നവാസ് ശരീഫിനെ വാനോളം പുകഴ്ത്തി ട്രംപ്

Posted on: December 2, 2016 6:11 am | Last updated: December 2, 2016 at 10:13 am

donald-trumpഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ വാനോളം പുകഴ്ത്തി നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശരീഫ് അസാധ്യ വ്യക്തിയാണെന്നും അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ദീര്‍ഘകാലമായി പരിചയമുള്ള ഒരാളോട് സംസാരിക്കുമ്പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ അഭിനന്ദിക്കാനായി കഴിഞ്ഞ ദിവസം ടെലിഫോണില്‍ വിളിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് നവാസ് ശരീഫിന്റെ ഓഫീസ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

താങ്കള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഏതൊരാള്‍ക്കും കാണാവുന്നതാണ്. ഏത് പ്രശ്‌നം പരിഹരിക്കാനും എനിക്ക് സാധിക്കുന്ന സംഭാവന ചെയ്യാന്‍ തയ്യാറാണ്. താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കാം. താങ്കളെ കാണാന്‍ അതിയായ താത്പര്യമുണ്ട്’ – ട്രംപ് പറഞ്ഞു.
പാക്കിസ്ഥാന്‍ അത്ഭുതകരമായ രാജ്യമാണെന്നും പാക് ജനത ബുദ്ധിമാന്‍മാരാണെന്നും ട്രംപ് പറയുന്നു. ഭീകരവാദം അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ട്രംപുമായി ചര്‍ച്ച നടത്തിയെന്നും ശരീഫിന്റെ ഓപീസ് അറിയിച്ചിട്ടുണ്ട്. ട്രംപിനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സന്തോഷപൂര്‍വം അദ്ദേഹം ക്ഷണം സ്വീകരിച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നരേന്ദ്ര മോദിയെയും ട്രംപ് പ്രശംസിച്ചിരുന്നു. ഫലം അറിഞ്ഞയുടന്‍ തന്നെ മോദി അദ്ദേഹത്തെ വിളിച്ചിരുന്നു.