പ്രാഥമിക സംഘങ്ങളിലും കെ വൈ സി

Posted on: November 30, 2016 11:52 pm | Last updated: December 1, 2016 at 10:23 am

kycതിരുവനന്തപുരം; നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി നേരിടാന്‍ ബദല്‍ പണ വിനിമയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പ്രാഥമിക സംഘങ്ങളിലും കെ വൈ സി (ഇടപാടുകാരനെ അറിയല്‍) നിര്‍ബന്ധമാക്കും.

സഹകരണ ബേങ്കുകളെ ബന്ധിപ്പിച്ച് കോര്‍ ബേങ്കിംഗ് ഏര്‍പ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന, ജില്ലാ സഹകരണ ബേങ്ക് പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. കെ വൈ സി, ആദായ നികുതി നിബന്ധനകള്‍ പ്രാഥമിക സഹകരണ ബേങ്കുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. കെ വൈ സി നിബന്ധന പ്രാഥമിക ബേങ്കുകള്‍ പാലിക്കുന്നില്ല എന്ന ആക്ഷേപത്തിന് അറുതിവരുത്താനാണിത്.

പ്രാഥമിക സഹകരണ ബേങ്കുകളിലും ജില്ലാ സഹകരണ ബേങ്കുകളിലുമാണ് പണ വിനിമയ പദ്ധതി നടപ്പാക്കുക. മിറര്‍ അക്കൗണ്ട് സമ്പ്രദായമാണ് പ്രധാനമായി ആവിഷ്‌കരിക്കുന്ന ഒരു മാര്‍ഗം. ഇതനുസരിച്ച് പ്രാഥമിക സഹകരണസംഘങ്ങളില്‍ അക്കൗണ്ടുള്ളവര്‍ ജില്ലാ സഹകരണ ബേങ്കില്‍ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങണം. ഈ അക്കൗണ്ട് വഴി പ്രാഥമിക സംഘങ്ങളിലെ ഇടപാടുകാരുടെ നിക്ഷേപവും വായ്പാ തുകയും പിന്‍വലിക്കാമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള ചില പണം വിനിമയ പദ്ധതികളും പരിശോധിക്കും. എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെയും ജില്ലാ, സംസ്ഥാന സഹകരണ ബേങ്കുകളെയും ഉള്‍പ്പെടുത്തി മാര്‍ച്ച് 31നകം കോര്‍ ബാങ്കിംഗ് സമ്പ്രദായം ആരംഭിക്കും. ഇതിനായി ഏകീകൃത സോഫ്റ്റ്‌വെയറിന്റെ സാധ്യത പരിശോധിക്കും. ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സാങ്കേതിക സമിതിയോട് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു.