Connect with us

Kerala

ഹരിതകേരളത്തിന് ഇന്ന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം: ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, കൃഷിപരിപോഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിക്ക് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 15965 പ്രവൃത്തികളാണ് നടപ്പാക്കുക. എല്ലാ വാര്‍ഡുകളിലും ഒരു പദ്ധതി എന്ന കണക്കിലാണ് ഇത്.

തിരുവനന്തപുരം കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ ഏലായില്‍ രാവിലെ ഒമ്പതിന് വിത്തിറക്കി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പത്മശ്രീ ഡോ. കെ ജെ യേശുദാസ് ഹരിത കേരള ഗീതം ആലപിക്കും. സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, എം എല്‍ എ മാരായ സി കെ ഹരീന്ദ്രന്‍, എം വിന്‍സെന്റ്, കെ ആന്‍സലന്‍, ഐ ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. ടി എന്‍ സീമ, ചലച്ചിത്ര താരം മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അടുത്ത വര്‍ഷം അഞ്ച് ഏക്കര്‍ നെല്‍കൃഷി ചെയ്യുമെന്ന് പുതിയ കര്‍ഷകര്‍ മുഖ്യമന്ത്രിക്ക് ചടങ്ങില്‍ സമ്മതപത്രം കൈമാറും.

കോഴിക്കോട് സരോവരം ബയോ പാര്‍ക്കില്‍ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ശുചിത്വ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. രാവിലെ എട്ടിന് കണ്ണൂരിലെ ചിറക്കല്‍ ചിറയുടെ നവീകരണത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും. കഥാകൃത്ത് ടി പത്മനാഭന്‍, കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ പി വി ധനേഷ്, മാപ്പിളപ്പാട്ട് കലാകരാന്‍ എരഞ്ഞോളി മൂസ, കായികതാരം ഗ്രീഷ്മ തുടങ്ങിയവര്‍ സംബന്ധിക്കും. എഴുത്തുകാരന്‍ എം മുകുന്ദന്‍ തലശ്ശേരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

കാസര്‍കോട് ജില്ലയില്‍ പ്രസിദ്ധമായ നീലേശ്വരം ചിറയുടെ നവീകരണത്തിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടക്കം കുറിക്കും. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് പങ്കെടുക്കും. പനമരം എരനല്ലൂര്‍ ക്ഷേത്രക്കുളം നവീകരണത്തിന് തുടക്കമിട്ട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വയനാട് ജില്ലാതല ഉദ്ഘാടകനം നിര്‍വഹിക്കും. എഴുത്തുകാരി പി വല്‍സല, ചലച്ചിത്ര പ്രവര്‍ത്തകരായ അബുസലീം, ശരത്ചന്ദ്രന്‍ വയനാട്, എസ്തര്‍, കര്‍ഷക പൂരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ എന്നിവര്‍ പങ്കെടുക്കും.

പാലക്കാട് കടമ്പഴിപ്പുറം പുത്തന്‍കുളം നവീകരിക്കുന്ന പദ്ധതി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി പങ്കെടുക്കും.
മലപ്പുറം ജില്ലയെ മഴക്കുഴി സമ്പൂര്‍ണ ജില്ലയായി പ്രഖ്യാപിക്കുന്ന പദ്ധതിയും കുറ്റിപ്പുറം മിനിപമ്പ തടയണ നിര്‍മാണവും തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ വളാഞ്ചേരിയില്‍ രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും.

Latest