ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടന്‍ പത്ത് ലക്ഷം പൗണ്ട് സ്‌കോളര്‍ഷിപ്പ് നല്‍കും

Posted on: November 23, 2016 12:19 pm | Last updated: November 23, 2016 at 12:19 pm

ലണ്ടന്‍: ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് പത്ത് ലക്ഷം പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തു. ഏകദേശം 8.45 കോടി രൂപ വരുമിത്.
കല, ഡിസൈന്‍ എന്നീ മേഖല മുതല്‍ എന്‍ജിനീയറിംഗ്, നിയമം, മാനേജ്‌മെന്റ് എന്നീ മേഖലയില്‍ പഠനം നടത്തുന്നവര്‍ക്കായാണ് പുതിയ 198 സ്‌ക്‌ളോര്‍ഷിപ്പുകള്‍ നല്‍കുകയെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഈസ്റ്റ് ഇന്ത്യ ഡയറക്ടര്‍ ദീപാഞ്ചന്‍ ചക്രബര്‍ത്തി പറഞ്ഞു. പദ്ധതിയില്‍ ബ്രിട്ടനിലെ 40 യൂനിവേഴ്‌സിറ്റികള്‍ പങ്കാളികളാകും. ബ്രിട്ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് കാര്യങ്ങള്‍ ഗുണകരമാകും. അതിലൊന്ന് ലോകോത്തര വിദ്യാഭ്യാസമാണ്. ഇത് കൂടാതെ വിദ്യാര്‍ഥിക്ക് അന്താരാഷ്ട്ര വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയും.
കൂടാതെ ജോലിചെയ്ത് പഠിക്കാനാകുമെന്നും ചക്രബര്‍ത്തി പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 200 രാജ്യങ്ങളില്‍ നിന്നായുള്ള നാല് ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കൊപ്പം ചേരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.