കണക്കുകള്‍ ചോദിക്കുന്നു; കള്ളപ്പണമെവിടെ?

Posted on: December 4, 2016 9:52 pm | Last updated: December 4, 2016 at 9:52 pm

modiഗൃഹപാഠം ചെയ്യാതെയും മുന്നൊരുക്കങ്ങള്‍ നടത്താതെയും ഒരാവേശത്തില്‍ നടപ്പാക്കിയ നോട്ട് നിരോധം മോദി സര്‍ക്കാറിനെ തിരിഞ്ഞു കുത്തുന്നു. രാജ്യത്തെ കര്‍ഷകരും പട്ടിണി പാവങ്ങളുമുള്‍പ്പെടെ കോടിക്കണക്കിന് ജനങ്ങളെ തെരുവിലിറക്കിയ നോട്ടുനിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട് ബേങ്കുകളിലെത്തിയ പണത്തിന്റെ കണക്കുകളും സാമ്പത്തിക മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നു തുടങ്ങി. ഇതോടെ വെട്ടിലായ മോദി സര്‍ക്കാര്‍ പതിയെ ചുവടുമാറ്റുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്തിന്റെ ഭാവി വികസനത്തിനും കള്ളപ്പണം തടയാനുമെന്ന പേരില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ടുനിരോധം 25 ദിവസം പിന്നിട്ടിട്ടും ഫലം കാണാത്ത സാഹചര്യത്തില്‍ നരേന്ദ്ര മോദി കള്ളപ്പണത്തില്‍ നിന്ന് കറന്‍സിരഹിത രാജ്യമെന്ന മുദ്രാവാക്യത്തിലേക്കും ഡിജിറ്റലൈസ് സമ്പാദ്യത്തിലേക്കും ചര്‍ച്ച മാറ്റിയിരിക്കുകയാണ്.
നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം അസാധുവാക്കിയ നോട്ടുകള്‍ ബേങ്കുകളില്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയപരിധി ഒരു മാസം കൂടി അവശേഷിക്കേ വിനിമയത്തിലിരുന്ന നോട്ടിന്റെ 77.14 ശതമാനവും രാജ്യത്തെ വിവിധ ബേങ്കുകളില്‍ തിരിച്ചെത്തിയിരിക്കുകയാണ്. റിസര്‍വ് ബേങ്കിന്റെ കണക്കനുസരിച്ച്, നിരോധിച്ച 1000, 500 രൂപയുടെ 14.18 ലക്ഷം കോടിയുടെ നോട്ടുകളാണ് വിനിമയത്തിലിരുന്നത്. തീരുമാനം പ്രഖ്യാപിച്ച് ഇത്രയും ദിവസങ്ങള്‍ക്കകം ഇതില്‍11 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബേങ്കുകളില്‍ തിരിച്ചെത്തിയതായാണ് റിസര്‍വ് ബേങ്ക് നല്‍കുന്ന വിവരം. നവംബര്‍ 30 വരെയുള്ള കണക്കാണിത്. നോട്ടുമാറ്റം ആരംഭിച്ച നവംബര്‍ പത്ത് മുതല്‍ 27 വരെ 8.45 ലക്ഷം കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ എത്തിയെന്നാണ് കണക്ക്. പിന്നീട് നവംബര്‍ 30ന് ഇത് 11 ലക്ഷം കോടിയായി ഉയര്‍ന്നു.
രാജ്യത്തെ സഹകരണ ബേങ്കുകളിലെ തടഞ്ഞുവെച്ചിരിക്കുന്ന പണം നൂറുക്കണക്കിന് കോടി വരും. നോട്ടുമാറ്റുന്നത് മാറ്റിവെച്ചവരുടെ കൈയിലും വന്‍ സംഖ്യയുടെ ഇത്തരം നോട്ടുകളുണ്ടാകും. ഇന്ത്യയേക്കാള്‍ കറന്‍സി മൂല്യം കുറവുള്ള അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സിയുണ്ട്. ഇവിടെയുള്ള ഇന്ത്യന്‍ രൂപയുടെ കണക്കും കൂടിയാകുമ്പോള്‍ അസാധുവാക്കിയ മുഴുവന്‍ പണവും ബേങ്കില്‍ തിരിച്ചെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഉയരുന്ന ചോദ്യമിതാണ്: എവിടെ കള്ളപ്പണം?
ഇതിനിടെ, നോട്ട് നിരോധത്തിന്റെ ഫലശൂന്യത വ്യക്തമാക്കി വരുന്ന വിദഗ്ധ റിപ്പോര്‍ട്ടുകള്‍ നിരവധിയാണ്. പരിഷ്‌കാരം 10 ശതമാനത്തില്‍ താഴെ മാത്രമേ കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിക്കൂവെന്ന് ഇന്ത്യാ റേറ്റിംഗ്‌സ് എന്ന ഏജന്‍സിയുടെ പഠനം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം 7.8 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വരവിനേക്കാള്‍ ചെലവ് വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണമായി ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ നീക്കം രാജ്യത്തെ സമ്പദ്ഘടനയെ ദോഷകരമായി ബാധിച്ചുവെന്ന് തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്ന പഠനം പണം കൈവശം വെക്കുന്നത് കുറച്ചതും പുതിയ നോട്ടുകള്‍ ആവശ്യത്തിനെത്താത്തതും ചെറുകിട, മൊത്തക്കച്ചവട സ്ഥാപനങ്ങളിലെ ഉപഭോഗം കുറച്ചതായും പറയുന്നു.
മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ പഠനം നോട്ട് അസാധുവാക്കലിന് സര്‍ക്കാരിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. മൊത്തം 1.28 ലക്ഷം കോടി രൂപയോളം ഈ നടപടി മൂലം ഖജനാവിന് നഷ്ടമുണ്ടാകുമെന്നാണ് കാണിക്കുന്നത്. പുതിയ നോട്ടുകള്‍ അടിച്ചെത്തിക്കാനുള്ള ചെലവും വിവിധ മേഖലകളിലുണ്ടായ കഷ്ടനഷ്ടങ്ങളും പരിഗണിച്ചാണ് ഇത് കണക്കാക്കിയത്.
നോട്ട് നിരോധനം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം (ജി ഡി പി) കുറക്കുമെന്ന് അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാഷെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6 ശതമാനമായിരുന്ന ജി ഡി പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം 6.8 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നാണ് മുന്നറിയിപ്പ്. പണത്തിനുണ്ടായ ക്ഷാമം മൊത്തം മേഖലകളെയും ബാധിച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം 7.9 ശതമാനം വരെ ജി ഡി പി വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ആഗസ്റ്റില്‍ ഇവരുടെ വിലയിരുത്തല്‍. ജനങ്ങള്‍ക്ക് ദുരിതവും സര്‍ക്കാറിന് സാമ്പത്തിക നേട്ടവുമാണ് നോട്ട് നിരോധത്തിന്റെ ഫലമെന്നും പഠനം വ്യക്തമാക്കുന്നു.
ഇതോടെ നോട്ട് നിരോധത്തിന്റെ പ്രധാന ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയ കള്ളപ്പണം തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സര്‍ക്കാര്‍ വാദത്തിന്റെ അര്‍ഥശൂന്യത വ്യക്തമാകുകയാണ്. വന്‍ അവകാശ വാദങ്ങളോടെ നടപ്പാക്കിയ അപ്രായോഗികമായ പരിഷ്‌കരണ നടപടി അമ്പേ പരാജയപ്പെട്ടതോടെ ഇതിനെ ന്യായീകരിക്കുന്നതിനായി ഇടപാടുകളില്‍ പുതിയ പുതിയ നിയന്ത്രണങ്ങല്‍ കൊണ്ടുവരുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.