Connect with us

Editorial

സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം

Published

|

Last Updated

സമീപ കാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ തീവണ്ടിഅപകടമാണ് ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ പുഖ്‌റായനില്‍ നടന്നത്. പാറ്റ്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 130ലേറെ പേര്‍ മരണപ്പെടുകയുണ്ടായി. മരണസംഖ്യ വര്‍ധിക്കാനാണ് സാധ്യത. അഞ്ഞുറോളം പേരുണ്ടായിരുന്നു തീവണ്ടിയില്‍. അപകടം നടന്നത് ഒറ്റപ്പെട്ട സ്ഥലത്തായതിനാലും ബോഗിയുടെ കാലപ്പഴക്കവുമാണ് മരണ സംഖ്യ ഇത്രയും കൂടാന്‍ കാരമമെന്നാണ് വിലയിരുത്തല്‍. ഏതാനും കോച്ചുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ചിലത് കൂട്ടിയിടിച്ച് പരസ്പരം ഉള്ളില്‍ കയറിയ നിലയിലുമാണ്.
പാളത്തിലെ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രിപറയുന്നു. ലോകത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്ന ഗതാഗത മാര്‍ഗവും രാജ്യത്തിന്റെ സമ്പദ്ഘടനക്ക് മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന സ്ഥാപനവുമാണിത്. അതേസമയം ഏറ്റവും കൂടുതല്‍ തീവണ്ടി അപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നുമാണ് ഇന്ത്യ. അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതും സമയാസമയങ്ങളില്‍ റെയില്‍പാളങ്ങള്‍ മാറ്റി പുതിയ പാളങ്ങള്‍ സ്ഥാപിക്കാത്തതുമാണ് അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പാളത്തിലെ തകരാര്‍ മൂലമുള്ള അപകടങ്ങള്‍ അടുത്തിടെയായി രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ജമ്മു താവി-പൂനെ ഝലം എക്പ്രസിന്റെ പത്ത് ബോഗികള്‍ ലുധിയാനയില്‍ പാളം തെറ്റി മറിഞ്ഞത് കഴിഞ്ഞ മാസം മൂന്നിനായിരുന്നു. സെപ്തംബര്‍ 19ന് കൊല്ലത്ത് നിന്ന് അരിയുമായി കോട്ടയത്തേക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയുടെ ഒമ്പത് ബോഗികള്‍ കരുനാഗപ്പള്ളിക്ക് സമീപം മാരാരിത്തോട്ടത്തും പാളം തെറ്റി മറിയുകുണ്ടായി. മധ്യപ്രദേശിലെ ഹര്‍ദയില്‍ രണ്ട് തീവണ്ടികള്‍ പാളം തെറ്റി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 29 പേര്‍ ക്കുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ്.
പാളങ്ങള്‍ പരിശോധന നടത്താനും തകറാരുകള്‍ കണ്ടെത്തിയാല്‍ ഉടനടി അത് പരിഹരിക്കുന്നതിനും സംവിധാനങ്ങള്‍ ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാറില്ല. പലപ്പോഴും പാളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിള്ളലുകള്‍ യാത്രക്കാരോ പാളത്തിന് അടുത്ത് താമസിക്കുന്നവരോ മറ്റോ ആണ് കണ്ടെത്താറ്. അങ്ങനെ കണ്ടെത്തിയാല്‍ തന്നെ അറ്റകുറ്റപണികള്‍ വേണ്ട രീതിയില്‍ നിര്‍വഹിക്കുന്നതില്‍ പലപ്പോഴും റെയില്‍ ജോലിക്കാര്‍ വീഴ്ച കാണിക്കുകയും ചെയ്യുന്നു. അങ്കമാലിക്ക് സമീപം കുറുകച്ചാലില്‍ മൂന്ന് മാസം മുമ്പ് മംഗലാപുരം-തിരുവനന്തപുരം വണ്ടി പാളം തെറ്റിയത് റെയില്‍വേ ജോലിക്കാരുടെ വീഴ്ച കൊണ്ടാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതാണ്. ഒ എം സി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ആ ഭാഗത്ത് പാളത്തിന്റെ വിള്ളല്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ ഭാഗം മുറിച്ചുമാറ്റി വെല്‍ഡ് ചെയ്തു പിടിപ്പിക്കുന്നതിന് പകരം രണ്ടുവശത്തും സ്റ്റീല്‍ പ്ലേറ്റ് വെച്ച് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ജോലിക്കാര്‍ ചെയ്തത്.
അപകടങ്ങള്‍ നിരന്തരം സംഭവിക്കുമ്പോഴും സുരക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതില്‍ ഗുരുതമായ കൃത്യവിലോപമാണ് അധികൃതര്‍ കാണിക്കുന്നത്. അടുത്ത കാലത്തായി കേരളത്തിലെ റെയില്‍വേ പാളങ്ങളില്‍ വിള്ളല്‍ വീഴുന്നത് പതിവായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെയില്‍പാതയില്‍ അള്‍ട്രാ സോണിക്ക് ഫ്‌ളോ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇത് നടപ്പാക്കാമെന്ന് റെയില്‍വേ സമ്മതിക്കുകയും ചെയ്തതാണ്. ആവശ്യമായ സംവിധാനവും അംഗബലവും ഇല്ലാത്തത് കാരണം ഇതുവരെയും പ്രാവര്‍ത്തികമാക്കിയിട്ടില്ല.
റെയില്‍വേ യാത്രാനിരക്കിലും ചരക്ക് കൂലിയിലും അടിക്കടി വര്‍ധന വരുത്തുമ്പോള്‍, സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള ബാധ്യത കൂടി റെയില്‍വേക്കുണ്ട്. അപകടം സംഭവിച്ച ശേഷം ജീവന്‍ നഷ്ടമായവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത് കൊണ്ടോ അന്വേഷണം പ്രഖ്യാപിച്ചത് കൊണ്ടോ ആയില്ല. നഷ്ടപ്പെട്ട ജീവനുകള്‍ക്ക് ഇത് പകരമാകില്ല. നഷ്ട പരിഹാരം നല്‍കുന്നതോടൊപ്പം തന്നെ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുയും വേണം. ധനസഹായ തുകയില്‍ കാലോചതമായ വര്‍ധന വരുത്തേണ്ടതുമുണ്ട്. ഞായറാഴ്ചത്തെ അപകടത്തില്‍ മരിച്ചവരിടെ കുടുംബങ്ങള്‍ക്ക് 3.50 ലക്ഷമാണ് നഷ്ട പരിഹാരം പ്രഖ്യാപിച്ചത്. 1962ല്‍ പതിനായിരം രൂപയായിരുന്നു അപകടത്തില്‍ മരിച്ചവര്‍ക്കുള്ള റെയില്‍വെയുടെ ധനസഹായം. 1963 ഇത് 20,000 മാക്കി. 1973ല്‍ അമ്പതിനായിരമായും, 1983ല്‍ ഒരു ലക്ഷമായും 1990ല്‍ രണ്ട് ലക്ഷമായും 1997ല്‍ നാല് ലക്ഷമായും ഉയര്‍ത്തി. പിന്നീട് ഇതുവരെ ധനസഹായത്തുക വര്‍ധിപ്പിച്ചിട്ടില്ല. മുന്‍കാല വര്‍ധന കണക്കിെടുക്കുമ്പോള്‍ നിലവില്‍ തുക എട്ട് ലക്ഷമായെങ്കിലും വര്‍ധിപ്പിണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

---- facebook comment plugin here -----

Latest