Connect with us

Articles

വയോധികനായ ആ മനുഷ്യനെ എന്തിനാണവര്‍ കൊന്നത്?

Published

|

Last Updated

ശൈഖ് സുലൈമാന്‍ അബൂഹറാസ്. നൂറ് വയസ്സുള്ള ഈ ഈജിപ്ത് പണ്ഡിതന്റെ നിഷ്ഠൂര കൊലപാതകം ലോക മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. ഓറഞ്ച് വസ്ത്രമണിയിച്ച് വലിച്ചിഴച്ചുകൊണ്ട് വന്ന് മണലില്‍ മുട്ടുകുത്തി നിര്‍ത്തി ഇസില്‍ ഭീകരവാദികള്‍ വെട്ടിയെറിഞ്ഞത് കേവലമൊരു മനുഷ്യനെയല്ല, മറിച്ച് ഇലാഹീ സ്മരണയിലും ആരാധനകളിലുമായി ജീവിച്ചുപോന്നിരുന്ന വന്ദ്യവയോധികനായ ഒരു സൂഫിവര്യനെയായിരുന്നു. ഇദ്ദേഹത്തിന്റെ ശിരസ്സ് വെട്ടിമാറ്റിയതിലൂടെ ഇസില്‍ ഭീകരവാദികള്‍ കൈമാറുന്ന സന്ദേശം അത്രനിസ്സാരമായി തള്ളിക്കളയാവുന്നതല്ല. ഈജിപ്തിന്റെ വടക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന സീനായില്‍ നിന്ന് മുസ്‌ലിം സമൂഹം ചില കാര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ലോകസമൂഹം ചില യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മപ്പെടുത്തുന്നു.
ഈജിപ്തിലെത്തിയ നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഗ്രാന്‍ഡ് മുഫ്തിയായിരുന്ന നൂറുദ്ദീന്‍ അലി ജുമുഅയുടെ വാക്കുകള്‍. ഇസില്‍ ഭീകരവാദികള്‍ക്കെതിരെയും അവരുടെ ആശയങ്ങള്‍ പേറുന്നവരായ ആളുകള്‍ക്കെതിരെയും സംഘങ്ങള്‍ക്കെതിരെയും ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അലി ജുമുഅ എന്തിനാണിത്ര കര്‍ക്കശക്കാരനാകുന്നതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതിന്റെ മറുപടി സീനായിലെ ഓറഞ്ച് കുപ്പായവും വെള്ളത്താടിയുമുള്ള വയോധികന്റെ ചോര വീണ മണല്‍ത്തരികള്‍ കാണിച്ചുതരുന്നുണ്ട്.
കഴിഞ്ഞ ഈജിപ്തിലെ ലോകപ്രശസ്തമായ അല്‍അസ്ഹര്‍ സര്‍വകാലാശാലയില്‍ എത്തിയവരെല്ലാം ചര്‍ച്ച ചെയ്തത് ഇസില്‍ ഭീകരവാദികള്‍ നടത്തിയ ഈ നിഷ്ഠൂര കൊലപാതകത്തെ കുറിച്ചായിരുന്നു. ഒരു വൃദ്ധനെ അയാള്‍ ഏത് മതക്കാരനാകട്ടെ അയാളെ കൊല്ലാന്‍ ഇസ്‌ലാം അനുവദിക്കില്ലെന്നിരിക്കെ, ഇസില്‍ ചെയത കൊടും ക്രൂരതയില്‍ നിന്ന് അവര്‍ ഇസ്‌ലാമില്‍ നിന്ന് എത്ര അന്യരാണെന്ന സത്യം ബോധ്യപ്പെടുത്തുന്നുണ്ട്.
സീനായില്‍ ഇസില്‍ വകവരുത്തിയ ശൈഖ് സുലൈമാന്‍ വിശ്വാസധാരയില്‍ അശ്അരിയ്യും കര്‍മവീഥിയില്‍ ശാഫിഈ മദ്ഹബുകാരനുമായിരുന്നു. വിനയത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടമായിരുന്നു. ഭക്തിയുടെ പാരമ്യതയിലേറി എളിയ ജീവിതം നയിച്ച മഹാനായിരുന്നു. തെരുവോരങ്ങളില്‍ പാവങ്ങളോടൊത്ത് ഏറെ നേരെ ചെലവഴിച്ചാണ് അദ്ദേഹം ജീവിച്ചത്. ആവലാതികളുമായി ഓടിയെത്തുന്നവരെ ആശ്വസിപ്പിക്കാനും ആശ്രയമാകാനും അദ്ദേഹം സമയം കണ്ടെത്തി. വിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ ഉരുവിട്ട് രോഗികള്‍ക്ക് ശാന്തി പകരുകയും ചെയ്തു അബൂഹറാസെന്ന് ഹബീബ് അലി ജിഫ്‌രി ഓര്‍ക്കുന്നു. “”എങ്ങനെ നിങ്ങള്‍ക്ക് കൈ ഉയര്‍ന്നു ആ മനുഷ്യന് നേരെ? എങ്ങനെ അറുത്തുമാറ്റാന്‍ കഴിഞ്ഞു ആ ശിരസ്സ്? പ്രായത്തിന്റെയും പാണ്ഡിത്യത്തിന്റെയും ഗരിമ നിറഞ്ഞ ആ മാന്യദേഹത്തെ എങ്ങനെ നിങ്ങള്‍ക്ക് വധിക്കാനായി?”” മസ്ഊദ് അബൂ ഫജ്‌റിന്റെ ചോദ്യങ്ങളാണിത്. അദ്ദേഹം ഒരു മന്ത്രവാദിയായിരുന്നില്ല. സൂക്ഷ്മതയോടെ തിരുനബി സ്മരണയില്‍ ജീവിച്ചൊരു മഹാത്മാവിനെ ഹിംസ്രജീവികളെ അറുക്കുംപോലെ അറുത്ത് കൊല്ലാന്‍ ഇസില്‍ ഭീകരവാദികള്‍ ഒരുക്കിയ നുണകളായിരുന്നു ഇതെല്ലാം. പരലോകത്തെ ക്ഷേമത്തിന് വേണ്ടി ആ മഹാന്‍ ഇഹലോകം വെടിഞ്ഞിരിക്കുന്നു..മസ്ഊദ് അബൂഫജര്‍ കണ്ണീരോടെ തുടരന്നു.
ഞെട്ടിത്തരിച്ചാണ് ഈജിപ്ത് ഈ വാര്‍ത്ത കേള്‍ക്കുന്നത്. ലോക സമൂഹം മുഴുവന്‍ ഇസില്‍ ഭീകരവാദികളുടെ ഈ ഭീകര പ്രവര്‍ത്തിയെ അപലപിച്ചു. ഇസിലിന്റെ ഈ ക്രൂരകൃത്യം ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാണിക്കുന്നതാണ്. അബൂഹറാസ് ഒരു മുസ്‌ലിം പണ്ഡിതനായിട്ടും എന്തിനാണവര്‍ അദ്ദേഹത്തെ കൊന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടേണ്ട സമയമാണിത്. ഇതിന് ഇസില്‍ ഭീകരവാദികള്‍ നല്‍കുന്ന ഉത്തരം അറിഞ്ഞിരിക്കണം. അദ്ദേഹത്തിനെതിരെ ഇസിലിന്റെ “കുറ്റപത്ര”ത്തെ വിശദീകരിച്ച് അല്‍ അസാമ ന്യൂസ് റിപ്പോര്‍ട്ടര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ: അദ്ദേഹം സാഹിറും (ആഭിചാരം ചെയ്യുന്ന ആള്‍) ദജ്ജാലുമാണ്. ദാഇഷിന്റെ പോരാട്ടങ്ങള്‍ക്കെതിരെ നില്‍ക്കുന്ന നീചനും കാഫിറുമാണയാള്‍. അയാള്‍ ക്ഷണിക്കുന്നത് കുഫ്‌രിയ്യത്തിലേ (പാരമ്പര്യ സൂഫി മാര്‍ഗം)ക്കാണ്. പ്രവാചകന്റെ മേല്‍ ധാരാളം സ്വലാത്ത് ചെല്ലാന്‍ അയാള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അതുവഴി അല്ലാഹുവിനെ ആശ്രയിക്കും പോലെ ആശ്രയിക്കാന്‍ ഉത്‌ബോധിപ്പിക്കുന്നു. “ഇസ്‌ലാമിന്റെ ഉയിര്‍പ്പിന്റെ പോരാട്ടങ്ങളെ” അയാള്‍ ശക്തമായി എതിര്‍ക്കുകയും ജനങ്ങളോട് അകലം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അപ്രകാരം അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നവരെല്ലാം മുശ്‌രിക്കുകളാണ്. തീര്‍ച്ചയായും സുലൈമാന്‍ അബൂഹറാസ് അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം തേടുന്നയാളാണ്. അതിനാല്‍ അയാള്‍ മുശ്‌രിക്കും കൊല്ലപ്പെടേണ്ടവനുമാണ്.
ഈ കുറ്റപത്രം ഒരാവര്‍ത്തികൂടി വായിച്ച് ആലോചിച്ച് നോക്കൂ, ഇസില്‍ ഭീകരവാദികള്‍ ആരുടെ ആശയങ്ങളെയാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്? ആരാണ് അവരുടെ ഭീകര പ്രവര്‍ത്തികള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്?
ഇസിലിന്റെ ആരംഭകാലം മുതല്‍ അതിനെ നഖശിഖാന്തം എതിര്‍ക്കാന്‍ ലോകത്തിലെ സുന്നി പണ്ഡിതരെല്ലാം ഒറ്റക്കെട്ടായി നിന്നതിന്റെ പ്രാധാന്യവും സാഹചര്യവും ഇതില്‍ നിന്നെല്ലാം വായിച്ചെടുക്കാം. ഇറാഖിലെ 16 ഇമാമുമാരെ നബിദിനം ആഘോഷിച്ചതിന്റെ പേരില്‍ തലയറുത്ത് കൊന്നതും ഇതേ ഇസില്‍ ഭീകരവാദികളായിരുന്നു. മിഡില്‍ ഈസ്റ്റിലെ നിരവധി പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയയിലെ പോരാട്ടങ്ങള്‍ക്ക് വിലങ്ങ് തടിയായി ഇസില്‍ കണ്ടിരുന്ന ലോക പ്രശസ്ത പണ്ഡിതന്‍ റമളാന്‍ ബൂത്വിയെ നിഷ്‌കരുണം വധിച്ചതും ഈ ഇസില്‍ ഭീകരവാദികളായിരുന്നു. ലോകത്തെ നിരവധി സുന്നി പണ്ഡിതരെ ഇല്ലായ്മ ചെയ്യുന്നതിലൂടെ മാത്രമേ തങ്ങളുടെ ഭീകര ആശയങ്ങള്‍ ലോകത്ത് നടപ്പാക്കാനാകൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നത് കൊണ്ടാണ് അവര്‍ ഈ പണ്ഡിത നിരയെ ലക്ഷ്യമാക്കുന്നത്. മതയുക്തിവാദത്തിന്റെ മേലങ്കിയണിഞ്ഞ് പൂര്‍വികരെ മുഴുവന്‍ മുശ്‌രിക്കുകളാക്കി മുസ്‌ലിം സമുദായത്തിന്റെ ഉറക്കം കെടുത്തിയ ഈ ഭീകരവാദികളെ പ്രതിരോധിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും അനിവാര്യതയാണെന്ന് ഇത്തരം സംഭവങ്ങളെല്ലാം വിളിച്ചുപറയുന്നു.
(അല്‍ അസ്ഹര്‍ യൂനിവാഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)