‘ഭ്രാന്തന്‍ നായ’ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയാകും

Posted on: December 3, 2016 9:19 am | Last updated: December 3, 2016 at 10:21 am
ഡൊണാള്‍ഡ് ട്രംപും ജെയിംസ് മാറ്റിസും  (ഫയല്‍)
ഡൊണാള്‍ഡ് ട്രംപും ജെയിംസ് മാറ്റിസും
(ഫയല്‍)

വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും അഫ്ഗാനിലേക്കും അമേരിക്ക നടത്തിയ കടന്നുകയറ്റത്തിന്റെയും സൈനിക ആക്രമണങ്ങളുടെയും മുന്‍പന്തിയിലുണ്ടായിരുന്ന മുന്‍ നാവിക സേനാ മേധാവി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിരോധ സെക്രട്ടറിയാകും. ഭ്രാന്തന്‍ നായ എന്ന അര്‍ഥം വരുന്ന ‘മാഡ് ഡോഗ്’ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ജെയിംസ് മാറ്റിസ് ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ യു എസ് സൈന്യത്തെ നയിച്ചിട്ടുണ്ട്. ആക്രമണങ്ങളോടും കലാപങ്ങളോടും ആര്‍ത്തിയുള്ളയാണെന്ന രീതിയിലാണ് മാറ്റിസ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള നിരവധി പ്രസ്താവനകള്‍ ഇറാഖ്, അഫ്ഗാന്‍ അധിനിവേശത്തെ കുറിച്ച് അദ്ദേഹം നടത്തിയിട്ടുമുണ്ട്. അടിയന്തര നിയമ ഭേദഗതികള്‍ക്ക് ശേഷം മാത്രമെ മാറ്റിന് ചുമതലയേല്‍ക്കാന്‍ പറ്റുകയുള്ളു.

മാറ്റിസിനെ പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലപ്പെടുത്താന്‍ പോകുന്നുവെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയതോടെ മാറ്റിസിന്റെ വിളിപ്പേര് കൂടുതല്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി കിന്‍സിനാറ്റിയില്‍ നടന്ന റാലിക്കിടെയാണ് ട്രംപ് ‘മാഡ് ഡോഗി’ന്റെ കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം, കുടിയേറ്റ, മനുഷ്യത്വവിരുദ്ധ നിലപാടുകള്‍ക്ക് യോജിക്കുന്നവരെയാണ് പുതിയ യു എസ് സര്‍ക്കാറിന്റെ സുപ്രധാന സ്ഥാനത്തേക്ക് തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ ട്രംപ് നിര്‍ദേശിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് മാറ്റിസിന്റെ നിയമന വാര്‍ത്ത.
‘ചില മനുഷ്യരെ വെടിവെക്കാന്‍ നല്ല രസമാണെന്ന’ വിവാദ പരാമര്‍ശം നടത്തിയിരുന്ന മാറ്റിസ് ഇറാനുമായുള്ള ആണവകരാറിനെതിരെ രൂക്ഷമായ വിര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രകോപനപരവും വര്‍ഗീയതയും നിറഞ്ഞ വാക്കുകളാണ് മാറ്റിസിനെ ‘ഭ്രാന്തന്‍ നായ’ എന്ന പേരിന് അര്‍ഹനാക്കിയത്.

1991ലെ ഇറാഖ് യുദ്ധത്തില്‍ കുവൈത്തിലേക്ക് സൈനിക സംഘത്തെ നയിച്ചാണ് മാറ്റിസ് തന്റെ അതിക്രമങ്ങള്‍ നിറഞ്ഞ സൈനിക ജീവിതം തുടങ്ങുന്നത്. പിന്നീട് 2001ല്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെയും 2003ലെ ഇറാഖിലെയും അധിനിവേശങ്ങള്‍ക്ക് മുന്‍പന്തിയില്‍ മാറ്റിസ് ഉണ്ടായിരുന്നു. പിന്നീട് 2010- 2013 കാലഘട്ടത്തില്‍ പശ്ചിമേഷ്യ, ദക്ഷിണേഷ്യ മേഖലയിലെ യു എസ് സൈനിക ഓപറേഷന്‍ നിയന്ത്രിക്കുന്ന പ്രത്യേക സൈനിക മേധാവിയായി പ്രവര്‍ത്തിച്ചു.
ട്രംപ് ഭരണകൂടത്തിലെ പ്രതിരോധ സെക്രട്ടറിയായുള്ള മാറ്റിസിന്റെ വരവ് ലോകം ഭീതിയോടെയാണ് കാണുന്നത്. ട്രംപിന്റെ വര്‍ഗീയ ആശയങ്ങള്‍ മാറ്റിസിലൂടെ പ്രാവര്‍ത്തികമാക്കാന്‍ പ്രയാസങ്ങളൊന്നുമുണ്ടാകില്ല. സിറിയയടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം അധിനിവേശം നടത്തിയേക്കുമെന്ന ഭീതിക്ക് കരുത്തേകുന്നതാണ് മാറ്റിസിന്റെ വരവ്. റഷ്യയുമായി സഹകരിച്ച് നീങ്ങാന്‍ അമേരിക്ക തീരുമാനിച്ചതും ലോകത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.