Connect with us

Ongoing News

പോരാട്ടം എറണാകുളവും പാലക്കാടും തമ്മില്‍

Published

|

Last Updated

സര്‍വകലാശാല ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രാര്‍ഥനയില്‍

സര്‍വകലാശാല ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രാര്‍ഥനയില്‍

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വര്‍ഷങ്ങളായി ശക്തമായ പോരാട്ടം നടക്കുന്നത് എറണാകുളവും പാലക്കാടും തമ്മിലാണ്. തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ് എറണാകുളം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് മലപ്പുറത്തെത്തിയിരിക്കുന്നത്. കോതമംഗലം മാര്‍ബേസില്‍, സെന്റ് ജോര്‍ജ്, മാതിരപ്പള്ളി സ്‌കൂളുകളുടെ കരുത്താണ് എറണാകുളം ജില്ലയുടെ മുഴുവന്‍ പ്രതീക്ഷയും. നിലവിലെ ചാമ്പ്യന്‍ സ്‌കൂളായ കോതമംഗലം മാര്‍ബേസില്‍ ഇത്തവണയും കിരീടം നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്. അനുമോള്‍ തമ്പി, ബിബിന്‍ ജോര്‍ജ് തുടങ്ങിയ വമ്പന്‍ താരങ്ങളുമായാണ് ഷിബി ടീച്ചറുടെ നേതൃത്വത്തില്‍ മാര്‍ബേസില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം 91 പോയിന്റുമായാണ് മാര്‍ബേസില്‍ കിരീടം നേടിയത്. 52 അംഗ സംഘവുമായാണ് ഇത്തവണ ഷിബി ടീച്ചര്‍ സ്‌കൂള്‍ മീറ്റിനെത്തുന്നത്. കഴിഞ്ഞ തവണ ആറാമതായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് എച്ച് എസ് എസിനും കരുത്ത് വീണ്ടെടുക്കേണ്ടതുണ്ട്. കഴിഞ്ഞ തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജുപോളിനും കൂട്ടര്‍ക്കും തങ്ങളുടെ അപ്രമാദിത്വം വീണ്ടെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇത്തവണ. സെന്റ് ജോര്‍ജ് 33 താരങ്ങളുമായാണ് എത്തിയിട്ടുള്ളത്. 16 പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തായ പാലക്കാട് ഇത്തവണ വന്‍ അട്ടിമറി പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. പറളി, കല്ലടി, മുണ്ടൂര്‍ സ്‌കൂളുകളുടെ വമ്പിലാണ് പാലക്കാടിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിനാണ് പറളിക്ക് ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം നഷ്ടമായത്. പി ജി മനോജിന്റെ ശിക്ഷണത്തില്‍ 28 കുട്ടികള്‍ പറളി നിരയിലുണ്ട്. സ്‌കൂള്‍ മീറ്റില്‍ വെള്ളി നേടിയ പി എന്‍ അജിത്തും തുടര്‍ച്ചയായ ആറാം സ്വര്‍ണം തേടുന്ന ഇ നിഷയുമാണ് പറളിയുടെ സൂപ്പര്‍ താരങ്ങള്‍. കല്ലടി 38ഉം മുണ്ടൂര്‍ 24ഉം അത്‌ലറ്റുകളുമായി ട്രാക്കിലിറങ്ങും. സി ബബിത, നിവ്യ ആന്റണി തുടങ്ങിയ താരങ്ങള്‍ കല്ലടിയുടെ ഉറച്ചപ്രതീക്ഷകളാണ്. കഴിഞ്ഞ തവണ മൂന്നാമതായിരുന്ന കോഴിക്കാടിനായി ഉഷ സ്‌കൂളിലെ രാജ്യാന്തര താരം അബിത മേരി മാനുവല്‍ അടക്കം എട്ട് പേരുണ്ട്.
കഴിഞ്ഞ വര്‍ഷം പിറന്നത്
21 മീറ്റ് റെക്കോര്‍ഡുകള്‍
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലേക്ക് ഇന്ന് കായിക പ്രതിഭകളെത്തുന്നത് റെക്കോര്‍ഡോടെ സുവര്‍ണ നേട്ടം സ്വന്തമാക്കുക എന്നതോടൊപ്പം മീറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കുക എന്ന സ്വപ്‌നം കൂടി മനസില്‍ താലോലിച്ചാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പിറന്നത് 21 റെക്കോര്‍ഡുകളായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് നേട്ടം പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. 16 റെക്കോര്‍ഡുകള്‍ പെണ്‍താരങ്ങള്‍ മറികടന്നപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അഞ്ച് റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കാനേ കഴിഞ്ഞുള്ളു. പൂവമ്പായി എ എം എച്ച് എസിലെ ജിസ്‌ന മാത്യു ട്രിപ്പിള്‍ റെക്കോര്‍ഡിട്ട് മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറി.

Latest