ജനങ്ങളെ അസാധുവാക്കരുത്

Posted on: November 25, 2016 6:00 am | Last updated: November 24, 2016 at 11:40 pm

SIRAJനോട്ട് അസാധുവാക്കല്‍ നടപടിയില്‍ തനിക്ക് രാഷ്ട്രത്തിന്റെ പിന്തുണയുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അദ്ദേഹം ജനങ്ങളില്‍ നിന്ന് അഭിപ്രായമാരാഞ്ഞത് നമോ ആപ്പ് വഴിയാണ്. സ്വന്തം ജനതയെക്കുറിച്ചുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ അജ്ഞതയുടെയോ അജ്ഞതാ നാട്യത്തിന്റെയോ ഏറ്റവും കൃത്യമായ നിദര്‍ശനമാണ് ഈ പ്രഖ്യാപനം. രാജ്യത്തിന്റെ പണപര്യയനത്തിലെ 86 ശതമാനം മൂല്യവും അസാധുവാക്കിയപ്പോള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ സര്‍ക്കാറും ചോദിക്കുന്നത് എ ടി എം കാര്‍ഡ് അടക്കമുള്ള പ്ലാസ്റ്റിക് പണം ഉപയോഗിച്ചു കൂടേയെന്നാണ്.

പണം വേണ്ടവര്‍ക്ക് ബേങ്കില്‍ സൗകര്യമൊരുക്കിയിട്ടുണ്ടല്ലോ എന്നും. ക്യൂ നില്‍ക്കുന്നതാണ് പ്രശ്‌നമെങ്കില്‍ അതിര്‍ത്തിയിലെ സൈന്യത്തെ ഓര്‍ത്താല്‍ മതിയെന്നും ഉപദേശിക്കുന്നു. ഇന്ത്യന്‍ ജനതയെന്നാല്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന് മേല്‍ അപദാനം ചൊരിയുന്നവര്‍ക്കും മധ്യവര്‍ഗമോ ഉപരിവര്‍ഗമോ മാത്രമാണ്. ആ ജനതക്ക് ആപ്പില്‍ കയറി വോട്ട് ചെയ്യാനറിയാം. അദ്ദേഹം അഭിസംബോധന ചെയ്യുന്ന ജനതക്ക് ഡെബിറ്റ് കാര്‍ഡും ക്രഡിറ്റ് കാര്‍ഡും തരാതരം ബേങ്ക് അക്കൗണ്ടുമുണ്ടാകും. പാര്‍ലിമെന്റിലെ ജനപ്രതിനിധികളുമായി പ്രധാനമന്ത്രി സംസാരിക്കില്ല. സംസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സര്‍വകക്ഷി സംഘം വരുമ്പോള്‍ അദ്ദേഹം കാണാന്‍ കൂട്ടാക്കുകയുമില്ല.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിന് പിറകേ കേരളത്തിലടക്കം സഹകരണ ബേങ്കുകള്‍ കടുത്ത പ്രതിസന്ധിയിലാണ്. സാധാരണ ജനങ്ങളുടെ നിക്ഷേപം അത്യാവശ്യത്തിന് പിന്‍വലിക്കാനാകാത്ത സ്ഥിതി. ഈ സ്ഥാപനങ്ങള്‍ കടുത്ത വിശ്വാസ്യതാ നഷ്ടത്തിലുമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഭരണ- പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വേണമെങ്കില്‍ ധനമന്ത്രിയെ കണ്ടു കൊള്ളൂ എന്നായിരുന്നു മറുപടി. അരുണ്‍ ജെയ്റ്റ്‌ലിയെ മുഖ്യമന്ത്രിയും സംഘവും നേരത്തേ കണ്ടതാണ്. ചില ഉറപ്പുകള്‍ നല്‍കിയതല്ലാതെ ഒന്നും നടന്നില്ല. പിന്നെയും ധനമന്ത്രിയെ കാണുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? അതുകൊണ്ട് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത് സംസ്ഥാനത്തെ ജനങ്ങളെയാകെ അവഹേളിക്കുന്നതിന് തുല്യമാണ്. ഫെഡറലിസത്തെയും രാജ്യത്തിന്റെ ബഹുസ്വരതയെയും വെല്ലുവിളിക്കുന്ന നടപടിയാണ് അത്.

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നടത്തിയ പ്രതികരണങ്ങളിലെല്ലാം ഞാന്‍, എന്റെ തീരുമാനം, എന്റെ ത്യാഗം എന്നിങ്ങനെ സ്വന്തത്തിലേക്ക് തിരിച്ചു വിടുന്ന പ്രയോഗങ്ങള്‍ സുലഭമായിരുന്നു. തീരുമാനം നടപ്പാക്കിയതിലെ രഹസ്യാത്മകത സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കഥകള്‍ വ്യക്തമാക്കുന്നതും മോദിയുടെ വ്യക്തിപരമായ ഉത്തരവാദിത്വം ഈ ചുവടുവെപ്പിലുണ്ടെന്ന് തന്നെയാണ്. എനിക്ക് അമ്പത് ദിവസം തരൂ, തെറ്റുണ്ടെങ്കില്‍ എന്നെ തൂക്കിലേറ്റൂ എന്ന് പറയുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ തന്നെ കാണാന്‍ വരുന്ന മുഖ്യമന്ത്രിയില്‍ നിന്നും പ്രതിപക്ഷ നേതാക്കളില്‍ നിന്നും ഒളിച്ചോടുന്നത് എന്തിനാണ്? പ്രശ്‌ന പരിഹാരത്തിന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ജനവികാരത്തിന്റെ ഏറ്റവും കൃത്യമായ പരിച്ഛേദം ലഭിക്കാനുള്ള അവസരമായി ഈ കൂടിക്കാഴ്ച മാറിയേനേ. അത്തരമൊരു അവസരം നഷ്ടപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്തത്.

നോട്ട് നിരോധനത്തില്‍ സുപ്രീം കോടതി നടത്തിയിട്ടുള്ള നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാകണം പ്രധാനമന്ത്രിയുടെ വിസമ്മതം വിശകലനം ചെയ്യേണ്ടത്. പരമോന്നത കോടതിയുടെ മുമ്പിലുള്ള ഹരജികളില്‍ വാദം കേട്ടപ്പോഴെല്ലാം കേന്ദ്ര സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്. കള്ളപ്പണത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിക്കോളൂ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ബഞ്ച് ആദ്യം വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചെവികൊണ്ടില്ല. നോട്ട് മാറ്റത്തിന് കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദിവസങ്ങള്‍ കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിച്ചപ്പോള്‍, നാട്ടില്‍ കലാപമുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് നില്‍ക്കുന്ന ഹരജികള്‍ സ്റ്റേ ചെയ്യണമെന്ന് കേന്ദ്ര ആവശ്യം തള്ളുകയും ചെയ്തു ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച്. ഇതിലപ്പുറം കോടതി എന്ത് ഇടപെടലാണ് നടത്തുക? എന്നാല്‍ ഇതൊന്നും കേന്ദ്ര സര്‍ക്കാറിന് പ്രശ്‌നമല്ല. ആരേയും അത് വിശ്വാസത്തിലെടുക്കുന്നില്ല. പകരം, വിയോജിപ്പ് രേഖപ്പെടുത്താന്‍ പോലും ഓപ്ഷനില്ലാത്ത ആപ്പ് വഴി പിന്തുണ കിട്ടിയെന്ന് പറഞ്ഞ് ശതമാനക്കണക്ക് നിരത്തുകയാണ് പ്രധാനമന്ത്രി. അദ്ദേഹം പ്രഖ്യാപിച്ച തീരുമാനം ജനങ്ങളെ അരക്ഷിതരും യാചകരുമാക്കുമ്പോള്‍ അവരുടെ പ്രതിനിധികള്‍ക്ക് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുന്നത് ഏകാധിപത്യപരമല്ലാതെ മറ്റെന്താണെന്ന ചോദ്യം പ്രധാനമന്ത്രി നേരിട്ടേ തീരൂ.

നോട്ട് നിരോധത്തിന്റെ മൊത്തം കെടുതികളില്‍ ഊന്നാതെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ മാത്രം മുന്‍നിര്‍ത്തി സമരം ചെയ്യുന്നതിന്റെ സാംഗത്യമെന്തെന്ന ചോദ്യം കേരളത്തിലെ ഭരണ – പ്രതിപക്ഷ നേതൃത്വത്തിന് നേര്‍ക്കുയരുന്നുണ്ട്. ആത്യന്തികമായി ജനങ്ങളുടെ യഥാര്‍ഥ വികാരം ഉയര്‍ത്തിപ്പിടിക്കാനും വ്യവസ്ഥാപിത പ്രതിഷേധമായി അത് വഴിതിരിച്ചു വിടാനും രാജ്യത്താകെ പ്രതിപക്ഷത്തിന് സാധിച്ചോ എന്ന സന്ദേഹവുമുയരുന്നു.