എന്നാലും, വെടിവെച്ചുകൊല്ലണോ?

Posted on: November 26, 2016 6:00 am | Last updated: November 25, 2016 at 11:23 pm

SIRAJനിലമ്പൂരില്‍ വ്യാഴാഴ്ച നടന്ന പോലീസ്, മാവോയിസ്റ്റ് ഏറ്റമുട്ടല്‍ നല്‍കുന്ന സൂചനകള്‍ ആശങ്കാജനകമാണ്. സംസ്ഥാനത്ത് മാവോവാദികളുടെ സാന്നിധ്യം സജീവമാണെന്നാണ് സംഭവം വ്യക്തമാക്കുന്നത്. നിലമ്പൂരിലെ ഉള്‍വനത്തില്‍ അജ്ഞാത സംഘം തമ്പടിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസും തണ്ടര്‍ബോള്‍ട്ടും അടങ്ങുന്ന സംഘം വനത്തിനുള്ളിലേക്ക് തിരിച്ചത്. കാട്ടില്‍ തമ്പടിച്ചിരുന്ന 15 അംഗ മാവോ സംഘം പോലീസിനെ കണ്ടതോടെ ചിതറിയോടുകയും പോലീസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. പോലീസ് തിരിച്ചും വെടിവെച്ചു. അര മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയുണ്ടായി.

സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും വനമേഖലകളിലും മാവോയിസ്റ്റുകള്‍ താവളമടിക്കുന്ന വിവരം നേരത്തെ വന്നതാണ്. വയനാട്, കണ്ണൂര്‍, ഇടുക്കി, പാലക്കാട് വനമേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാട സംസ്ഥാനങ്ങളില്‍ മാവോവിരുദ്ധ നീക്കം ശക്തമായതോടെയാണ് ഇവര്‍ കേരളത്തിലക്ക് നീങ്ങിത്തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ വനമേഖലകളില്‍ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ആയുധങ്ങള്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് ഈ സംസ്ഥാനങ്ങളില്‍ പ്രത്യേക സേന തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ആന്ധ്രപ്രദേശിലെ നല്ലമല്ല വനമേഖലയില്‍ നിന്ന് 11 റോക്കറ്റ് ലോഞ്ചറുകള്‍, തോക്കുകള്‍ എകെ 47 തോക്കിന്റെ തിരകള്‍, ഭിത്തിതുരക്കാനുള്ള ഉരുക്കു ബിറ്റുകള്‍ തുടങ്ങി വലിയൊരു ആയുധ ശേഖരം പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കര്‍ണാടക വനവും തമിഴ്‌നാടിന്റെ മുതുമലയും കേരളത്തിന്റെ വനമേഖലയും പരസ്പര ബന്ധിതമാണെന്നതാണ് ഇവര്‍ക്ക് കേരളത്തിലേക്കുള്ള വരവ് സുഗമമാക്കിയത്. വിസ്തൃതമായ വനമേഖലകള്‍ തീവ്രവാദ പ്രസഥാനങ്ങള്‍ക്ക് ഏറെ സുരക്ഷിതമായ താവളങ്ങളാണ്.

വയനാട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി തവണ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2014 ഫെബ്രുവരി അഞ്ചിന് നിരവില്‍പ്പുഴ കോമ്പാറ കോളനിയില്‍ മാവോയിസ്റ്റുകളും പോലീസും നേര്‍ക്കുനേരെ ഏറ്റുമുട്ടിയിരുന്നു. ഇതോടെയാണ് കൂടുതല്‍ സുരക്ഷിതമായ മേഖല എന്ന നിലയില്‍ ഇവര്‍ നിലമ്പൂര്‍ കാടുകളിലേക്ക് ചേക്കേറിയത്. നിലമ്പൂരില്‍ നിന്ന് സൈലന്റ് വാലി വഴി പാലക്കാട്ടേക്കും അതുവഴി തമിഴ്‌നാട്ടിലേക്കും, വയനാടന്‍ വനത്തിലൂടെ കര്‍ണാടകയിലേക്കും രക്ഷപ്പെടാനും എളുപ്പമാണ്. ഈ വനത്തോട് ചേര്‍ന്ന് ധാരാളം ആദിവാസി കോളനികളുള്ളതും ഇവര്‍ക്ക് സൗകര്യപ്രദവുമായി. ഉള്‍വനത്തില്‍ സാധാരണ വസ്ത്രത്തില്‍ ആദിവാസികള്‍ക്കിടയില്‍ കഴിയുന്ന മാവോയിസ്റ്റുകളെ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. ഭക്ഷണത്തിന് ഇവര്‍ പ്രധാനമായി ആശ്രയിക്കുന്നതും ആദിവാസി കോളനികളെയാണ്. അധികൃതരില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്ന ആദിവാസി സമൂഹത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കാനും തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് അവരെ ആകര്‍ഷിക്കാനും ആദിവാസി ബന്ധം പ്രയോജനകരവുമാകും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെങ്ങും ഇവര്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത് അരികുവത്കരിക്കപ്പെട്ട ഇത്തരം സമൂഹങ്ങളിലാണ്.

നിലമ്പൂരിലെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച സൂചന 2013 തുടക്കത്തില്‍ ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനി, ടി കെ കോളനി എന്നിവിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളോടൊയാണ് സ്ഥിരീകരിക്കപ്പെട്ടതും പോലീസ് ഉണര്‍ന്നത്. തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് ഈ വനപ്രദേശങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. അതിനിടെയാണ് കരുളായിക്ക് സമീപം മാവോകള്‍ തമ്പടിച്ച കേന്ദ്രങ്ങള്‍ കണ്ടെത്തിയതും അവരെ വളയാനുള്ള പദ്ധതികള്‍ തയാറാക്കിയതും. മേഖലയിലെ 50 വയസ്സിന് താഴേയുള്ള മുഴുവന്‍ പോലീസുകാര്‍ക്കും മാവോയിസ്റ്റുകളെ നേരിടാനുള്ള പരിശീലനവും നല്‍കിയിരുന്നു.

വയനാടന്‍ മലകളില്‍ മാവോപ്രവ്രര്‍ത്തനത്തിന് വീര്യം പകര്‍ന്ന രൂപേഷും ഭാര്യ ഷൈനിയും പിടിയിലായതോടെ കേരളത്തില്‍ മാവോയത്തിന്റെ പ്രവര്‍ത്തനം പാടേ മന്ദീഭവിക്കുമെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മേയില്‍ കോയമ്പത്തൂരില്‍ വെച്ച് ആന്ധാ പോലീസാണ് അവരെ പിടികൂടിയത്. നിലമ്പൂരിലെ ഏറ്റുമുട്ടലും കൊലയും പോലീസിന്റെ ഈ ധാരണ തിരുത്താന്‍ പര്യാപത്മാണ്. പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

അതേസമയം നിലമ്പൂരില്‍ മാവോ വേട്ടക്ക് ഇറങ്ങിത്തിരിച്ച പോലീസ് സംഘത്തില്‍ വിദഗ്ധരായ 60 പേരുണ്ടായിട്ടും 15 അംഗ മാവോ സംഘത്തെ വെടിവെച്ചുകൊല്ലാതെ പിടികൂടാന്‍ എന്ത് കൊണ്ട് കഴിഞ്ഞില്ലെന്ന ചോദ്യം പ്രസക്തമാണ്. വനത്തിലെ മാവോയിസ്റ്റ് സാന്നിധത്തെക്കുറിച്ചു എല്ലാ വിവരങ്ങളും ശേഖരിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്ത ശേഷം അതീവ കരുതലോടെയാണ് അവരെ വളഞ്ഞതെന്നാണ് പോലീസ് പറയുന്നത്. എന്നിട്ടും വെടിവെച്ചുകൊല്ലേണ്ടിവന്നത് പോലീസിന് സംഭവിച്ച പാളിച്ചയായി വേണം കാണാന്‍.