നോട്ട് പിന്‍വലിക്കല്‍: ചരിത്രപരമായ വിഡ്ഢിത്തമെന്ന് മന്‍മോഹന്‍ സിംഗ്

Posted on: November 24, 2016 12:25 pm | Last updated: November 24, 2016 at 5:50 pm

manmohan

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രപരമായ അബദ്ധമാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. നോട്ട് അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട് രാജ്യസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഡിപിയില്‍ രണ്ട് ശതമാനത്തിന്റെ കുറവുണ്ടാകാന്‍ തീരുമാനം കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഏല്ലാം നേരെയാവാന്‍ 50 ദിവസത്തെ സമയമാണ് പ്രധാനമന്ത്രി ചോദിക്കുന്നത്. എന്നാല്‍ ഇത് സാധാരണക്കാരനെ സംബന്ധിച്ചടുത്തോളം വലിയൊരു കാലയളവാണ്. പ്രധാനമന്ത്രിക്ക് പോലും തീരുമാനത്തിന്റെ ഭവിഷ്യത്ത് മനസ്സിലായിട്ടില്ല. ഗ്രാമീണമേഖലയിലെ ജനങ്ങളാണ് തീരുമാനത്തിന്റെ ഇരകളെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

നമ്മുടെ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലും കറന്‍സിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാവാന്‍ ഈ തീരുമാനം വഴിവെക്കും. ജനങ്ങള്‍ പണം നിക്ഷേപിച്ചിട്ട് അത് തിരിച്ചെടുക്കാന്‍ സാധിക്കാത്ത മറ്റൊരു രാജ്യത്തിന്റെ പേരുപറയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമോ എന്നും മന്‍മോഹന്‍ സിംഗ് ചോദിച്ചു.