ഹര്‍ത്താല്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു

Posted on: November 28, 2016 11:37 am | Last updated: November 28, 2016 at 4:20 pm

harthalതിരുവനന്തപുരം: നോട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങിയില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. കെ എസ് ആര്‍ ടി സി സര്‍വീസുകളും ഏതാണ്ട് പൂര്‍ണമായും നിലച്ചു. പത്തനംതിട്ടയില്‍ കെ എസ് ആര്‍ടിസിയുടെ ശബരിമല സര്‍വീസും തിരുവനന്തപുരത്ത് നിന്നുള്ള പമ്പാ സര്‍വീസും നടക്കുന്നുണ്ട്. ചുരുക്കം ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഓടുന്നത് ഒഴിച്ചാല്‍ മറ്റെല്ലായിടത്തും പൊതു, സ്വകാര്യ വാഹനങ്ങള്‍ നിരത്തുകളിലില്ല.

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ബാങ്കിംഗ് മേഖലയെ ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കന്നതായാണ് റിപ്പോര്‍ട്ട്. വയനാട്ടിലെ കല്‍പ്പറ്റയില്‍ വാഹനങ്ങള്‍ തടയുന്നതായി വിവരമുണ്ട്. എറണാംകുളം ജില്ലയില്‍ ഐടി മേഖലയെ ഹര്‍ത്താല്‍ പ്രതികൂലമായി ബാധിച്ചു. കൊച്ചിയില്‍ ഫാക്ടറികളും അടഞ്ഞ് കിടക്കുകയാണ്.

മധ്യകേരളത്തിലും മലബാറിലുമാണ് ഹര്‍ത്താല്‍ ശക്തം. തെക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ ഭാഗികമാണ്.