Connect with us

Editorial

ഫൈസല്‍ വധം നല്‍കുന്ന മുന്നറിയിപ്പ്

Published

|

Last Updated

തിരൂരങ്ങാടി ഫൈസല്‍ വധം നല്‍കുന്ന സൂചനകള്‍ ആപത്കരമാണ്. ഹിന്ദുമതത്തില്‍ നിന്ന് മാറുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ മുന്നറിപ്പാണ് സംഘ്പരിവാര്‍ നല്‍കുന്നത്. മതം മാറ്റമാണ് വധത്തിന് കാരണമെന്നും ആര്‍ എസ് എസ് ആണ് കൊലപാതകം ആസൂത്രണം ചെയ്തു കൃത്യം നിര്‍വഹിച്ചതെന്നും ഇതിനകം വ്യക്തമായതാണ്. കേസില്‍ അറസ്റ്റിലായവരെല്ലാം ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. ഇവരില്‍ ഒരാള്‍ ആര്‍ എസ് എസ് മേഖലാ പ്രചാരകും മറ്റൊരാള്‍ മണ്ഡലം കാര്യവാഹകുമാണ്. കൃത്യം നടത്തിയവരുള്‍പ്പെടെ ഇനി പിടിയിലാകാനുള്ള നാല് പേരും ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് അന്വേഷണം നടത്തുന്ന പോലീസ് സംഘം സ്ഥിരീകരിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ ലീവില്‍ നാട്ടിലെത്തിയ പ്രവാസിയായ കൊടിഞ്ഞി പുല്ലാണി ഫൈസല്‍ ലീവ് കഴിഞ്ഞു വിദേശത്തേക്ക് മടങ്ങാനിരുന്നതിന്റെ തലേനാള്‍, നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വരാനായി ഓട്ടോറിക്ഷയില്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ െവച്ചായിരുന്നു കൊലപാതകം. ഫൈസല്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തു നിന്ന് ബൈക്കില്‍ പിന്തുടര്‍ന്ന സംഘമാണ് കൃത്യം നിര്‍വഹിച്ചത്. ഗള്‍ഫില്‍ നിന്നാണ് ഫൈസല്‍ ഇസ്‌ലാം സ്വീകരിച്ചതെങ്കിലും ഒരു മുസ്‌ലിം കുടുംബവുമായുള്ള ബന്ധം അദ്ദേഹത്തെ നേരത്തേ തന്നെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചിരുന്നു. അടുത്തിടെയായി ഫൈസലിന്റെ ഭാര്യയും മൂന്ന് മക്കളും ഇസ്‌ലാം സ്വീകരിച്ചു. ഇതോടെയാണ് ആര്‍ എസ് എസ് നേതൃത്വം വെള്ളിയാപുറം മേലേപുറത്തുള്ള വിദ്യാനികേതന്‍ സ്‌കൂളില്‍ യോഗം ചേര്‍ന്ന് കൊലക്കുള്ള ഗുഢാലോചന നടത്തിയതെന്നാണ് അറിയുന്നത്. ഈ സ്ഥാപനത്തില്‍ ആര്‍എസ്എസിന്റെ ആയുധപരിശീലനം നടക്കാറുമുണ്ട്. 1998ലെ തിരൂര്‍ യാസിര്‍ വധത്തിന്റെ മറ്റൊരു പതിപ്പാണ് സംഭവം. ഇസ്‌ലാം സ്വീകരിച്ച് യാസിര്‍ ആയി മാറിയതോടെയാണ് അദ്ദേഹത്തെ ആര്‍ എസ് എസുകാര്‍ വധിച്ചത്.

ഇസ്‌ലാമിലേക്കും മറ്റു മതങ്ങളിലേക്കുമുള്ള മതംമാറ്റം രാജ്യത്ത് സഹസ്രാബ്ദങ്ങളായി നടന്നുവരുന്നതാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ ഇത് സാധാരണവുമാണ്. രാജ്യത്തിന്റെ സവിശേഷത കണക്കിലെടുത്ത് സ്വമേധയാ മതം തിരഞ്ഞെടുക്കാനും ഉപേക്ഷിക്കാനും ഭരണഘടന അനുവദിക്കുന്നുണ്ട്. “എല്ലാ വ്യക്തികള്‍ക്കും സ്വന്തമായ മനഃസാക്ഷി പരിപാലിക്കുന്നതിനും, പരസ്യമായി ഏതെങ്കിലും മതത്തെ അംഗീകരിക്കുന്നതിനും മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും മതപ്രചാരണം നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം 25(എ) വകുപ്പ് ഉറപ്പ് നല്‍കുന്നു. ഭരണഘടനയോടുള്ള വെല്ലുവിളി കൂടിയാണ് സംഘ്പരിവാറിന്റെ ചെയ്തി.

ഫൈസല്‍ സഹോദരിയെ മതംമാറ്റുമെന്ന ഭീതിയില്‍ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അവരുടെ ആവശ്യപ്രകാരമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൃത്യം നടത്തിയതെന്നുമാണ് പോലീസ് ഭാഷ്യം. ഇത് തങ്ങളുടെ മുഖം രക്ഷിക്കാന്‍ ആര്‍ എസ് എസ് നേതൃത്വം കെട്ടിച്ചമച്ച കഥയാണെന്നും സംഭവം ആസൂത്രണം ചെയ്തത് ആര്‍ എസ് എസാണെന്നുമാണ് നാട്ടുകാരും ബന്ധുക്കളില്‍ പലരും വിശ്വസിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് ഫൈസല്‍ പള്ളി ഭാരവാഹികളോടു പറഞ്ഞിരുന്നു. ഭീഷണിക്കാര്യം മാതാവ് മീനാക്ഷി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. യാസര്‍ വധക്കേസില്‍ പങ്കുള്ള ആര്‍ എസ് എസ് ജില്ലാ നേതാവ് ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതിയാണെന്നതും യാദൃച്ഛികമല്ല.
മതപരിവര്‍ത്തനം ഏതു വിധേനയും തടയുക എന്നതാണ് സംഘ് പരിവാര്‍ അജന്‍ഡ. ഇതിനായി മതപരിവര്‍ത്തനം നിരോധിക്കുന്ന കാര്യം പോലും അവരുടെ പരിഗണനയിലുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള പോലെ മതം മാറ്റത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെയോ ഉത്തരവാദപ്പെട്ട മറ്റു കേന്ദ്രങ്ങളുടെയോ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്നും മതം മാറാനുള്ള തീരുമാനത്തിന് പിന്നില്‍ പ്രലോഭനമോ നിര്‍ബന്ധിത സാഹചര്യമോ ഇല്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്യുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുവേ സംഘ്പരിവാര്‍ വിധേയത്വം പുലര്‍ത്തുന്നവരാണ് രാജ്യത്തെ മിക്ക ഔദ്യോഗിക കേന്ദ്രങ്ങളുമെന്നതിനാല്‍ അവരുടെ മുമ്പില്‍ ഇത് തെളിയിക്കുക ദുഷ്‌കരമാണ്. ഒരാള്‍ ഏതെങ്കിലും ആശയത്തില്‍ വിശ്വസിക്കുന്നത് തന്നിഷ്ട പ്രകാരമാണോ അല്ലയോ എന്ന് വേറൊരാള്‍ വിധി പറയുന്ന രീതി വിചിത്രമാണ്.

ചിന്താസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും പ്രകോപനങ്ങളിലൂടെയോ ആളുകളെ കൊന്നൊടുക്കിയോ നിയമ നിര്‍മാണങ്ങളിലൂടെയോ ഇല്ലാതാക്കാന്‍ കഴിയില്ല. ഒരു മതേതതര ജനാധിപത്യ വ്യവസ്ഥിതിയില്‍ അത് സ്വീകാര്യവുമല്ല. സമ്പുഷ്ടമായ ആശയങ്ങളിലേക്ക് ചിന്താശക്തിയുള്ള ആളുകള്‍ കടന്നുവരിക സ്വാഭാവികമാണ്. ആശയത്തെ ആശയത്തിലൂടെയാണ് പ്രതിരോധിക്കേണ്ടത്. അതാണ് മാന്യമായ മാര്‍ഗം.