Connect with us

Articles

ടീം ട്രംപില്‍ 'ഭ്രാന്തന്‍ നായ'യെത്തുമ്പോള്‍

Published

|

Last Updated

“ചിലരെ വെടിവെച്ചിടുകയെന്നത് രസകരമായ കാര്യമാണ്”- എന്ന് തുറന്ന് പറഞ്ഞയാളാണ്. ലോകത്തെ ഏറ്റവും ഭീതിദമായ ആക്രമണ മുഖങ്ങളില്‍ മരണം വിതച്ച് ഈ ആനന്ദം ആവോളം ആസ്വദിച്ചിട്ടുണ്ട്. യുദ്ധോത്സുകതയും ചോരക്കൊതിയും ക്രൂരമായ നിലപാടുകളും പരസ്യമായി ആവര്‍ത്തിക്കുകയും അത് നിരന്തരം പ്രയോഗവത്കരിക്കുകയും ചെയ്യുന്നതിനാല്‍ “ഭ്രാന്തന്‍ നായ”യെന്ന വിളിപ്പേര് സ്വന്തമാക്കിയിട്ടുണ്ട്. പറഞ്ഞു വരുന്നത് അമേരിക്കയുടെ നിയുക്ത പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെക്കുറിച്ചാണ്. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ആരെന്നും അയാളുടെ നിലപാടുകളും മുന്‍ഗണനകളും എന്തെന്നും ലോകത്തിനാകെ നിര്‍ണായകമാകുന്നത് കൊണ്ടാണ് മാറ്റിസ് വരുന്നുവെന്നത് ഇത്ര വലിയ വാര്‍ത്തയാകുന്നത്. ഏകധ്രുവ ലോകം ജ്വലിച്ച് നില്‍ക്കുകയും എല്ലാ ഭൗമരാഷ്ട്രീയ ചോദ്യങ്ങള്‍ക്കും ഒരേയൊരു ഉത്തരം അമേരിക്കയായി മാറിക്കഴിയുകയും ചെയ്ത വര്‍ത്തമാന കാലത്ത് ആക്രമണങ്ങളുടെ പ്രഭവ കേന്ദ്രം പെന്റഗണായിരിക്കുമല്ലോ. ആരുമുണ്ടാകില്ല തടയാന്‍. മരണങ്ങളും പലായനങ്ങളും സംസ്‌കൃതികളുടെ അസ്തമയവും ജനപഥങ്ങളുടെ ശിഥിലീകരണവും പ്രകൃതി വിഭവങ്ങളുടെ കൊള്ളയും പെന്റഗണില്‍ നിന്നുള്ള ഉത്തരവിലൂടെ ലോകത്തിന് മേല്‍ പറന്നിറങ്ങും. മനുഷ്യര്‍ സ്വസ്ഥമായി ജീവിക്കുന്ന ഏതിടത്തും ഡ്രോണുകള്‍ ബോംബ് വര്‍ഷിച്ച് അതിന്റെ ആലയിലേക്ക് ആലസ്യത്തോടെ തിരിച്ചു പോകും. അത്‌കൊണ്ട് മാറ്റിസിനെപ്പോലെ ഒരാള്‍ തന്നെയാണ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെയുള്ള ഒരു പ്രസിഡന്റ് ഭരിക്കുമ്പോള്‍ പ്രതിരോധ സെക്രട്ടറിയാകേണ്ടത്.
നാക്കില്‍ ട്രംപിനെ വെല്ലും

ചട്ടങ്ങളെയും കീഴ്‌വഴക്കങ്ങളെയും നോക്കുകുത്തിയാക്കിയാണ് ജെയിംസ് മാറ്റിസിനെ പ്രതിരോധ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഹിയോയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂറ്റന്‍ റാലിയില്‍ ഇക്കാര്യം പ്രഖ്യാപിക്കുമ്പോള്‍ ട്രംപിന്റെ മുഖത്ത് ക്രൂരമായ ഒരു ആനന്ദം കളിയാടിയിരുന്നു. “ഇനി മാഡ് ഡോഗിന്റെ സമയമാ”ണെന്ന പദപ്രയോഗം തന്നെ അദ്ദേഹം നടത്തി. 1991ലെ ഗള്‍ഫ് യുദ്ധ സമയത്തും 2001ലെ അഫ്ഗാന്‍ അധിനിവേശ സമയത്തും യു എസ് സൈന്യത്തെ നയിച്ച വ്യോമ സൈനികനാണ് മാറ്റിസ്. 1950ല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ജനിച്ചു. 1972ല്‍ സൈനിക ഓഫീസറായി കമ്മീഷന്‍ ചെയ്യപ്പെട്ടു. 1991ല്‍ യു എസ് ഇറാഖ് യുദ്ധത്തിനിടെ കുവൈത്തിലേക്കുള്ള സംഘത്തെ നയിച്ച് വാര്‍ത്തകളില്‍ ഇടം നേടി. 2001ല്‍ അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യ പിടിച്ചടക്കിയപ്പോള്‍ മുന്‍ നിരയില്‍ നിന്നു. 2003ലെ ഇറാഖ് അധിനിവേശത്തില്‍ മുഖ്യ പങ്കു വഹിച്ചു. 2010- 2013 കാലയളവില്‍ മധ്യപൗരസ്ത്യ ദേശത്തും ദക്ഷിണേഷ്യയിലും നിരവധി സൈനിക നടപടികളില്‍ സെന്‍ട്രല്‍ കമാന്‍ഡിനെ നയിച്ചു. ഇറാഖിലെ ഫല്ലൂജയില്‍ നടത്തിയ മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ആക്രമണങ്ങള്‍ക്ക് പിറകേയാണ് “മാഡ് ഡോഗ്” എന്ന വിളിപ്പേര് വീണത്. മാറ്റിസിന്റെ യുദ്ധനൈപുണ്യം അറിയണമെങ്കില്‍ സിറിയയുടെയും യമനിന്റെയും ഇറാഖിന്റെയും ഇന്നത്തെ അവസ്ഥ നോക്കിയാല്‍ മതി. ഇവിടെയൊക്കെ ഇദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. മനുഷ്യത്വവിരുദ്ധമായി വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ ട്രംപിനെ വെല്ലും ഇയാള്‍. കുപ്രസിദ്ധമായ ഒരു വാചകം ഇങ്ങനെയാണ്: “നിങ്ങള്‍ മാന്യനായിരിക്കണം, പ്രൊഫഷനലുമായിരിക്കണം, നിങ്ങള്‍ കണ്ടു മുട്ടുന്ന ഒരാളെ എങ്ങനെ കൊല്ലാമെന്ന ഒരു പദ്ധതിയും നിങ്ങളുടെ മനസ്സിലുണ്ടായിരിക്കണം”. ആള്‍ അവിവാഹിതനാണ്. കുട്ടികളുമില്ല. അത്‌കൊണ്ട് സന്യാസിയായ യോദ്ധാവ് എന്നും പേര് വീണിട്ടുണ്ട്. മുന്‍ സൈനികനെ പ്രതിരോധ സെക്രട്ടറിയാക്കണമെങ്കില്‍ വിരമിച്ച് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് അമേരിക്കയിലെ ചട്ടം. മാറ്റിസിന് വേണ്ടി ഈ ചട്ടം ഭേദഗതി ചെയ്യാന്‍ പോകുകയാണ് ട്രംപ് ഭരണകൂടം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റിലും ജനപ്രതിനിധി സഭയിലും വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഭേദഗതിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
ഒരു മറയുമില്ലാതെ പ്രഖ്യാപിക്കപ്പെട്ട മുസ്‌ലിം, കുടിയേറ്റ, മനുഷ്യത്വവിരുദ്ധ നിലപാടുകളുടെ പുറത്ത് തന്നെയാണ് അമേരിക്കന്‍ ജനത ട്രംപിനെ പ്രസിഡന്റാക്കിയിരിക്കുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ശേഷം “ഇദ്ദേഹം ഞങ്ങളുടെ പ്രസിഡന്റല്ലെ”ന്ന് പറഞ്ഞ് തെരുവിലിറങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല. ഇത്ര വ്യക്തമായ ഫാസിസ്റ്റ് മുന്‍ഗണനകള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ഒരു മനുഷ്യന്‍ ജയിച്ചു വരികയെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തന്നെ അപ്രസക്തമാക്കുന്നതായിരുന്നു. അന്യ മതവിദ്വേഷത്തിന്റ അകമ്പടിയുണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ നരേന്ദ്ര മോദി പ്രചാരണ ഘട്ടത്തില്‍ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും അഴിമതിവിരുദ്ധതയെക്കുറിച്ചും സംസാരിച്ചിരുന്നു. ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായിരുന്നു. ട്രംപിന് ഇത്തരം ഒരു മൂടി വെക്കലും ഉണ്ടായിരുന്നില്ല. തീവ്ര വലതുപക്ഷത്തിന്റെ ആള്‍രൂപമാണ് താനെന്ന് ഓരോ അണുവിലും പ്രഖ്യാപിച്ച് കൊണ്ടാണ് അദ്ദേഹം ജനങ്ങളെ സമീപിച്ചത്. അങ്ങനെയൊരാള്‍ ജയിച്ചു വരുമ്പോള്‍ “വെടിവെച്ച് കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന”യാളെ ആയുധപ്പുരയുടെ കാവലേല്‍പ്പിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ട്രംപിന്റെ ദിശ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. കൂടുതല്‍ യുദ്ധോത്സുകമായ അമേരിക്കയെയാകും ഇനി ലോകം അനുഭവിക്കേണ്ടി വരിക.

ക്യൂബയില്‍ നിന്ന് തുടങ്ങും

അടിസ്ഥാനപരമായി ട്രംപ് ഒരു ബിസിനസ്സുകാരനാണ്. കച്ചവടത്തിന്റെ സാധ്യതകളെ അദ്ദേഹം ഉപയോഗിച്ചു കൊണ്ടേയിരിക്കും. ഫിദല്‍ കാസ്‌ട്രോയുടെ സിംഹ ഗര്‍ജനം നിലച്ചപ്പോള്‍ ക്രൂരനായ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിക്കാന്‍ മാത്രം അസഹിഷ്ണുവായ ട്രംപ് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് ക്യൂബയുമായി ബിസിനസ്സ് ചെയ്തയാളാണെന്നോര്‍ക്കണം. അത്‌കൊണ്ട് അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളുടെയും അടിത്തട്ടില്‍ കച്ചവടമുണ്ടാകും. കാസ്‌ട്രോയുടെ അന്ത്യത്തോടെ ക്യൂബന്‍ ജനത അവരര്‍ഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് ഉണരാന്‍ പോകുകയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. ട്രംപ് ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം ആഗോള മുതലാളിത്തത്തിന്റെ ഉത്പന്നങ്ങളും സേവനങ്ങളും ആസ്വദിക്കാനുള്ള അവസരമാണ്. എന്നുവെച്ചാല്‍ കമ്പോള യുക്തികള്‍ക്കായി ക്യൂബ തുറന്ന് വെക്കണം. ബദല്‍ സാമ്പത്തിക നയത്തിന്റെ ജീവിക്കുന്ന ഇത്തിരി തുരുത്തായി ക്യൂബ നിലനില്‍ക്കരുത്. കാസ്‌ട്രോ ലെഗസിയെ ക്യൂബ പൂര്‍ണമായി നിരാകരിക്കണം. 2014ല്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ക്യൂബയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ ശ്രമിച്ചിരുന്നു. ഇക്കാലം വരെ യു എസ് ഭരണാധികാരികള്‍ ക്യൂബയോടും ഫിദല്‍ കാസ്‌ട്രോയോടും തോറ്റുകൊണ്ടേയിരിക്കുകയായിരുന്നു. നൂറ് കണക്കിന് വധശ്രമങ്ങളെ അതിജീവിച്ച് കാസ്‌ട്രോയും ലക്ഷക്കണക്കായ പ്രലോഭനങ്ങളെ നിരാകരിച്ച് ക്യൂബന്‍ ജനതയും അമേരിക്കയുടെ മൂക്കിന് മുന്നില്‍ കീഴടക്കാനാകാത്ത മഹാ പര്‍വതമായി തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഒബാമ നടത്തിയ നയതന്ത്രം പ്രതിരോധിക്കാന്‍ ഫിദലിന്റെ സഹോദരന്‍ റൗളിന് സാധിച്ചില്ല. അങ്ങനെ ചരിത്രപരമായ ആ ഹസ്തദാനം സംഭവിച്ചു. 1928ല്‍ കാല്‍വിന്‍ കൂളിഡ്ജിന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബന്‍ മണ്ണില്‍ കാല് കുത്തി. തന്റെ സ്വരമൊടുങ്ങും മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്നത് കൊണ്ട് ഹവാനയില്‍ തിങ്ങി നിറഞ്ഞ സദസ്സിന് മുമ്പാകെ വിറയാര്‍ന്ന സ്വരത്തില്‍ ഫിദല്‍ പറഞ്ഞു: “അമേരിക്കയുടെ പഞ്ചാര വാക്കില്‍ വീഴരുത്” ഇന്നിതാ അദ്ദേഹം മരിച്ചു കിടക്കുമ്പോള്‍ നിയുക്ത യു എസ് പ്രസിഡന്റ് ക്യൂബക്കാരെ മഹത്തായ സ്വാതന്ത്ര്യം ഓര്‍മിപ്പിക്കുന്നു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ക്യൂബന്‍ ജനതക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഒബാമയുണ്ടാക്കിയ ക്യൂബന്‍ കരാര്‍ അസാധുവാകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രലോഭനവും ഭീഷണിയും സമം ചേര്‍ത്ത തന്ത്രമാണ് ട്രംപിന്റെ ആവനാഴിയിലുള്ളത്. അപ്പുറത്ത് ഒരു സോവിയറ്റ് യൂനിയന്‍ ഇല്ലാതിരിക്കെ, ലാറ്റിനമേരിക്കന്‍ ചേരി ദുര്‍ബലമായിക്കൊണ്ടിരിക്കെ, എല്ലാ രാഷ്ട്രീയ ബന്ധങ്ങളും സാമ്പത്തികാസ്പദമായിരിക്കെ ഈ തന്ത്രത്തെ ക്യൂബ എങ്ങനെ സമീപിക്കുമെന്നതാണ് ലോകത്തിന് മുന്നിലെ നിര്‍ണായകമായ ചോദ്യം. കാരണം ക്യൂബ വെറുമൊരു രാഷ്ട്രമല്ല. അത് ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണ്.

റഷ്യയിലും സിറിയയിലും
വൈരുധ്യം

റഷ്യയോടുള്ള ട്രംപിന്റെ സമീപനവും ബിസിനസ്സിന്റെ തുടര്‍ച്ചയാണ്. റഷ്യയില്‍ അദ്ദേഹത്തിന് നിരവധി റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുണ്ട്. വ്‌ളാദമീര്‍ പുടിനുമായി നല്ല സൗഹൃദവും. (ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും) ട്രംപിന്റെ ഭരണകാലത്ത് റഷ്യയുമായി അപകടകരമായ രാഷ്ട്രീയ, സൈനിക ബാന്ധവത്തിന് സാധ്യതയേറെയാണ്. വിജയശ്രീലാളിതനായ ട്രംപ് ആദ്യം ഫോണില്‍ സംസാരിച്ചത് പുടിനോടാണ്. ബരാക് ഒബാമ തുടര്‍ന്ന റഷ്യന്‍ നയം തൃപ്തികരമായിരുന്നില്ലെന്നും ഇരു രാജ്യങ്ങളും കൈകോര്‍ക്കേണ്ട ഘട്ടമാണിതെന്നും ചര്‍ച്ചക്ക് ശേഷം ട്രംപ് പറഞ്ഞു. ഈ അപൂര്‍വ സൗഹൃദത്തിന്റെ ആദ്യ പ്രതിഫലനം കാണുക സിറിയയിലായിരിക്കും. അവിടെ ബശര്‍ അല്‍ അസദിനെ സംരക്ഷിക്കാനായിരിക്കും ഇരു രാജ്യങ്ങളും ശ്രമിക്കുക. പക്ഷേ, ഇറാന്റെ കാര്യത്തില്‍ എങ്ങനെയാണ് ഇവര്‍ സമവായത്തിലെത്തുകയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇറാനെ എന്നും പിന്തുണച്ചയാളാണ് പുടിന്‍. ഉക്രൈന്‍ അധിനിവേശത്തിന്റ പേരില്‍ റഷ്യക്കെതിരെ ചുമത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കും. മധ്യേഷ്യയില്‍ അടക്കം “ഈക്വല്‍ പാര്‍ട്ണര്‍ഷിപ്പി”ന് തുടക്കമാകും. നാറ്റോ സഖ്യം ക്ഷയിക്കും. നാറ്റോ സഖ്യം തകര്‍ക്കാന്‍ പുടിന്‍ ശ്രമിക്കുന്നുവെന്ന് വിശ്വസിക്കുന്ന മാറ്റിസും പുടിനെ ഇഷ്ട തോഴനായി കാണുന്ന ട്രംപും എങ്ങനെ ഒരുമിച്ച് പോകുമെന്ന് കണ്ടറിയേണ്ടതാണ്.

ആഗോള രാഷ്ട്രീയത്തില്‍ അധികാര സന്തുലനത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിയെന്ന വലിയ ഗുണമുണ്ടായിരുന്നു ശീതസമരത്തിന്. ഈ സാധ്യതയാണ് പുതിയ കൂട്ടുകെട്ടോടെ ഇല്ലാതാകുന്നത്. ചൈനയോട് കൂടി ഇത്തരമൊരു സമീപനത്തിന് ട്രംപ് മുതിര്‍ന്നാല്‍ പിടിച്ചു കെട്ടാനാരുമില്ലാത്ത അശ്വമേധമായി സാമ്രാജ്യത്വം മാറും. പിന്നെ കാള്‍ മാര്‍ക്‌സ് പ്രവചിച്ച ആഭ്യന്തര വൈരുധ്യങ്ങളില്‍ മാത്രമേ പ്രതീക്ഷയര്‍പ്പിക്കാനാകൂ. ഇറാനോടുള്ള സമീപനത്തിലാകും ട്രംപിസം ആന്റി ക്ലൈമാക്‌സ് സൃഷ്ടിക്കുക. ശിയാ രാഷ്ട്രവുമായി ഒബാമ ഒപ്പുവെച്ച ആണവ കരാറിനോട്് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശക്തമായ വിയോജിപ്പുണ്ട്. ജെയിംസ് മാറ്റിസും ഇതേ നിലപാട് പ്രഖ്യാപിച്ചയാളാണ്. ഇറാന്‍ ഇത് മുന്‍കൂട്ടി കണ്ടുവെന്ന് വേണം മനസ്സിലാക്കാന്‍. സിറിയയിലും ഇറാഖിലും സ്ഥിരം സൈനിക താവളം സ്ഥാപിക്കുമെന്നും ഇസില്‍വിരുദ്ധ ദൗത്യം ശക്തമാക്കുമെന്നും ഇറാന്‍ സൈനിക മേധാവി പ്രഖ്യാപിച്ചത് ഇതിന്റെ തെളിവാണ്. ഇറാനോടുള്ള പുതിയ സമീപനത്തിലൂടെ ട്രംപ് സഊദിയെക്കൂടി ലക്ഷ്യമിടുന്നുണ്ട്. സഊദിയുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുകയാകും നയം. സാമ്പത്തികമായും തന്ത്രപരമായും അതാണ് നല്ലതെന്ന് അദ്ദേഹം കരുതുന്നു. തുര്‍ക്കിക്കും ഈജിപ്തിനും വലിയ ഇരിപ്പിടങ്ങള്‍ കിട്ടുമെന്നും ഉറപ്പാണ്.

മാറ്റിസിന്റെ സാന്നിധ്യം സിറിയയില്‍ ആക്രമണം രൂക്ഷമാക്കും. ബശര്‍ അല്‍ അസദിനെ താഴെയിറക്കുകയെന്ന ഒബാമ ഭരണകൂടത്തിന്റെ ലക്ഷ്യം മാറ്റിസ് തള്ളിപ്പറഞ്ഞിട്ടില്ല. ഇസില്‍വിരുദ്ധ ആക്രമണം ഇപ്പോഴത്തെ നിലയില്‍ പോരെന്നേ അദ്ദേഹത്തിന് ആക്ഷേപമുള്ളൂ. എന്നാല്‍ റഷ്യയുമായുള്ള കൂട്ടുകെട്ടിന്റെ വെളിച്ചത്തില്‍ ട്രംപിന് ചില വീണ്ടു വിചാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബശര്‍ തുടരട്ടെയെന്ന നിലപാടില്‍ അദ്ദേഹം എത്തിച്ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. മാറ്റിസുമായുള്ള ഈ വൈരുധ്യത്തില്‍ ട്രംപ് തീര്‍പ്പിലെത്തുക റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട് കൂടി നോക്കിയാകും. ട്രംപ് അദ്ദേഹത്തിന്റെ തീവ്ര നിലപാടുകള്‍ പലതും മയപ്പെടുത്തി പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ട്രംപിസം അമേരിക്കയില്‍ വിതച്ച വിഷ വിത്തുകള്‍ മുളപൊട്ടിക്കഴിഞ്ഞിരിക്കുന്നു. അത്ര എളുപ്പത്തില്‍ അത് പിഴുതെറിയാനാകില്ല. വംശീയ, വര്‍ഗീയ ആക്രമണങ്ങള്‍ തടയാന്‍ ഒരു സുരക്ഷാ സംവിധാനത്തിനും കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. രാജ്യത്തെ മുഴുവന്‍ മുസ്‌ലിം പള്ളികളിലും എത്തിയ ഭീഷണി സന്ദേശം ഇതിന്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി നരേന്ദ്ര മോദി എത്ര മനോഹരമായി പ്രസംഗിക്കാറുണ്ട്. എന്നിട്ട് അതിക്രമങ്ങള്‍ക്കും അന്യവത്കരണങ്ങള്‍ക്കും വല്ല ശമനവുമുണ്ടോ?

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest