Connect with us

Sports

മെസിയെ റാഞ്ചാന്‍ സിറ്റി തയ്യാറെടുക്കുന്നു

Published

|

Last Updated

ലണ്ടന്‍: എഫ് സി ബാഴ്‌സലോണയില്‍ നിന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി കരുനീക്കം തുടങ്ങി. 247 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇതിന് വേണ്ടി സിറ്റി മുന്നോട്ടുവെക്കുക എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സണ്ടേ മിറര്‍ ടാബ്ലോയിഡിന്റെ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മെസിക്ക് ആഴ്ചയിലെ വേതനം അഞ്ച് ലക്ഷം പൗണ്ട് ആയിരിക്കും.

മെസിയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയായിട്ടാണത്രേ സിറ്റി ബാഴ്‌സയില്‍ മെസിയുടെ കോച്ചായിരുന്ന പെപ് ഗോര്‍ഡിയോളയെ ആദ്യം ചാക്കിലാക്കിയത്. ബാഴ്‌സയുമായി ആത്മബന്ധമുള്ളതിനാല്‍ മെസി മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുന്ന കാര്യം അചിന്തനീയമായിരുന്നു. എന്നാല്‍, സ്‌പെയ്‌നിലെ നികുതിക്കേസും മറ്റും മെസിയെ ബാഴ്‌സ വിടാന്‍ പ്രേരിപ്പിച്ചിരുന്നു.

2018 ല്‍ അവസാനിക്കുന്ന ബാഴ്‌സയിലെ കരാര്‍ പുതുക്കാന്‍ മെസി മടിച്ചു നില്‍ക്കുകയാണ്. ഇത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഓഫര്‍ ലഭിച്ചതിനാലാണെന്നും സൂചനയുണ്ട്.
ഈ ട്രാന്‍സ്ഫര്‍ നടന്നാല്‍ യുവെന്റസില്‍ നിന്ന് പോള്‍ പോഗ്ബയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിച്ച 110 ദശലക്ഷം ഡോളറിന്റെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് രണ്ടാംസ്ഥാനത്താകും.