ഹരിത ഇടനാഴി പദ്ധതിക്കെതിരെ സി പി ഐ; സര്‍ക്കാറിന് തലവേദന

Posted on: December 8, 2016 6:04 am | Last updated: December 8, 2016 at 6:56 pm

ആലപ്പുഴ: തീരദേശമേഖലയെ ബന്ധിപ്പിച്ച് പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന തീരദേശ ഹരിത ഇടനാഴി(കോസ്റ്റല്‍ ഗ്രീന്‍ കോറിഡോര്‍) പദ്ധതിക്കെതിരെ ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷി പരസ്യമായി രംഗത്ത് വന്നത് സര്‍ക്കാറിന് തലവേദനയാകുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കഴിഞ്ഞ ദിവസം ആലപ്പുഴ കടപ്പുറത്ത് നടന്ന ലത്തീന്‍ സമുദായ സമ്മേളനത്തില്‍ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയതായും ഈ മാസം 31ന് മുമ്പ് ഇത് ലഭിക്കുന്നതോടെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തീരദേശവുമായി ബന്ധപ്പെട്ട് കഴിയുന്ന പ്രമുഖ സമുദായത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തെ മത്സ്യത്തൊഴിലാളികളടങ്ങുന്ന സമുദായാംഗങ്ങളും നേതാക്കളും കൈയടിയോടെയാണ് സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികള്‍ പദ്ധതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തീരദേശം വിട്ടുപോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. തീരദേശ പരിപാലന നിയമത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമായ ഭാഗങ്ങള്‍ നീക്കം ചെയ്തുകിട്ടുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് പിറ്റേന്ന് തന്നെ, ഹരിത ഇടനാഴി പദ്ധതിക്കെതിരെ പരസ്യമായ എതിര്‍പ്പുമായി സി പി ഐ രംഗത്തെത്തിയത് തീരദേശവാസികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത ശേഷം ഭരണമുന്നണിയിലെ പ്രധാന ഘടക കക്ഷി തന്നെ പദ്ധതിക്കെതിരെ രംഗത്തെത്തിയത് സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(എ ഐ ടി യു സി) നേതാവുമായ ടി ജെ ആഞ്ചലോസാണ് പദ്ധതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന ജലവിമാന പദ്ധതിക്കെതിരെ തുടക്കത്തില്‍ തന്നെ രംഗത്ത് വന്ന മത്സ്യത്തൊഴിലാളി ഫെഡറേഷന്(എ ഐ ടി യു സി) ഈ പദ്ധതിയില്‍ നിന്ന് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ സാധിച്ചിരുന്നു. ഇതേ നയമാണ് ഹരിത ഇടനാഴി വിഷയത്തിലും എ ഐ ടി യു സി സ്വീകരിച്ചിരിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂലധന നിക്ഷേപ സംരംഭമായ കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) വഴി നടപ്പാക്കുന്ന ഹരിത ഇടനാഴി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.7,888 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഇത്രയും തന്നെ തുക വേറെയും കണ്ടെത്തണം.

തിരുവനന്തപുരം ജില്ലയിലെ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം വരെ 522 കിലോമീറ്റര്‍ നീളത്തിലാണ് തീരദേശ ഹരിത ഇടനാഴി നിര്‍മിക്കുന്നത്. ദേശീയപാതക്ക് സമാന്തരമായി നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മലയോര ഹൈവേക്ക് സമാനമാണ് തീരദേശ ഹരിത ഇടനാഴി.

നിര്‍ദിഷ്ട ഹരിത ഇടനാഴിക്ക് 15 മീറ്റര്‍ വീതിയാണുണ്ടാകുക. എന്നാല്‍ ഹരിത ഇടനാഴിക്കും കടലോരത്തിനുമിടയില്‍ 35 മീറ്റര്‍ വീതിയില്‍ ഗ്രീന്‍ബെല്‍റ്റ് നിര്‍മിക്കുന്നതാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കാനുള്ള പദ്ധതിയാണിതെന്ന് ആക്ഷേപമുന്നയിക്കാന്‍ പ്രധാനമായും സി പി ഐ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.16,000 കോടി രൂപ മുടക്കി ഹരിത ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനേക്കാള്‍ നല്ലത് ഈ പണം മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ കുടിവെള്ളത്തിനും സുരക്ഷിത ഭവനങ്ങള്‍ക്കും ആരോഗ്യ സംരക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് ആഞ്ചലോസ് പറയുന്നു. വരും ദിവസങ്ങളില്‍ പ്രശ്‌നം സി പി ഐ സംസ്ഥാന നേതൃത്വം തന്നെ ഏറ്റെടുക്കാന്‍ സാധ്യതയുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സി പി എം ഇനിയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.