Connect with us

National

തീയേറ്ററുകളില്‍ ദേശീയ ഗാനം: നിയമ വിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായം

Published

|

Last Updated

ന്യൂഡല്‍ഹി: സിനിമാ ശാലകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവില്‍ നിയമ വൃത്തങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം. നീതിന്യായ വിഭാഗം അമിതാവേശം കാണിക്കുകയാണെന്ന് ചിലര്‍ വിമര്‍ശിച്ചപ്പോള്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്യുന്നത് കൊണ്ട് എന്ത് കുഴപ്പമാണ് ഉള്ളതെന്ന് മറ്റു ചിലര്‍ ചോദിക്കുന്നു. പൊതു ജനങ്ങള്‍ക്ക് മേല്‍ ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നാണ് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അഭിപ്രായപ്പെട്ടത്. കോടതികള്‍ അവ പോകാന്‍ പാടില്ലാത്ത മേഖലയിലേക്കാണ് കാലെടുത്തു വെച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കെ ടി എസ് തുള്‍സി വിലയിരുത്തുന്നു.

എന്നാല്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ബി ജെ പി. എം പിയും അഭിഭാഷകയുമായ മീനാക്ഷി ലേഖി ഉത്തരവിനെ ശക്തമായി പിന്തുണക്കുന്നു. ദേശീയ ഗാനത്തെ ബഹുമാനിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് അവര്‍ ചോദിച്ചു. സ്‌കൂളിലും പൊതു പരിപാടികള്‍ തുടങ്ങുന്നിടത്തും എല്ലാം ദേശീയ ഗാനം ആലപിക്കുന്നു. അത് മറ്റൊരിടത്ത് കൂടി വേണമെന്നേ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളൂ. അതില്‍ എന്താണ് പ്രശ്‌നമുള്ളത്?- മീനാക്ഷി ചോദിച്ചു. ഉത്തരവ് നടപ്പാക്കുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങളാണ് അഡ്വ. കെ കെ വേണുഗോപാല്‍ ഉയര്‍ത്തുന്നത്. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കും. കുട്ടികളെയുമായി വന്നവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഇത് വലിയ അസൗകര്യമുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നീതിന്യായ വിഭാഗം അമിതാവേശം കാണിക്കുകയാണെന്ന് സൊറാബ്ജി പറഞ്ഞു. നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് കോടതികള്‍ക്ക് എക്‌സിക്യൂട്ടീവിനോട് നിര്‍ദേശിക്കാം. അല്ലാതെ അത് ചെയ്യണം, ഇത് ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ കോടതികള്‍ മുതിരാതെയിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ഗാനം ആലപിക്കുന്നത് സംബന്ധിച്ചും അതിനെ ആദരിക്കുന്നത് സംബന്ധിച്ചും പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്‌സ് ടു നാഷനല്‍ ഓണര്‍ ആക്ട് വ്യക്തമായി പ്രദിപാദിക്കുവെന്നായിരുന്നു മീനാക്ഷി ലേഖിയുടെ മറുപടി. മൗലികാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന നമ്മള്‍ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ചും ബോധവാന്‍മാരാകണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സിനിമോട്ടോഗ്രാഫ് ചട്ടങ്ങള്‍ ഭേദഗതി വരുത്താതെ ഈ ഉത്തരവ് അനുസരിക്കാന്‍ സിനിമാ തിയേറ്റര്‍ ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന നിയമപ്രശ്‌നമാണ് ഇതിന് മറുപടിയായി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയത്.

പൊതു താത്പര്യ ഹരജി തീര്‍പ്പാക്കവേ കഴിഞ്ഞ മാസം 30നാണ് പരമോന്നത കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമാ ശാലകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചിരുന്നു.