ആദായ നികുതി ഭേദഗതി ബില്‍ ലോക്‌സഭ ശബ്ദ വോട്ടോടെ പാസ്സാക്കി

Posted on: November 29, 2016 4:17 pm | Last updated: November 29, 2016 at 8:08 pm

parlimentന്യൂഡല്‍ഹി: ആദായ നികുതിയില്‍ സുപ്രധാന മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ആദായ നികുതി ഭേദഗതി ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസ്സാക്കി. പ്രതിപക്ഷന്റെ ശക്തമായ പ്രതിഷേധത്തിന് ഇടയിലാണ് ബില്ല് പാസ്സാക്കിയത്. ധനബില്ലായാണ് ആദായ നികുതി ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ബഹളത്തെ തുടര്‍ന്ന് പല തവണ നിര്‍ത്തിവെച്ച ലോക്‌സഭ രണ്ടരക്ക് വീണ്ടും സമ്മേളിച്ചപ്പോഴാണ് ബില്‍ പാസ്സാക്കിയത്. ബില്‍ നാളെ രാജ്യസഭയുടെ പരിഗണക്ക് വരും. 14 ദിവസത്തിനുള്ളില്‍ രാജ്യസഭ ഈ ബില്ല് പാസ്സാക്കണമെന്നാണ് വ്യവസ്ഥ. ധനബില്ലായതിനാല്‍ രാജ്യസഭയില്‍ പാസ്സായില്ലെങ്കിലും നിലവില്‍ വരും.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. എന്നാല്‍ ഇത് വക വെക്കാതെ ജയ്റ്റ്‌ലി ബില്‍ അവതരണവുമായി മുന്നോട്ടു പോകുകയായിരുന്നു. ചിലര്‍ ഇപ്പോഴും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് ജയ്റ്റലി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കള്ളപ്പണം തടയാന്‍ ഒന്നിനെ പിറകെ ഒന്നായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബില്‍ അനുസരിച്ച് സ്വമേധയാ വെളിപ്പെടുത്തുന്ന കണക്കില്‍ കവിഞ്ഞ നിക്ഷേപങ്ങള്‍ ടാക്‌സ്, പിഴ, സര്‍ചാര്‍ജ് എന്നിവയടക്കം 50 ശതമാനം തുകയടച്ച് നിയമാനുസൃതമാക്കാം. 30 ശതമാനം നികുതി, നികുതിയുടെ 33 ശതമാനം സര്‍ചാര്‍ജ്, വെളിപ്പെടുത്തിയ പണത്തിന്റെ പത്ത് ശതമാനം പിഴ എന്നിങ്ങനെയാണ് 50 ശതമാനം തുക കണക്കാക്കിയിരിക്കുന്നത്. ഇന്നലെയാണ് ആദ്യമായി ബില്‍ പാര്‍ലിമെന്റിന്റെ പരിഗണനക്ക് വന്നത്.