Connect with us

Kerala

എല്ലാ സ്‌കൂളിലും കായിക അധ്യാപകര്‍; ഇനി മുറ തെറ്റാതെ കായികപരീക്ഷയും

Published

|

Last Updated

കണ്ണൂര്‍: സമകാലിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആരോഗ്യ–കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി എല്ലാവിദ്യാലയങ്ങളിലും കായിക പഠനം കാര്യക്ഷമമാക്കുന്നു.കായികാധ്യാപകരില്ലാത്ത സംസ്ഥാനത്തെ നാല്‍പത് ശതമാനത്തോളം സ്‌കൂളുകളില്‍ ഇതിന്റെ ഭാഗ മായി ഈ മാസാവസാനം മുതല്‍ കായിക അധ്യാപകരെ നിയമിക്കാനും അര്‍ധവാര്‍ഷിക പരീക്ഷക്കൊപ്പം കായിവിദ്യാഭ്യാസ പരീക്ഷ നടത്താനും തീരുമാനമായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസൂത്രണം ചെയ്ത കായിക പരിശീലനപദ്ധതിയാണ് വിദ്യാലയങ്ങളിലൂടെ കാര്യക്ഷമമായി നടത്തുക. കളിയിലൂടെ കായിക ക്ഷമത എന്ന ആശയത്തിലൂന്നി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതിയാണ് ഇനി കൃത്യതയോടെ നടപ്പാക്കുക. ഈ അധ്യയന വര്‍ഷാരംഭത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പദ്ധതി അഞ്ച് മാസത്തിനുശേഷമാണ് എല്ലാ ന്യൂനതകളും പരിഹരിച്ച് നടപ്പാക്കുന്നത്. കായിക അധ്യാപകരില്ലാത്ത രണ്ടായിരത്തിലധികം സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസം പഠിപ്പിക്കാന്‍ ആളില്ലാത്തതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട കായികവിദ്യാഭ്യാസ പരീക്ഷ ഡിസംബറിലെ അര്‍ധവാര്‍ഷിക പരീക്ഷക്കൊപ്പം നടത്താനും തീരുമാനമുണ്ട്. അതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

നൂറ് കുട്ടികള്‍ക്ക് മേലെയുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഡിസംബറോടു കൂടി കായിക അധ്യാപകരെ നിയമിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി പി ദാസന്‍ പറഞ്ഞു. താല്‍ക്കാലികാടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ അധ്യാപകരെ നിയമിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നൂറ് കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളെ മറ്റു സ്‌കൂളുകളുമായി കൂട്ടിയോജിപ്പിച്ച് ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. ആഴ്ചയില്‍ രണ്ട് പിരീഡ് കായിക വിദ്യാഭ്യാസത്തിനായി മാറ്റിവച്ചിട്ടുണ്ട്. പഠനവും പ്രായോഗിക പരിശീലനവുമായാണ് ക്ലാസ് നടത്തുന്നത്.എല്ലാതരം കായിക വിനോദങ്ങളും കുട്ടികളെ പരിശീലിപ്പിക്കും. ഇതിനാവശ്യമായ ഉപകരണങ്ങള്‍ അതത് സ്‌കൂളുകളാണ് തയ്യാറാക്കുന്നത്. ഹൃദയശ്വസനവ്യവസ്ഥയും കായിക പ്രവര്‍ത്തനവും കളികളിലൂടെ സമ്മര്‍ദ്ദം അതിജീവിക്കാം, ആരോഗ്യശീലങ്ങള്‍, ആരോഗ്യകരമായ ജീവിതശൈലി, പോഷകം കായിക മികവിന് എന്നീ വിഷയങ്ങളെല്ലാമാണ് ഇപ്പോള്‍കായിക പാഠ്യവിഷയമാക്കിയിട്ടുള്ളത്.

ാഠ്യപദ്ധതിക്ക് ആറ് വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയതാണെങ്കിലും എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകങ്ങളും അധ്യാപകര്‍ക്കു കൈപ്പുസ്തകവും നല്‍കിയതു കഴിഞ്ഞവര്‍ഷമായിരുന്നു. ഈ വര്‍ഷം പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകങ്ങള്‍ വിതരണം ചെയ്‌തെങ്കിലും പരീക്ഷ വന്നപ്പോള്‍ കായികത്തെ സര്‍ക്കാര്‍ കൈവിട്ടിരുന്നു. എന്നാല്‍ ഇത്തവണ അര്‍ധവാര്‍ഷിക പരീക്ഷക്കൊപ്പം കായികപരീക്ഷ നടത്താനാണ് തീരുമാനം.ഇതിന് പ്രത്യേക മാര്‍ക്കുമുണ്ടാകും.അതേസമയം സംസ്ഥാനത്തെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 86% പേരും കായികക്ഷമത കുറഞ്ഞവരാണെന്ന് നേരത്തെ പുറത്തിറങ്ങിയ ചില പഠനങ്ങള്‍ പറയുന്നുണ്ട്. ക്ഷമതയുള്ള 14% പേരില്‍ത്തന്നെ കേവലം 3.93 ശതമാനത്തിനു മാത്രമാണ് അത്‌ലറ്റുകള്‍ക്കാവശ്യമുള്ള ആരോഗ്യനിലയുള്ളത്.ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ പ്രായക്കാര്‍ക്കും ഉണ്ടായിരിക്കേണ്ട ഭാരത്തേക്കാളും ഭാരം കുറഞ്ഞവരാണ് നമ്മുടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest