ശൂന്യമായ തമിഴകം

Posted on: December 6, 2016 6:08 am | Last updated: December 6, 2016 at 10:32 am

SIRAJ1987 ഡിസംബര്‍ 24ന് എം ജി ആര്‍ മരണപ്പെട്ടപ്പോള്‍ അനുഭവിച്ചതിന് സമാനമായ ദുഃഖമാണ് ജയയുടെ മരണത്തെ തുടര്‍ന്ന് തമിഴകത്ത് പാര്‍ട്ടി അനുയായികള്‍ അനുഭവിക്കുന്നത്. സെപ്തംബര്‍ 22നാണ് കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ചു അവരെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു പുറമെ ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറുടെയും പരിചരണത്തെ തുടര്‍ന്ന് അവര്‍ സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യ സ്ഥിതി അനുദിനം മെച്ചപ്പെട്ട് വരുന്നതായും വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രര്‍വര്‍ത്തകര്‍ ആശ്വാസത്തിലായിരിക്കെയാണ് ഞായറാഴ്ച രാത്രി ഹൃദയാഘാതം ബാധിച്ചു വീണ്ടും ആരോഗ്യ സ്ഥിതി അതീവ മോശമായ വിവരം പുറത്ത് വന്നത്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണീരോഴിച്ചു അവരുടെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥനയിലും പൂജയിലും മുഴുകിയിരിക്കുകയായിരുന്നു. 1984ല്‍ ഗരുതരമായ വൃക്കരോഗം ബാധിച്ച എം ജി ആറിനെ ചികിത്സിച്ചതും അപ്പോളോ ആശുപത്രിയിലാണ്. അന്ന് എം ജി ആര്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തു വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായത് പോലെ ജയലളിതയും മടങ്ങി വരുമെന്നായിരുന്നു അണികളുടെ പ്രതീക്ഷയെങ്കിലും ചരിത്രം ആവര്‍ത്തിക്കാന്‍ ജയലളിതക്കായില്ല.

ലണ്ടനിലെ പ്രഗത്ഭ ഡോക്ടര്‍ ജോണ്‍ റിച്ചാര്‍ഡിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്ര ഭരണകൂടവും നടത്തിയ തീവ്രശ്രമങ്ങള്‍ ഒടുവില്‍ പരാജയപ്പെടുകയായിരുന്നു. വൈകാരികമായി പ്രതികരിക്കുന്ന തമിഴകത്തിന്റെ പാരമ്പര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്ര സേനയെ അടക്കം വിന്യസിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്ത ശേഷമാണ് മരണ വാര്‍ത്ത അധികൃതര്‍ പുറത്തു വിട്ടത്. ജയലളിതയുടെ പിന്‍ഗാമിയായി പനീര്‍ ശെല്‍വം ഇന്നലെ രാത്രി തന്നെ അധികാരമേറ്റെടുക്കുകയും ചെയ്തു. തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യപ്രകാരം ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമായി ഒമ്പത് കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
സിനിമാ മേഖലക്ക് നിര്‍ണായക സ്വാധീനമുള്ള തമിഴകത്ത് തമിഴരുടെ പ്രിയ നാകനായിരുന്ന എം ജി ആറിന്റെ നായികയായി രംഗത്ത് വന്നതോടെയാണ് ജയലളിത അവരുടെ മനസ്സില്‍ കുടിയേറിയത്. സിനിമാ രംഗത്ത് കൈവരിച്ച ജനപ്രീതിയുടെ പിന്‍ബലത്തിലാണ് അവര്‍ രാഷ്ട്രീയത്തില്‍ ഉന്നതങ്ങള്‍ കീഴടക്കിയതും പുരട്ചിതലൈവിയായി വളര്‍ന്നതും.

1980ല്‍ പാര്‍ട്ടിയില്‍ അംഗമായി ചേര്‍ന്ന ജയയുടെ രാഷ്ട്രീയത്തിലെ വളര്‍ച്ച പിന്നീട് പെടുന്നനെയായിരുന്നു. ഏറെതാമസിയാതെ പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ചുതമല കൈപ്പിടിയിലൊതുക്കിയ ജയ 1983ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു എം എല്‍ എയായി. അടുത്ത വര്‍ഷം തന്നെ അവര്‍ രാജ്യസഭായിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് അനായാസമായി കൈകാര്യം ചെയ്യുമായിരുന്ന ജയ പാര്‍ട്ടിക്ക്മുതല്‍ക്കൂട്ടാകുമെന്ന വിശ്വാസത്തിലാണ് എം ജി ആര്‍ അവരെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. എംജിആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി രംഗത്ത് വന്നപ്പോള്‍ തുടക്കത്തില്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് കടുത്ത എതിര്‍പ്പിനെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും അതെല്ലാം തരണം ചെയ്താണ് പാര്‍ട്ടി നേതൃപദവിയും മുഖ്യമന്ത്രിപദവും കൈയിലൊതുക്കി അവര്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകരുടെ സ്‌നേഹഭാജനമായി മാറിയത്. 1991 ലാണ് അവര്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്.

മുന്‍ ഭരണകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അധികാരത്തിലേറിയപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് ക്ഷേമപ്രവര്‍ത്തനങ്ങള്‍നടത്തിയിരുന്നു അവര്‍.പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് വേണ്ടി അവര്‍ തുടങ്ങിയ പദ്ധതികള്‍ വന്‍ വിജയവും ഏറെ ജനപ്രീതി പിടിച്ച് പറ്റുകയും ചെയ്തിരുന്നു.അതുകൊണ്ട് തന്നെ തമിഴകത്ത് എംജിആറിന് ശേഷം ഏറ്റവും അധികം ജനപിന്‍തുണയുള്ള രാഷ്ട്രീയ നേതാവായി അവര്‍ ഉയരുകയും ചെയതു. അഴിമതിക്കേസില്‍ ജയിലലടക്കപ്പെട്ടിട്ടും തമിഴകം അവരെ കൈവിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വളരെ അടുത്ത സൗഹൃദമാണ് ജയലളിതക്കുള്ളത്.രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് പല ബില്ലുകളും പാസാക്കുന്നതിന് എഐഎഡിഎംകെ എംപിമാരുടെ പിന്‍തുണ നിര്‍ണ്ണായകമായിരുന്നു.

എം ജി ആറിന്റെ അവസാനകാലത്ത് പാര്‍ട്ടിയില്‍ ഔദ്യോഗികമായി രണ്ടാം സ്ഥാനക്കാരിയായിരുന്നില്ലെങ്കിലും എം ജി ആറിന്റെ നിഴലായി ജീവിച്ച അവര്‍ക്ക് ജനമനസ്സുകളില്‍ നല്ല സ്വാധീനമുണ്ടായിരുന്നു. എം ജി ആറിന് ശേഷം ഇനി ആര് എന്ന ചോദ്യത്തിന് അവര്‍ക്ക് കൂടുതല്‍ ആലോചന വേണ്ടാതിരുന്നതും ഇതു കൊണ്ട് തന്നെ.