Connect with us

Malappuram

ബേങ്കുകളില്‍ കറന്‍സി ക്ഷാമം രൂക്ഷം

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ബേങ്കുകളിലും കറന്‍സി ക്ഷാമം രൂക്ഷം. ഇക്കാരണത്താല്‍ ബേങ്കില്‍ നിന്ന് പണമെടുക്കാന്‍ എത്തുന്നവര്‍ നിരാശയോടെ മടങ്ങി പോകേണ്ട സ്ഥിതി മിക്ക ബേങ്കുകളില്‍ അനുഭവപ്പെട്ടു. ഒരാഴ്ചയില്‍ അക്കൗണ്ട് ഉടമക്ക് 24000 രൂപാ ചെക്ക് വഴി പിന്‍വലിക്കാമെങ്കിലും ഒന്നിച്ച് ഒരു തവണ മാത്രമായി തുക പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കറന്‍സി ക്ഷാമം മൂലം നേരിടുന്നത്.
മിക്ക ബേങ്കുകളും നിലവിലെ ബേങ്കിലെ വിനിമയത്തിനുള്ള പണത്തിന് അനുസരിച്ച് നിശ്ചിത തുക മാത്രമേ ഒരു തവണ ചെക്ക് വഴി ഇടപാടുകാരന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ അവസരം നല്‍കുന്നുള്ളു. ബാക്കി വരുന്ന തുക അടുത്ത ദിവസത്തില്‍ വന്ന് ചെക്ക് വഴി കൈപ്പറ്റേണ്ട നിലയാണ് നോട്ട് ക്ഷാമം വരുത്തി വെച്ചത്. ഇക്കാരണത്താല്‍ അടിയന്തിരമായി വീടു പണി നടക്കേണ്ടവര്‍ക്കും കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്ക് തുക തികയാതെ വരുകയും രണ്ടില്‍ കൂടുതല്‍ തവണ ബേങ്കുകളില്‍ പണം പിന്‍വലിച്ച് ആവശ്യം നിറവേറ്റേണ്ടി വരുകയാണ് അക്കൗണ്ട് ഉടമകള്‍ക്ക്.

ഇന്നലെ എസ് ബി ടി മലപ്പുറം ശാഖയില്‍ വിതരണത്തിന് വേണ്ട വിധമുള്ള നോട്ടില്ലാത്തത് കാരണം ചെക്ക് വഴി 4000 രൂപയാണ് ഇടപാടുകാര്‍ക്ക് ഒറ്റ തവണ നല്‍കിയത്. മലപ്പുറത്തെ തന്നെ കേരള ഗ്രാമീണ്‍ ബേങ്കില്‍ ചെക്ക് വഴി 8500 രൂപാ വീതവും പണമായി ഇടപാടുകാരിലെത്തി. പണത്തിന്റെ ലഭ്യത അനുസരിച്ച് മാത്രമേ ആവശ്യക്കാരന് വിതരണം ചെയ്യാന്‍ സാധിക്കുവെന്നാണ് ബേങ്ക് അധികൃതരുടെ വിശദീകരണം. ഇത് കാരണം ബേങ്കുകളില്‍ ഇടപാടുകാരും ബേങ്ക് ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് സ്ഥിര സംഭവമായിരിക്കുകയാണ്. കൂടാതെ ബേങ്കുകളില്‍ ആവശ്യമായ പണമില്ലാത്തതിനാല്‍ ജില്ലയിലെ മിക്ക എ ടി എമ്മുകളും അടഞ്ഞ് കിടക്കുകയാണ്.
ബേങ്കുകള്‍ നേരിട്ട് പണം നിറക്കുന്ന എ ടി എമ്മുകളില്‍ പോലും സ്ഥിതി പരിതാപകരമായിരുന്നു. കഴിഞ്ഞ ദിവസം എസ് ബി ടി ശാഖയുടെ 37 എ ടി എമ്മുകളായിരുന്നു പണമില്ലാത്തതിന്റെ പേരില്‍ അടച്ചിട്ടത്. ഈ അവസ്ഥാ വിശേഷത്തിന് ഇന്നലെയും മാറ്റമുണ്ടായില്ല. കുന്നുമ്മലില്‍ എസ് ബി ടി ശാഖയുടെ നിയന്ത്രണത്തിലുള്ള എ ടി എം പണമില്ലാത്തതിനെ തുടര്‍ന്ന് നോട്ടിനായി എത്തിയവര്‍ നിരാശരായി. കേരളാ ഗ്രാമീണ്‍ ബേങ്കിലെ എ ടി എമ്മിലും ഇന്നലെ പണമെത്തിയില്ല. ഇന്ന് മുതല്‍ ജീവനക്കാര്‍ക്കും മറ്റുമായി ശമ്പളമായി പണം കൈമാറാന്‍ വേണ്ടിയാണ് എ ടി എമ്മില്‍ പണം നിറക്കാതെ മാറ്റി വെച്ചതെന്നാണ് സൂചന. എന്നാല്‍ ജില്ലയിലെ ചില സ്വകാര്യ ബേങ്കുകളിലെ എ ടി എമ്മുകളില്‍ പണമെത്തിച്ചത് സാധാരണക്കാരന് ആശ്വാസമായി.
എന്നാല്‍ പണം എടുക്കുന്നതിനായി നീണ്ട വരിയില്‍ മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടത് ഇടപാടുകാര്‍ക്ക് ദുരിതമായി. നഗരത്തിലെ എസ് ബേങ്ക്, ഫെഡറല്‍, ഐ സി ഐ സി ഐ എന്നിവയാണ് എ ടി എമ്മുകളില്‍ പണമെത്തിച്ചത്. ഞായറാഴ്ചത്തെ അവധിയും ഹര്‍ത്താലും കാരണം കഴിഞ്ഞ ദിവസം അനുഭവപ്പെട്ട തിരക്കിന് സമാനമായിരുന്നു ഇന്നലെയും.

എല്ലാ ബേങ്കുകളിലും ഇടപാടുകാരുടെ വലിയ നിര തന്നെയുണ്ടായിരുന്നു. ചില്ലറ ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ ആര്‍ ബി ഐ പുറത്തിറക്കിയ 500 രൂപാ നോട്ട് ജില്ലയില്‍ കൂടുതല്‍ എത്താത്തത് ചില്ലറ ക്ഷാമ പ്രശ്‌നം പരിഹരിക്കാന്‍ പര്യാപ്തമായില്ല. ഒരു തവണ മാത്രമാണ് 500 രൂപാ നോട്ട് ജില്ലയില്‍ വിതരണത്തിനായി ആര്‍ ബി ഐ എത്തിച്ചത്. ബേങ്കുകളില്‍ നോട്ടില്ലാത്തതിനാല്‍ ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് കൃത്യമായ പണത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ജില്ലയിലെ പ്രവാസികള്‍ ആശങ്കയിലാണ്. ഇത് കാരണം ജില്ലയിലേക്കുള്ള പ്രവാസികളുടെ മടങ്ങി വരവ് പകുതിയായി കുറഞ്ഞിട്ടുണ്ട്.

Latest