വരള്‍ച്ച: നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ജില്ലയിലെ ആദ്യ പി പി എഫ് എം മരുന്ന് പ്രയോഗം അങ്ങാടിപ്പുറത്ത്

Posted on: December 1, 2016 12:25 pm | Last updated: December 1, 2016 at 12:25 pm

pmna-angadipuram-news-picപെരിന്തല്‍മണ്ണ: മതിയായ വേനല്‍ മഴ ലഭിക്കാത്തതിനെത്തുടര്‍ന്ന് വരള്‍ച്ച നേരിടുന്ന നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പി പി എം എം മരുന്ന് ജില്ലയില്‍ ആദ്യമായി അങ്ങാടിപ്പുറത്ത് പരീക്ഷിച്ചു.
അങ്ങാടിപ്പുറം കൃഷി ഭവന് കീഴിലുള്ള വയലുകളിലാണ് മരുന്ന് പ്രയോഗിച്ചത്.

വയലുകളില്‍ വരള്‍ച്ചാ പ്രതിരോധത്തിനായി നെല്ലുകള്‍ക്ക് ഉപയോഗിക്കുന്ന ഈ ലായനി ഈ വര്‍ഷമാദ്യമായാണ് ഇവിടെയെത്തുന്നത്. ഒരേക്കര്‍ പാടത്ത് 200 എം ല്‍. പി പി എഫ് എം 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി നെല്‍വയലുകളില്‍ സ്‌പ്രേ ചെയ്യുകയാണ് വേണ്ടത്.
കേരള സര്‍ക്കാരിന്റെ ആത്മപദ്ധതിയില്‍പ്പെടുത്തിയാണ് മരുന്ന് നല്‍കുന്നത്.

ഒരു പ്രാവശ്യത്തെ മരുന്ന് പ്രയോഗത്തിലൂടെ വെള്ളമില്ലാതെ 21 ദിവസത്തോളം ഇതിന്റെ ഫലം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കൊല്ലം അങ്ങാടിപ്പുറം പഞ്ചായത്തില്‍ 150 ഹെക്ടറോളം സ്ഥലത്ത് കൃഷിയിറക്കി.
ഇതില്‍ തരിശ് ആയി കിടന്ന 75 ഏക്കറോളം സ്ഥലത്ത് അങ്ങാടിപ്പുറം കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ കൂട്ടായ്മകളുമായി ചേര്‍ന്ന് കൃഷി ഇറക്കുകയായിരുന്നു. ഇവര്‍ക്കെല്ലാം തന്നെ ഈ മരുന് പ്രയോഗം ആശ്വാസകരമാവുമെന്ന പ്രതീക്ഷയിലാണ്.
കൃഷി ഓഫീസര്‍ സുരേഷ്, അസി. പി ജയാനന്ദന്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കിടയില്‍ ഉപദേശങ്ങളുമായി രംഗത്തുണ്ട്.