അവര്‍ മറഞ്ഞു, ഒരു നാട് അനാഥം

Posted on: November 30, 2016 7:19 am | Last updated: November 30, 2016 at 12:24 am

ബൊളിവിയയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഒരു വിമാനം കൊളംബിയയിലേക്കുള്ള യാത്രയില്‍ ആകാശത്ത് വെച്ച് കത്തിയമര്‍ന്നു. ഞെട്ടേണ്ടതില്ല, വിമാന ദുരന്തങ്ങള്‍ ആദ്യ സംഭവമല്ലല്ലോ. ആ വിമാനത്തില്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുഴുവന്‍ കളിക്കാരും കോച്ചിംഗ് സ്റ്റാഫുകളും ഫിസിയോ ഉള്‍പ്പടെയുള്ള പ്രതിനിധികളും ഉണ്ടായിരുന്നു ! ഞെട്ടണം, ഒരു ക്ലബ്ബ് എന്ന് പറയുന്നത് ഒരു നാടിന്റെ ആത്മാംശമാണ്. ഒരു നാടിന്റെ ആവേശമാണ് ; വികാരമാണ് ; അഹങ്കാരമാണ് ; സ്വപ്‌നമാണ്…

ഡാനിലോയും അലന്‍ റുഷേലും വിമാനത്തില്‍ നിന്നെടുത്ത സെല്‍ഫി, റുഷേല്‍ അത്യാസന്ന നിലയിലാണ്‌
ഡാനിലോയും അലന്‍ റുഷേലും വിമാനത്തില്‍ നിന്നെടുത്ത സെല്‍ഫി, റുഷേല്‍ അത്യാസന്ന നിലയിലാണ്‌

ഇനി പറയാം, മെഡെലിനിലെ ആകാശത്ത് വെച്ച് തീഗോളമായത് ബ്രസീലിലെ സാന്റ കതാറിന സംസ്ഥാനത്തെ ഷെപ്‌കൊയിന്‍സെ നഗരം തന്നെയാണ്. ഒരു ജനത തന്നെ അനാഥമായിരിക്കുന്നു. ആ നാട്ടില്‍ ഇപ്പോള്‍ ആരും തന്നെ ജീവിച്ചിരിപ്പില്ല ! ഉരുകിയ മനസ്സുമായി എല്ലാവരും മരിച്ചിരിക്കുന്നു, അല്ലെങ്കില്‍ മരിച്ചു കൊണ്ടിരിക്കുന്നു. ദുരന്തവാര്‍ത്ത അവരാരും പരസ്പരം പങ്കുവെച്ചിട്ടുണ്ടാകില്ല, ഉറപ്പ്. ക്ലബ്ബിനൊപ്പം കൊളംബിയയിലേക്ക് പോകാതിരുന്ന കളിക്കാര്‍ ഡ്രസിംഗ് റൂമില്‍ ജീവച്ഛവമായിട്ടാണ് ഇരിക്കുന്നത്. ഒരു താരം ഫോണ്‍ ചെവിയില്‍ വെച്ചിട്ടുള്ളത് മാത്രമാണ് ആ ചിത്രത്തിലെ ആശ്വാസ കാഴ്ച. തന്റെ സഹതാരങ്ങളില്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചറിയുകയാവാം, അല്ലെങ്കില്‍ ഏതെങ്കിലും സഹതാരത്തിന്റെ കുടുംബംഗങ്ങള്‍ക്ക് ചെറിയൊരാശ്വാസം നല്‍കാന്‍ കള്ളം പറയുകയാണെങ്കിലോ, ഒന്നും സംഭവിച്ചിട്ടില്ലെന്ന പച്ചകള്ളം !!

ബ്രസീല്‍ ക്ലബ്ബ് ആസ്ഥാനത്ത് ദുരന്തവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ ഡ്രസിംഗ് റൂമില്‍ ക്ലബ്ബ് താരങ്ങള്‍
ബ്രസീല്‍ ക്ലബ്ബ് ആസ്ഥാനത്ത് ദുരന്തവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ ഡ്രസിംഗ് റൂമില്‍ ക്ലബ്ബ് താരങ്ങള്‍

ലോകം മുഴുവന്‍ ഈ ദുരന്തം ഞെട്ടലോടെ ഉള്‍ക്കൊള്ളുകയാണ്. ഇന്നലെ ഈ സംഭവത്തിന് ശേഷം കളിക്കാനിറങ്ങിയ വന്‍കരകളിലെ ടീമുകളെല്ലാം ഒരു മിനുട്ട് മൗനമാചരിച്ചു. ഐ എസ് എല്ലില്‍ കൊല്‍ക്കത്തയുടെയും കേരളബ്ലാസ്റ്റേഴ്‌സിന്റെയും കളിക്കാര്‍ കിക്കോഫിന് മുമ്പ് മാത്രമല്ല മൗനമാചരിച്ചത്. മഞ്ഞപ്പടക്കായി ഗോള്‍ നേടിയ സി കെ വിനീത് അറിയാതെ ആഹ്ലാദിച്ച് പോയെങ്കിലും പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചു. വേണ്ട, നമുക്ക് ആഘോഷം വേണ്ട എന്ന് വിനീത് സഹതാരങ്ങളെ വിലക്കിയതും എല്ലാവരും വട്ടം ചേര്‍ന്ന് നിന്ന് ആ ഗോള്‍ ഷെപ്‌കോയിന്‍സെ ക്ലബ്ബ് താരങ്ങള്‍ക്ക് സമര്‍പ്പിച്ചതും നമുക്ക് ഏറ്റവും അടുത്ത് നിന്നുള്ള ഒരു കാഴ്ചയായിരുന്നു. അതു പോലെ, ലോകഫുട്‌ബോളിലെ സകല മൂലകളിലും ആഘോഷങ്ങള്‍ മരവിച്ചിരുന്നു.

ഷെപ്‌കൊയിന്‍സെയുടെ സ്റ്റേഡിയം അരിന കോന്‍ഡ ക്ലബ്ബ് തുറന്നിട്ടിരിക്കുകയാണ്. ബ്രസീലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനം അവിടേക്ക് ഒഴുകിയെത്തുന്നു. ഫുട്‌ബോളിന് വേണ്ടി മരിക്കുന്ന ഒരു ജനത ആദ്യമായിട്ടാണ് ഒരു ക്ലബ്ബ് ഒറ്റ രാത്രികൊണ്ട് ചാമ്പലായിപ്പോകുന്ന ദുരന്തം അനുഭവിച്ചറിയുന്നത്. 1958 ല്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബ് ഒന്നടങ്കം മ്യൂണിക് വിമാന ദുരന്തത്തില്‍ അപ്രത്യക്ഷമായത് നാടോടിക്കഥയല്ലെന്ന് ഇനി ബ്രസീലുകാര്‍ വിശ്വസിച്ച് തുടങ്ങും !
ഫുട്‌ബോള്‍ മാത്രം ശ്വസിക്കുന്ന ഷെപ്‌കോയിന്‍സെക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച ശുദ്ധ വായുവായിരുന്നു എ സി എഫ് എന്ന ചുരുക്കപ്പേരില്‍ ബ്രസീലിയന്‍ ഫുട്‌ബോളില്‍ അറിയപ്പെടുന്ന ഷെപ്‌കൊയിന്‍സെ. 1973 ല്‍ രൂപം കൊണ്ട ഈ ക്ലബ്ബ് 2014 ലാണ് സീരി എ ഡിവിഷനിലെത്തിയത്. 2009 ല്‍ ഡി ഡിവിഷനിലും 2012 ല്‍ സി ഡിവിഷനിലും 2013 ല്‍ ബി ഡിവിഷനിലും കളിച്ച് മുന്നേറിയ ഷെപ്‌കോയിന്‍സെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നാം ഡിവിഷനില്‍ കളിക്കുന്നു. 2016 ല്‍ ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വലിയ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ കോപ സുഡാമേരിക്കാനയുടെ ഫൈനലില്‍ പ്രവേശിച്ചു. നാടോടിക്കഥകളില്‍ പോലും ഉണ്ടാകില്ല ഷെപ്‌കൊയിന്‍സെ നടത്തിയത് പോലൊരു അത്ഭുതക്കുതിപ്പ്. വളരെ കുറച്ച് കാലമായിട്ടേയുള്ളൂ ബ്രസീലിയന്‍ ഫുട്‌ബോളിലെ ഔന്നത്യങ്ങളിലേക്ക് അവര്‍ യാത്ര ആരംഭിച്ചിട്ട്. നടപ്പ് സീസണില്‍ ബ്രസീലിയന്‍ സീരി എയിലാണ് ഷാപ്‌കൊയിന്‍സെ കളിക്കുന്നത്. അതായത് രാജ്യത്തെ മുന്‍നിര ക്ലബ്ബുകളായ കൊറിന്ത്യന്‍സും സാവോപോളോയും സാന്റോസും ഫ്‌ളെമെംഗോയും പാല്‍മെറോസും എല്ലാം കളിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍.

ഷെപ്‌കൊയിന്‍സെ ക്ലബ്ബ് ക്യാപ്റ്റന്‍ ക്ലെബര്‍ സന്റാന ദുരന്തത്തില്‍പെടുന്നതിന് തൊട്ട് മുമ്പ്‌
ഷെപ്‌കൊയിന്‍സെ ക്ലബ്ബ് ക്യാപ്റ്റന്‍ ക്ലെബര്‍ സന്റാന ദുരന്തത്തില്‍പെടുന്നതിന് തൊട്ട് മുമ്പ്‌

മുപ്പത്തേഴ് മത്സരങ്ങളില്‍ പതിമൂന്ന് ജയവും പതിമൂന്ന് സമനിലകളുമായി 52 പോയിന്റെടുത്ത ചെപ്‌കോയിന്‍സെ ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ അത്ഭുതങ്ങള്‍ കാണിച്ചു തന്ന ലെസ്റ്റര്‍ സിറ്റിക്കും ജര്‍മനിയില്‍ ഇത്തവണ അപ്രതീക്ഷിത കുതിപ്പ് തുടരുന്ന ലൈപ്‌സിഷ് ക്ലബ്ബിനും ബ്രസീലില്‍ നിന്നുള്ള മറുപടിയാണ് ഷെപ്‌കോയിന്‍സെ. ചൂണ്ടിക്കാണിക്കുവാന്‍ സൂപ്പര്‍ താരങ്ങളാരും ഇല്ല. എന്നിട്ടും കോപ സുഡാമേരിക്കാന പോലൊരു വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. അവര്‍ ഒരു നാടിന്റെ സ്വപ്‌നസഞ്ചാരികളായി മാറുകയായിരുന്നു എന്ന് പറയാം.

കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷനലിനെ ഇന്ന് നടക്കേണ്ട ആദ്യ പാദ ഫൈനലില്‍ നേരിടാനാണ് ഷെപ്‌കൊയിന്‍സെ യാത്ര തിരിച്ചത്. 1973 ല്‍ രൂപം കൊണ്ടതിന് ശേഷം 1977 ല്‍ ആദ്യമായി സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ഷെപ്‌കൊയിന്‍സെ 1978 ല്‍ ആദ്യമായി ബ്രസീലിയന്‍ ഫസ്റ്റ് ഡിവിഷന്‍ ലീഗ് കളിച്ചു. നാല് തവണ സംസ്ഥാന ചാമ്പ്യന്‍മാരായ ക്ലബ്ബിന്റെ അവസാന കിരീടം 2011 ലായിരുന്നു.
പിറകോട്ട് നോക്കുമ്പോള്‍ വലിയ ചരിത്രമൊന്നും അവകാശപ്പെടാനില്ല ഒരു കുഞ്ഞന്‍ ക്ലബ്ബാണ് ഷെപ്‌കൊയിന്‍സെ. പക്ഷേ, കോപ സുഡാമേരിക്കാന ഉയര്‍ത്തിക്കൊണ്ട് അവര്‍ ചരിത്രമെഴുതാനൊരുങ്ങിയിരുന്നു. ബ്രസീലിയന്‍ സീരി എ ലീഗില്‍ പത്ത് ഗോളുകള്‍ നേടിയ ബ്രൂണോ റേഞ്ചലും ഒമ്പത് ഗോളുകള്‍ നേടിയ കെംപെസുമെല്ലാം വന്‍ പ്രതീക്ഷയാണ് നല്‍കിയത്.
വിമാനത്തില്‍ ഒരുമിച്ചിരുന്ന അലന്‍ റുഷേലും ഗോള്‍ കീപ്പര്‍ ഡാനിലോയും സെല്‍ഫിയെടുത്തു കൊണ്ട് പറഞ്ഞത് വലിയൊരു സ്വപ്‌നസാക്ഷാത്കാരത്തിനായി പോകുന്നുവെന്നാണ്.

ദുരന്ത വാര്‍ത്ത കേട്ടറിഞ്ഞ് ഷപ്‌കെയിന്‍സെ ക്ലബ്ബ് ആസ്ഥാനത്ത് തടിച്ച് കൂടിയവര്‍
ദുരന്ത വാര്‍ത്ത കേട്ടറിഞ്ഞ് ഷപ്‌കെയിന്‍സെ ക്ലബ്ബ് ആസ്ഥാനത്ത് തടിച്ച് കൂടിയവര്‍

ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ വാക്കുകളെ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതെ നിന്ന ക്ലബ്ബ് പ്രസിഡന്റ് ഇവാന്‍ ടോസൊ ഏറെ വൈകാരികമായി പറഞ്ഞു : എനിക്കിത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്, ഞാന്‍ ദൈവ വിശ്വാസിയാണ്. എന്റെ കുട്ടികള്‍ തിരിച്ചുവരും. ചരിത്രം സൃഷ്ടിക്കാന്‍ വേണ്ടിയാണ് അവര്‍ പോയിരിക്കുന്നത് – ടൊസോ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

അലന്‍ റുഷേല്‍ എന്ന ഇരുപത്തേഴുകാരന്‍ മാത്രമാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്ലബ്ബിന്റെ അവശേഷിക്കുന്ന താരം. പരുക്കുകളോടെ രക്ഷപ്പെട്ട ഗോള്‍ കീപ്പര്‍മാരായ ജാക്‌സന്‍ ഫോള്‍മാനും ഡാനിലോയും ഫിസിയോ തെറാപിസ്റ്റ് റാഫേല്‍ ഗൊബാറ്റോയും ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയെന്നറിയുന്നു. റുഷേല്‍ രക്ഷപ്പെടുമോ എന്നറിയില്ല.
കോപ സുഡാമേരിക്കാന ഫൈനലില്‍ ഇനി നടക്കില്ല. അത്‌ലറ്റിക്കോ നാഷനലിന്റെ എതിരാളികള്‍ ചരിത്രമായിരിക്കുന്നു. പക്ഷേ, കോപ സുഡാമേരിക്കാനക്ക് ഒരവകാശി വേണം. എതിരാളി കളിക്കാനെത്തിയില്ലെങ്കില്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ടീം ജേതാവാകുന്നതാണ് ഫുട്‌ബോളിലെ മര്യാദയും കീഴ്‌വഴക്കവും. കൊളംബിയന്‍ ടീം അത്‌ലറ്റിക്കോ നാഷനല്‍ ഫൈനല്‍ കളിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യില്ല. അവര്‍ ആ കിരീടം ഷെപ്‌കൊയിന്‍സെ ക്ലബ്ബിന് സമര്‍പ്പിക്കുവാന്‍ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചിരിക്കുന്നു.
ഷെപ്‌കൊയിന്‍സെയുടെ മഹാതാരങ്ങളെ നിങ്ങള്‍ മാത്രമാണ് ചാമ്പ്യന്‍മാര്‍. നിങ്ങള്‍ നടത്തിയ കുതിപ്പ് ഫുട്‌ബോള്‍ ഉള്ള കാലത്തോളം പ്രചരിക്കും.