സാമൂഹിക സാഹചര്യം പഠിക്കാന്‍ കുടുംബശ്രീ; മാപ്പിംഗ് നടത്തും

Posted on: November 25, 2016 5:53 am | Last updated: November 25, 2016 at 12:57 am

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ സുരക്ഷക്കായി കുടുംബശ്രീ വള്‍ണറബിലിറ്റി മാപ്പിംഗ് പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ 28 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് മാപ്പിംഗ് നടത്തുന്നത്. ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവയെ സംബന്ധിച്ച വിവിധ കാരണങ്ങള്‍ കണ്ടെത്തുന്നതിനോടൊപ്പം ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് ഇത്തരം അവസ്ഥകളെ അതിജീവിക്കാനുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്ന കര്‍മപദ്ധതികള്‍ക്കാണ് ഇതുവഴി രൂപം നല്‍കുക.
ഡിസംബര്‍ 15നുള്ളില്‍ പദ്ധതിക്ക് തുടക്കമിടും. ആദ്യഘട്ടത്തില്‍ പതിനാല് ജില്ലയിലെയും രണ്ട് പഞ്ചായത്തുകള്‍ വീതം തിരഞ്ഞെടുത്ത് 28 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ശേഷമാകും ബാക്കി ജില്ലകളില്‍ വ്യാപിപ്പിക്കുക. ഇതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
ഓരോ പ്രദേശത്തെയും സുരക്ഷിതമായ സാമൂഹിക ജീവിതത്തിന് തടസ്സമാകുന്ന കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുന്നതിലൂടെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ ശാക്തീകരണ പ്രക്രിയ കൂടുതല്‍ ഊര്‍ജിതമാക്കുകയാണ് വള്‍ണറബിലിറ്റി മാപ്പിംഗിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ പ്രദേശത്തെയും കുറ്റകൃത്യങ്ങള്‍, മദ്യപാനം, പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുള്ള പെണ്‍കുട്ടികളുടെ വിവാഹം, തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് താമസിക്കുന്നവര്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, രാഷ്ട്രീയവും ഗാര്‍ഹികവുമായ അതിക്രമങ്ങള്‍, ഭിന്നലിംഗത്തില്‍പെട്ടവര്‍ സമൂഹത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ, പോഷകാഹാരക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യഘടകങ്ങള്‍, വിദ്യാഭ്യാസ ഘടകങ്ങള്‍, ലിംഗ അസമത്വങ്ങള്‍, ശുദ്ധജല ലഭ്യതയും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കാലാവസ്ഥാ വ്യതിയാനവും അതിന്റെ ആഘാതവും, അസംഘടിത മേഖയിലെ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി സമസ്ത മേഖലയിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബശ്രീ മാപ്പിംഗ് വഴി കണ്ടെത്തും.
കുടുംബശ്രീയുടെ കീഴിലുള്ള ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍, കുടുംബശ്രീ സി ഡി എസ്, അതത് പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഫെസിലിലേറ്റര്‍മാര്‍ എന്നിവര്‍ മുഖേനയാണ് മാപ്പിംഗ് നടത്തുക. ഇതിനായി സംസ്ഥാന തലത്തില്‍ 100 ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്ക് പരിശീലനം നല്‍കി. ഓരോ അയല്‍ക്കൂട്ട പ്രദേശത്തും സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍, വ്യക്തിഗത അഭിമുഖം, ഭവന സന്ദര്‍ശനങ്ങള്‍, സര്‍വേ, പ്രദേശവാസികളായ വ്യക്തികളുടെ അനുഭവം പങ്കിടല്‍ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെയാണ് മാപ്പിംഗ് നടത്തുക. മാപ്പിംഗിലൂടെ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതുപ്രകാരം ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന പ്രശ്‌നപരിഹാരത്തിനാവശ്യമായ പദ്ധതികള്‍ പഞ്ചായത്തുകള്‍ വഴി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.