റോഹിംഗ്യകള്‍ക്ക് ബംഗ്ലാദേശിലും ദുരിതം

Posted on: November 24, 2016 9:18 am | Last updated: November 24, 2016 at 9:41 am

ധാക്ക: കുട്ടികള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്നെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബംഗ്ലാദേശ് പോലീസ് പിടികൂടി തടവിലാക്കിയതായി റിപ്പോര്‍ട്ട്. ഇവരെ മ്യാന്മറിലേക്ക് തന്നെ തിരിച്ചയക്കുമെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ നിലപാട്. മ്യാന്മര്‍ സൈന്യത്തിന്റെ അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായി അവിടെ നിന്ന് ജീവന്‍രക്ഷ തേടിയാണ് നൂറുകണക്കിന് റോഹിംഗ്യന്‍ വംശജരായ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് സമുദ്രം താണ്ടിക്കടന്ന് എത്തുന്നത്. ഇവരുടെ നിരവധി ഗ്രാമങ്ങള്‍ അടുത്തിടെ വ്യാപകമായ രീതിയില്‍ ചുട്ടെരിക്കപ്പെടുകയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യം വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തിരുന്നു.
മ്യാന്മര്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള അതിക്രമം വര്‍ധിച്ചതോടെ ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി പോകുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം രാത്രിമാത്രം അഞ്ഞൂറിലേറെ പേര്‍ ബംഗ്ലാദേശിലേക്ക് എത്തിയെന്നും റോഹിംഗ്യന്‍ നേതാക്കള്‍ അറിയിച്ചു. രാത്രിയുടെ മറവിലാണ് പലരും അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്കെത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം, ഇതുവരെ മുപ്പതിനായിരത്തിലധികം റോഹിംഗ്യന്‍ വംശജര്‍ ബംഗ്ലാദേശിലെത്തിയെന്നാണ് കണക്ക്. മ്യാന്മര്‍ സൈന്യത്തില്‍ നിന്നുള്ള അതിക്രമങ്ങളാണ് ഇവരെ അതിര്‍ത്തി കടക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നും ഇവര്‍ക്ക് വേണ്ടി ബംഗ്ലാദേശ് അതിര്‍ത്തി തുറന്നുകൊടുക്കണമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാത്രം രണ്ടായിരത്തിലധികം റോഹിംഗ്യനുകള്‍ അതിര്‍ത്തി കടന്നിട്ടുണ്ട്. ഇവരില്‍ പലരുടെയും ഗ്രാമങ്ങള്‍ സൈന്യം ചുട്ടെരിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം യു എന്‍ പ്രത്യേക സംഘം സംഭവ സ്ഥലത്തെത്തി പരിശോധിക്കണമെന്ന് നേരത്തെ ചില അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷണ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അഭയാര്‍ഥികളുടെ എണ്ണം കൂടിയതോടെ ബംഗ്ലാദേശ് സര്‍ക്കാര്‍ അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. മ്യാന്മര്‍ സര്‍ക്കാറും അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തിവരുന്നു.