ബി എസ് എഫില്‍ യുദ്ധ മുഖത്ത് മരിക്കുന്നവരേക്കാള്‍ കൂടുതല്‍ രോഗങ്ങള്‍ മൂലം മരിക്കുന്നു: റിപ്പോര്‍ട്ട്‌

Posted on: November 27, 2016 7:15 pm | Last updated: November 27, 2016 at 7:21 pm

bsf-forceന്യൂഡല്‍ഹി: അതിര്‍ത്തിലെ സൈനിക നീക്കത്തിനിടെയും നക്‌സല്‍ വിരുദ്ധ ദൗത്യങ്ങള്‍ക്കിടെയും മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി എസ് എഫ്) ജവാന്‍മാര്‍ ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ മൂലം മരിക്കുന്നുവെന്ന് ഔദ്യോഗിക രേഖ. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്ക് മുന്‍നിര്‍ത്തിയാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

2015 ജനുവരി മുതല്‍ 2016 സെപ്തംബര്‍ വരെ മൊത്തം 774 ബി എസ് എഫ് ജവാന്‍മാരാണ് മരിച്ചത്. ഇതില്‍ യുദ്ധമുഖത്ത് മരിച്ചു വീണ ജവാന്‍മാര്‍ 25 പേര്‍ മാത്രമാണ്. പാക്കിസ്ഥാനില്‍ നിന്ന് വന്‍ ഭീഷണി നേരിടുന്ന ഘട്ടത്തിലും ഇന്ത്യന്‍ ജവാന്‍മാരില്‍ ആളപായം കുറവാണെന്നാണ് ഈ കണക്ക് വെളിപ്പെടുത്തുന്നത്. എന്നാല്‍ അസുഖങ്ങള്‍ മൂലം പെട്ടെന്നുള്ള മരണത്തിന് ഇരയാകുകയാണ് സൈനികര്‍. ഇക്കാലയളവില്‍ 316 പേരാണ് ഇത്തരത്തില്‍ മരിച്ചത്. 117 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. അപകട മരണങ്ങളും കുത്തനെ കൂടിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തിനിടെ 192 പേരാണ് റോഡ്, റെയില്‍ അപകടങ്ങളില്‍ മരിച്ചത്. എന്നാല്‍ എയിഡ്‌സ്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ ബി എസ് എഫ് അംഗങ്ങള്‍ക്കിടയില്‍ കുറഞ്ഞിട്ടുണ്ട്. 18 പേര്‍ എയിഡ്‌സ് ബാധിതരായി മരിച്ചു. 38 പേര്‍ക്ക് കാന്‍സര്‍ മൂലവും അഞ്ച് പേര്‍ലേറിയ ബാധിച്ച് മരിച്ചു.

സൈനികര്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിത രീതി വളര്‍ത്തേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിംഗില്‍ ശ്രദ്ധ വെക്കേണ്ടതിന്റെയും ആവശ്യകത വിളിച്ചോതുന്നതാണ് ഈ കണക്കുകളെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒഴിവ് ദിനങ്ങളില്‍ സൈനികര്‍ നടത്തുന്ന ബൈക്ക് യാത്രകളിലും മറ്റും അപകടത്തില്‍ പെട്ട് മരിക്കുന്നവരുടെ എണ്ണം യുദ്ധത്തിനിടെ മരിക്കുന്നതിന്റെ നാല് മടങ്ങാണെന്ന് കഴിഞ്ഞ വര്‍ഷം ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ ഡി കെ പഥക് പറഞ്ഞിരുന്നു. 2.5 ലക്ഷമാണ് ബി എസ് എഫിന്റെ മൊത്തം അംഗബലം.