ഡിസംബര്‍ ആറ് സഹിഷ്ണുത കാട്ടുമ്പോള്‍

Posted on: December 8, 2016 6:18 am | Last updated: December 8, 2016 at 12:20 am

വീണ്ടും ഒരു ഡിസംബര്‍ ആറ് കൂടി കടന്ന് പോയിരിക്കുന്നു, തീര്‍ത്തും നിശബ്ധമായി. ബാബരി മസ്ജിദ് ദിനത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ, വിമാത്താവളങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ജാഗ്രാതാ നിര്‍ദേശം എന്ന നിത്യ ശൈലി വാര്‍ത്തകള്‍ ജയലളിതയുടെ വിയോഗവാര്‍ത്തയില്‍ മുങ്ങിയെങ്കിലും പലരും പതിവ് തെറ്റിച്ചില്ല. മതേതര രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിനിന്നിരുന്ന ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ‘ദേശസ്‌നേഹികള്‍’ തച്ചുടച്ച ഇരുണ്ട വാര്‍ത്തകളുടെ ഓര്‍മകള്‍ക്ക് 24 വയസ് പിന്നിടുമ്പോഴും എന്തേ നമ്മുടെ രാജ്യത്തിന്റെ മാനത്തിനേറ്റ പരുക്കിന് നാം ചെയ്ത മറുമരുന്നെന്ന് ആരും മറുചോദ്യം ഉയര്‍ത്തിയില്ല. ആ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലാതായിരിക്കുന്നുവെന്ന തോന്നലിലേക്ക് നമ്മുടെ നാട് മാറുന്നുണ്ടെങ്കില്‍ അത് നല്‍കുന്ന സൂചന അപകടകരമാണ്.

1992 ഡിസംബര്‍ ആറിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നുവെന്നത് കേവലം ചരിത്രം മാത്രമല്ല. ഈ നാടിന്റെ നീറുന്ന നൊമ്പരമായി തലമുറകള്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളവശേഷിപ്പിക്കുന്ന ദുരന്ത സ്മാരകം കൂടിയാണത്. അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് വാദിച്ച് ഒരു സംഘം വര്‍ഗീയവാദികളാണ് മസ്ജിദ് തകര്‍ത്തത്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആക്രമണത്തിനു പിന്നിലെ പ്രതികളാരും തന്നെ ശിക്ഷിക്കപ്പെടാത്തതിന്റെ കാരണമെന്തേ എന്ന ചോദ്യം ഉയര്‍ന്നാല്‍, ഉത്തരമായി നമ്മുടെ നീതി,ന്യായനിര്‍വഹണ വ്യവസ്ഥിതിയില്‍ നീതി പുലരുന്നെന്ന് നിങ്ങള്‍ വിശ്വസിക്കണം എന്ന് പറയാന്‍ ഏത് ന്യായാധിപനാണ് കഴിയുക? ഇല്ല, ആ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഒരു നിയമപാലകനും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹോന്നതം പറയുന്ന നമ്മുടെ നാട്ടിലില്ല എന്ന് തന്നെ വിശ്വസിക്കണം. അല്ലെങ്കില്‍ എന്തുകൊണ്ടാണ് പേരിനെങ്കിലും ‘നീതി’ നടപ്പാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയാതെ പോകുന്നത്?

നരസിംഹ റാവുവിന്റെ പ്രതാപകാലത്ത് നടന്ന സംഘപരിവാര്‍ ഭീകരതയുടെ ആഴം എത്രമേലുണ്ടെന്ന് അറിയണമെങ്കില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അതേക്കുറിച്ച് പറഞ്ഞ് തരും. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ കഴിയാതെ പോയത് പ്രധാനമന്ത്രി എന്ന നിലയില്‍ പി വി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയമായിരുന്നെന്ന് ‘ദി ടര്‍ബുലന്റ് ഇയേഴ്സ്: 1980-96’ എന്ന തന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തുന്നുണ്ട്. ”എല്ലാ ഇന്ത്യക്കാരും ലജ്ജയോടെ തലതാഴ്ത്തേണ്ട സംഭവമായിപ്പോയി അത്. സഹിഷ്ണുതയുള്ള എല്ലാ മതങ്ങളേയും ആചാരങ്ങളേയും അംഗീകരിക്കുന്ന രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ അത് തകര്‍ത്തു. ഇതേക്കുറിച്ച് ഒരു ഇസ്‌ലാമിക രാജ്യത്തെ വിദേശകാര്യ മന്ത്രി പറഞ്ഞത് സംഘര്‍ഷം നിലനില്‍ക്കുന്ന ജറുസലേമില്‍ പോലും ഒരു മുസ്ലിം പള്ളിക്ക് നേരെ ഇങ്ങനെ നടക്കില്ല എന്നാണ്. തകര്‍ക്കപ്പെട്ടത് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ വികാരം എത്രമാത്രം വ്രണപ്പെടുത്തി, ഇതേക്കുറിച്ച് ഞാന്‍ റാവുവിനോട് ചോദിച്ചപ്പോള്‍ നിര്‍ന്നിമേഷനായി നില്‍ക്കുകയായിരുന്നു അദ്ദേഹം.”

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലെ നിരാശയും സങ്കടവും എനിക്ക് റാവുവിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നുവെന്ന് പ്രണാബ് മുഖര്‍ജി പറയുന്നുണ്ടെങ്കിലും കോബ്രാപോസ്റ്റിന്റെ ഒളിക്യാമറയും കുല്‍ദീപ് നയ്യാരുടെ വെളിപ്പെടുത്തലുകളും റാവുവിനെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയത് നാം കണ്ടതാണ്.

ബാബരി മസ്ജിദ് തര്‍ക്കുന്നതിന് അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു മൗനാനുവാദം നല്‍കുകയായിരുന്നുവെന്നാണ് ‘ബിയോണ്ട് ദ ലൈന്‍സ്’ എന്ന ആത്മകഥയിലുടെ കുല്‍ദീപ് പറഞ്ഞത്. മസ്ജിദ് തകര്‍ക്കുന്നത് റാവുവിന് അറിയാമായിരുന്നു. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കുമ്പോള്‍ റാവു പൂജയിലായിരുന്നു. മസ്ജിദിന്റെ അവസാന കല്ലും ഇളക്കിയെടുത്ത ശേഷമാണ് പൂജ അവസാനിപ്പിച്ചത്. മസ്ജിദ് പൂര്‍ണമായും തകര്‍ത്തു എന്ന് പൂജക്കിടെ ഒരു അനുയായി റാവുവിന്റെ കാതുകളില്‍ മന്ത്രിച്ചു. ഇതോടെ അദ്ദേഹം പൂജ മതിയാക്കി. അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് മധു ലിമയെ ആണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞതെന്നും കുല്‍ദീപ് നയ്യാര്‍ വ്യക്തമാക്കുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ ലഹളയുണ്ടായി. അപ്പോള്‍ റാവു ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ വസതിയിലേക്ക് വിളിപ്പിച്ചു. സംഭവത്തില്‍ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ട്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് തന്നെ വഞ്ചിക്കുകയായിരുന്നു- റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നത്തില്‍ കേന്ദ്രം എന്തുകൊണ്ട് ഇടപെട്ടില്ല എന്ന് അവര്‍ ചോദിച്ചു. താന്‍ വിമാനമാര്‍ഗം സി ആര്‍ പി എഫ് ജവാന്മാരെ അങ്ങോട്ട് അയച്ചിരുന്നു എന്നും മോശം കാലാവസ്ഥ മൂലം അവര്‍ക്ക് അവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല എന്നുമായിരുന്നു റാവുവിന്റെ മറുപടിയെന്നും കുല്‍ദീപ് പറയുന്നു.

ഒരു ഭരണാധികാരിക്ക് എത്രമാത്രം പരാജയമാകാം എന്നതിന് അന്നത്തെ പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ക്കപ്പുറത്ത് മറ്റ് തെളിവുകള്‍ വേണ്ടതില്ല. അഡ്വാനി, കല്ല്യാണ്‍ സിംഗ് തുടങ്ങിയ നേതാക്കളടക്കം ഗൂഢാലോചന നടത്തിയെന്ന ആരോപണം നാമെത്ര കേട്ടിരിക്കുന്നു. എല്‍ കെ അഡ്വാനിയും ജോഷിയും ഉമാഭാരതിയുമൊക്കെ നോക്കി നില്‍ക്കെയാണ് ബാബരി മസ്ജിദ് സംഘ്പരിവാര്‍ പൊളിച്ചത്. ബാബരി മസ്ജിദ് സംരക്ഷിക്കണമെന്ന രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവ് പോലും നടപ്പാക്കാന്‍ തയ്യാറാകാതെ അന്ന് ഭരണം കൈയ്യാളിയിരുന്ന കോണ്‍ഗ്രസ് മതേതര രാജ്യത്തെ വഞ്ചിച്ചുവെന്നത് ഇന്നും കറുത്തമഷിയില്‍ രേഖപ്പെടുത്തേണ്ട ചരിത്രമാണ്. എന്നാല്‍ ഇതിനെതിരെ ആ കാലത്ത് മുസ്‌ലിം പക്ഷത്ത് നിന്നു ശബ്ദിച്ച ഇബ്‌റാഹിം സുലൈമാന്‍ സേട്ട് എന്ന രാഷ്ട്രീയ നേതാവിനൊപ്പം അദ്ദേഹത്തിന്റെ പാര്‍ട്ടി ആയ മുസ്‌ലിം ലീഗ് പോലും ഉണ്ടായിരുന്നില്ല. എല്ലാവരും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍ നിറുത്തി ബാബരി മസ്ജിദ് വിഷയം ഉപയോഗപ്പെടുത്തുന്നു. ഇന്നും അത് തുടരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതൊഴിച്ചാല്‍ മറ്റൊന്നും ഇന്നുവരെ സംഭവിച്ചില്ല. കുറ്റവാളികള്‍ ഉന്നതങ്ങളില്‍ വിരാജിക്കുകയും വിഹരിക്കുകയുമാണെന്നത് നടുക്കുന്ന യാഥാര്‍ഥ്യമായി രണ്ട് പതിറ്റാണ്ടിന് ശേഷവും തുടരുന്നു.

വര്‍ഗീയതയുടെ വിഷം വീണ്ടും ഇന്ത്യന്‍ മതേതരത്വത്തെയും ഭരണഘടനയെയും മലിനമാക്കുമ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അധ്യായത്തിനായി കൈ ഉയര്‍ത്തിയവര്‍ക്കെതിരെ ഒരു വിരല്‍ അനക്കാന്‍ പോലും കഴിയാത്ത ഭരണാധികാരികളും ന്യായധിപരുമുള്ള ഇന്ത്യ ഇന്നും അസ്വസ്ഥമാണ്. പക്ഷേ ആ അസ്വസ്ഥതകള്‍ക്ക് നടുവിലും സഹിഷ്ണുത കൈവിടാതെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഭരണാധികാരികളുടെ കാലത്ത് പോലും ഡിസംബര്‍ ആറ് ശാന്തമായി കടന്ന് പോകുന്നു. മുസ്‌ലിം സമുദായത്തിന്റെ ജനാധിപത്യബോധത്തിന്റെയും ധാര്‍മിക ചിന്തകളുടെയും ഔന്ന്യത്യമായി വേണം ഇന്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും അതിനെ കാണേണ്ടത്. ആക്രമണത്തിനും സംഘര്‍ഷങ്ങള്‍ക്കും നിമിഷനേരം മതിയെന്നതിന് അധികമൊന്നും ചിന്തിച്ചലയേണ്ടതില്ലല്ലോ.

ബാബരി മസ്ജിദ് തകര്‍ത്തത് ഒരു സാധാരണ സംഭവമാണെന്ന് പറയുന്ന കച്ചേരിയുള്ള നാട്ടില്‍, പള്ളി തകര്‍ത്തവര്‍ പതാക ഉയര്‍ത്തി ദേശീയത പറയുന്ന കാലത്ത് നീതി അകലെയാണെങ്കിലും നിലക്കാത്ത നൊമ്പരമായി ബാബരി അവശേഷിക്കുമെന്നതില്‍ സംശയമില്ല.