പോലീസുകാരനെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ഗുമസ്തനെ ഉന്നതര്‍ ഇടപെട്ട് മോചിപ്പിച്ചു

Posted on: December 6, 2016 12:43 pm | Last updated: December 6, 2016 at 12:43 pm

policeകൊച്ചി: പോലീസുകാരനെ അക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് മോചിപ്പിച്ചെന്ന് ആരോപണം. അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദിന്റെ സ്വകാര്യ ഓഫീസിലെ ജൂനിയര്‍ അഭിഭാഷകന്‍ ടി നവീന്റെ ഗുമസ്തനാണ് പിടിയിലായി മിനിറ്റുകള്‍ക്കകം പുറത്തിറങ്ങിയത്.

പ്രതിയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ പൊലീസുകാരന്‍ സോളമന്‍ എറണാകുളം ജനറല്‍ ആശൂപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച അര്‍ധരാത്രി എറണാകുളം നഗരത്തില്‍ പട്രോള്‍ ഡ്യൂട്ടിക്ക് പോയ സോളമന്‍ എന്ന പൊലീസുകാരനെ അടിച്ചുപരുക്കേല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പിന്നില്‍ റെയില്‍വെ ട്രാക്കില്‍ സംശയകരമായി കണ്ടയാളോട് വിവരം തിരക്കാനായി അടുത്തേക്ക് ചെന്നു. ചോദിച്ച് തുടങ്ങുമ്പോഴേക്ക് പ്രതി ഇങ്ങോട്ട് അടിക്കുകയായിരുന്നു. മുഖത്തും വയറ്റിലുമെല്ലാം അടിയേറ്റെങ്കിലും വിടാതെ സോളമന്‍ പ്രതിയെ പിടിച്ചുവക്കുകയും ഉച്ചത്തില്‍ വിളിച്ച് പരിസരത്ത് ഉണ്ടായിരുന്ന പൊലീസുകാരെയെല്ലാം വിളിച്ചുവരുത്തുകയും ചെയ്തു. അവര്‍ എത്തുമ്പോഴേക്ക് സോളമന്റെ അടികൊണ്ട് ചതഞ്ഞ് നീരുവച്ചിരുന്നു. സോളമനെ ആശൂപത്രിയില് ആക്കിയതിനൊപ്പം പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഉപദ്രവിച്ച് പരുക്കേല്‍പിക്കുക, ഔദ്യോഗിക ജോലി തടസപ്പെടുത്തുക, തടഞ്ഞുവയ്ക്കുക എന്നിങ്ങനെ ജാമ്യമില്ലാത്ത വകുപ്പുകളില്‍ തന്നെ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദിന്റെ സ്വകാര്യ ഓഫീസിലെ ജൂനിയര്‍ അഭിഭാഷകന്‍ ടി.നവീന്റെ ഗുമസ്തനാണ് താനെന്ന് പ്രതി വെളിപ്പെടുത്തി. കോഴിക്കോട് ഫറോഖ് സ്വദേശി സുധീഷ്. നവീന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ബന്ധുവാണ്.. തുടര്‍ന്ന് നേരം പുലരും മുന്‍പേ പ്രതി പുറത്തിറങ്ങുകയായിരുന്നു.