100 കുറ്റവാളികള്‍ രക്ഷപെട്ടാല്‍പോലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്

Posted on: November 25, 2016 10:17 pm | Last updated: November 25, 2016 at 10:17 pm

thomas isaacധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

100 കുറ്റവാളികള്‍ രക്ഷപെട്ടാല്‍പോലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാന ആദര്‍ശം. എന്നാല്‍ കറന്‍സി റദ്ദാക്കല്‍ നടപടിയില്‍ കള്ളപ്പണക്കാരെ പിടിക്കാനായി നാട്ടിലെ ബഹുഭൂരിപക്ഷം സാധാരണക്കാരെയും ശിക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. ഇതുവഴി എത്രശതമാനം കള്ളപ്പണം പിടിക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണാം. കാരണം കള്ളപ്പണക്കാര്‍ അരക്കന്‍മാരല്ല (പിശുക്കന്മാരല്ല ) . അവരില്‍ മഹാഭൂരിപക്ഷം പേരും മുതലാളിമാരാണ്.

കള്ളപ്പണം നോട്ടായും മറ്റും സൂക്ഷിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയനേതാക്കന്‍മാരെപ്പോലുള്ളവരാണ് ഇതിന് അപവാദം.
മുതലാളിമാര്‍ തങ്ങളുടെ സമ്പത്ത് നോട്ടായി സൂക്ഷിക്കുകയില്ല. മറിച്ച് ലാഭം നല്‍കുന്ന മേഖലകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. വ്യവസായത്തിലും വാണിജ്യത്തിലും ഊഹക്കച്ചവട ഇടപാടുകളിലുമെല്ലാം നിക്ഷേപിക്കും. അല്ലെങ്കില്‍ അടിക്കടി മൂല്യവര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂമി, സ്വര്‍ണ്ണം തുടങ്ങിയ ആസ്തികളില്‍ നിക്ഷേപിക്കും. ഈ ഇടപാടുകളിലൂടെ വീണ്ടും കള്ളപ്പണം സൃഷ്ടിക്കപ്പെടും. ഇനിയും ഭാവിയില്‍ നികുതി വെട്ടിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ കയറ്റുമതി വിലകുറച്ച് ഇന്‍വോയ്‌സ് ചെയ്യുമ്പോള്‍ കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നു . കള്ളപ്പണത്തിന്റെ ചംക്രമണത്തില്‍ ചെറിയൊരു നിമിഷം മാത്രമാണ് നോട്ടായി സൂക്ഷിക്കപ്പെടുന്ന അവസ്ഥ. അതുകൊണ്ട് എത്ര കള്ളപ്പണം ഈ നടപടിമൂലം ഇല്ലാതാകും എന്നുള്ളത് ഇപ്പോള്‍ പ്രവചിക്കാനാവില്ല.

ഒന്നോ രണ്ടോ ലക്ഷം കോടി രൂപ വന്നേക്കാം . പക്ഷേ ഇത്രയും കള്ളപ്പണം പിടിക്കാനായി രാജ്യത്തിനു വരുന്ന ദേശീയനഷ്ടം എത്രയാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കണക്ക് സ്വീകരിച്ചാല്‍ പോലും രണ്ടരലക്ഷം കോടി രൂപയെങ്കിലും രാജ്യത്തിന് വരുമാന നഷ്ടം ഉണ്ടാകും. പിന്നെ പണത്തില്‍ അളക്കാന്‍ പറ്റാത്ത ജനങ്ങളുടെ ദുരിതവുമുണ്ട്. ഈ കള്ളപ്പണ വേട്ടയില്‍ മരിച്ച 77 നിരപരാധികളുടെ ആയുസ്സിന് എന്തു വിലയിടാനാണ് പോകുന്നത്?