോടുകളില്‍ തടയണകളും നിര്‍മിച്ചു ഉറവകളിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുക, ജലസംരക്ഷണം വിദ്യാലയങ്ങളിലും കലാലയങ്ങളിലും പാഠ്യവിഷയമാക്കുക തുടങ്ങിയവയാണ് ഇതിന് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. ജലം നമ്മുടെ പൊതുസ്വത്താണ്. അതിന്റെ സംരക്ഷണത്തില്‍ ഓരോ പൗരനും ശ്രദ്ധ കേന്ദ്രീകരിക്കുകയും മിതവ്യയം ശീലിക്കുകയും ചെയ്യേണ്ടതുണ്ട്.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളും കീടനാശിനികളുടെ അശാസ്ത്രീയ ഉപയോഗവും കേരളീയന്റെ ആരോഗ്യം കാര്‍ന്നുതിന്നുകയും ജീവിതം ദുസ്സഹമാക്കുകയുമാണ്. കേരളം സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന പരാതി പരിസര മലിനീകരണത്തെക്കുറിച്ചാണ്. വ്യക്തിശുചിത്വത്തില്‍ ശ്രദ്ധാലുവാണെങ്കിലും പരിസര ശുചീകരണത്തില്‍ ഏറെ പിന്നിലാണ് മലയാളി. റോഡുകളിലും പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും ചപ്പുചവറുകള്‍ വലിച്ചെറിയുന്നതില്‍ യാതൊരു സങ്കോചവുമില്ല. ക്ലീന്‍ കേരള, ശുചിത്വ കേരളം തുടങ്ങി മുന്‍ സര്‍ക്കാറുകളുടെ കാലത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ല. മാലിന്യ സംസ്‌കരണത്തിന് മതിയായ സംവിധാനങ്ങളില്ലാത്തതാണ് ഇക്കാര്യത്തില്‍ സംസ്ഥാനം നേരിടുന്ന മുഖ്യപ്രശ്‌നം. സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ പ്രദേശ വാസികളുടെ എതിര്‍പ്പ് മൂലം പരാജയപ്പെടുകയുമാണ്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ നിന്ന് തന്നെ കഴിയാവുന്നത്ര വേര്‍തിരിച്ചു നിര്‍മാര്‍ജനം ചെയ്യുകയാണ് ശുചുത്വ മിഷനില്‍ ഇതിന് കാണുന്ന പരിഹാരം. വീടുകളില്‍ കമ്പോസ്റ്റ് യൂനിറ്റുകളോ ബയോഗ്യാസ് യൂനിറ്റുകളോ ഏര്‍പ്പെടുത്തിയും റോഡരികില്‍ കമ്പോസ്റ്റിംഗ് ക്ലസ്റ്റര്‍ സ്ഥാപിച്ചും ഇത് സാധ്യമാക്കാകുന്നതാണ്.

കേരളത്തിന്റെ നട്ടെല്ലാണ് കൃഷി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കാര്‍ഷിക മേഖലയുടെ പങ്ക് അദ്വിതീയമായിരുന്നു. മണ്ണിട്ട് നികത്തുന്നത് മൂലം കാര്‍ഷിക ഭൂമികളുടെ അളവ് അനുദിനം കുറഞ്ഞു വരികയും ഉത്പാദനച്ചെലവിലെ ക്രമാതീതമായ വര്‍ധനയെ തുടര്‍ന്ന് കര്‍ഷകര്‍ കളം മാറിച്ചവിട്ടാന്‍ തുടങ്ങുകയും ചെയ്തതോടെ സംസ്ഥാനത്ത് കൃഷി വന്‍തോതില്‍ കുറഞ്ഞു. ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതികള്‍ ഇതോടെ ലക്ഷ്യം കാണാതായി. നെല്‍വയലുകളുടെയും കാര്‍ഷിക വൃത്തിയുടെയും സംരക്ഷണം വഴി സുസ്ഥിരമായ കാര്‍ഷിക വികസനത്തിലൂടെ മാത്രമേ സംസ്ഥാനത്തിന്റെ പഴയകാല കാര്‍ഷിക പ്രതാപം വീണ്ടെടുക്കാനാകൂ. പാടശേഖര സമിതികള്‍, കര്‍ഷക കൂട്ടായ്മകള്‍, സ്വാശ്രയ സംഘങ്ങള്‍, കുടംബശ്രീ യൂനിറ്റുകള്‍ എന്നിവയെ സമന്വയിപ്പിച്ചുള്ള മുന്നേറ്റമാണ് ഇതിനാവശ്യം.

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളമിഷന്‍ പദ്ധതി നിശ്ചയ ദാര്‍ഢ്യത്തോടെ നടപ്പാക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വലിയൊരളവില്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, നമ്മുടെ പല പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ആരംഭശൂരത്വമേ ഉണ്ടാകാറുള്ളൂ. ഹരിത കേരള മിഷന് ആ ഗതി വരാതിരിക്കട്ടെ. പദ്ധതിയുടെ വിജയത്തിന് ജനങ്ങളുടെ നിസ്സീമമായ സഹകരണം അനിവാര്യമാണ്. ശുചിത്വ മിഷന്‍ പദ്ധതിയുടെ സന്ദേശം ജനങ്ങളിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല. ഇതേക്കുറിച്ചു ഇപ്പോഴും അറിയാത്തവരാണ് ജനങ്ങളില്‍ ഏറെയും. പദ്ധതിയുടെ സന്ദേശം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിന് വിപുലവും ആസൂത്രിതവുമായ ബോധവത്കരണം ആവശ്യമാണ്. ജനങ്ങളുടെ ഗുണപരമായ ഇടപെടലായിരുന്നു ജനകീയാസൂത്രണം, സാക്ഷരതാ യത്‌നം പോലുള്ള പദ്ധതികളുടെ വിജയത്തിന് പിന്നില്‍.

Latest