Connect with us

Kerala

കൊല്ലപ്പെട്ടവര്‍ അസുഖബാധിതര്‍ ആയിരുന്നുവെന്ന് മാവോയിസ്റ്റ് നേതാവിന്റെ ഫോണ്‍ സന്ദേശം

Published

|

Last Updated

മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റ് നേതാക്കളും അസുഖബാധിതരായിരുന്നുവെന്ന് മാവോയിസ്റ്റുകള്‍. നിലമ്പൂരിലെ പത്രം ഓഫീസുകളിലേക്ക് വിളിച്ചാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. സോമന്‍ എന്ന മാവോയിസ്റ്റ് നേതാവാണ് വിളിച്ചതെന്ന് കരുതുന്നു. തങ്ങള്‍ ഇപ്പോള്‍ കാട്ടിനുള്ളില്‍ സുരക്ഷിത സ്ഥാനത്താണെന്നും വിളിച്ചയാള്‍ പറഞ്ഞു.

നിലമ്പൂരില്‍ എറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് ഇയാള്‍ അവകാശപ്പെട്ടു. പോലീസ് എത്തിയപ്പോള്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജും അജിതയും രക്ഷപ്പെടാനാകാത്ത വിധം അസുഖ ബാധിതരായിരുന്നു. അജിതക്ക് മഞ്ഞപ്പിത്തമായിരുന്നു. അതുകൊണ്ടാണ് പോലീസിന് അവരെ വെടിവെച്ചുകൊലപ്പെടുത്താനായത്. കീഴടങ്ങാന്‍ ആവശ്യപ്പെടാതെ പോലീസ് എകപക്ഷീയമായി വെടിയുതിര്‍ക്കുകയായിരുന്നു. ആന്ധ്രാ പോലീസാണ് വെടിവെച്ചതെന്നും വിളിച്ചയാള്‍ വെളിപ്പെടുത്തി. ആറംഗ മാവോയിസ്റ്റ് സംഘത്തില്‍ മറ്റാര്‍ക്കും വെടിയേറ്റിട്ടില്ലെന്നും ഇയാള്‍ അവകാശപ്പെട്ടു.

നിലമ്പൂര്‍ എറ്റുമുട്ടല്‍ സംബന്ധിച്ച് വിവാദം നിലനില്‍ക്കെയാണ് മാവോയിസ്റ്റുകളുടെതെന്ന പേരില്‍ ഫോണ്‍ സന്ദേശം എത്തുന്നത്. എറ്റുമുട്ടല്‍ സംബന്ധിച്ച് സര്‍ക്കാര്‍ മജിസ്തീരിയല്‍ അന്വേഷണവും ക്രൈം ബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.