Connect with us

International

അമേരിക്കയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിക്ക് നേരെ വീണ്ടും ആക്രമണം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിക്ക് നേരെ കൈയേറ്റം. മാന്‍ഹട്ടനിലൂടെ യാത്രചെയ്യുന്ന 18 കാരിയായ വിദ്യാര്‍ഥിനിയെയാണ് മൂന്നംഗ സംഘം കൈയേറ്റം ചെയ്തത്. ഭീകരവാദി എന്ന് വിളിച്ചായിരുന്നു അക്രമം. നിഖാബ് വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. അമേരിന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് പറഞ്ഞുകൊണ്ടായിരുന്നു അക്രമം.

മദ്യപരായ മൂന്ന് വെളുത്ത വര്‍ഗക്കാര്‍ വഴിയില്‍ തടഞ്ഞ് വെക്കുകയും ട്രംപിന്റെ പേര് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് കൊണ്ട് തന്നെ ആക്രമിക്കുകയും ചെയ്തതായി വിദ്യാര്‍ഥിനി മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ മുസ്‌ലിംവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും മുസ്‌ലിം ബാറൂച്ച് കോളജിലെ വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും ചെയ്തു. നിഖാബ് വലിച്ചു കീറാന്‍ ശ്രമിച്ചപ്പോള്‍ താന്‍ കൈകൊണ്ട് മുറുകെ പിടിച്ചു. അവരെന്നെ കറക്കുകയും നീ വിദേശിയാണ്, നരകയാതനകള്‍ അനുഭവിക്കൂ എന്ന് പറഞ്ഞ് അക്രമം തുടരുകയും ചെയ്തു- വിദ്യാര്‍ഥിനി പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് പുതിയ പ്രസിഡന്റായതിന് ശേഷം അമേരിക്കയില്‍ നിഖാബ് ധരിച്ച സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈയടുത്ത് അമേരിക്കയില്‍ മൂടുപടം ധരിച്ച പെണ്‍കുട്ടിയെ കുപ്പികൊണ്ട് അടിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. സാധനം വാങ്ങാന്‍ കടയില്‍ ചെന്ന യുവതിയെ ഭീകരവാദിയെന്ന് വിളിക്കുകയും രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുഖം മറച്ചതിന്റെ പേരില്‍ മുസ്‌ലിം വിദ്യാര്‍ഥിനി സഹപാഠിയുടെ ക്രൂര മര്‍ദനത്തിനിരയാകുകയും ചെയ്തു. പള്ളികളില്‍ വ്യാപകമായി ഭീഷണി സന്ദേശം വരുന്നുമുണ്ട്. ട്രംപിന്റെ വിജയത്തോടെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ കൂടുതല്‍ അക്രമാസക്തമായെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.