രാജ്യത്തെ വലിയ ട്രെയിന്‍ ദുരന്തങ്ങള്‍

Posted on: November 21, 2016 9:25 am | Last updated: November 21, 2016 at 11:35 am

trainലോകത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം, രാജ്യത്തെ പ്രധാന ദീര്‍ഘദൂര യാത്രാ മാര്‍ഗം, സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്… വിശേഷണങ്ങള്‍ അനവധിയുണ്ട് ഇന്ത്യന്‍ റെയില്‍വേക്ക്. എങ്കിലും അടിക്കടി ഉണ്ടാകുന്ന ട്രെയിന്‍ ദുരന്തങ്ങള്‍ ഓര്‍മപ്പെടുത്തുന്നത് റെയില്‍ സുരക്ഷയെ കുറിച്ച് തന്നെയാണ്. 98,000 കോടി രൂപ മുടക്കി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനും പ്ലാറ്റ്‌ഫോമുകള്‍ മോടിപിടിപ്പിക്കാനും പരിശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് വേണ്ടത്ര ശ്രദ്ധാലുക്കളാകാത്തത് എന്തുകൊണ്ടാണ്?
1891 നവംബര്‍ അഞ്ചിന് നാഗ്പൂരില്‍ ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ കൊല്ലപ്പെട്ടു. അതായിരുന്നു ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ ദുരന്തം. തുടര്‍ന്ന് ചെറുതും വലുതുമായ നൂറില്‍പ്പരം അപകടങ്ങള്‍… ഒടുവില്‍ കാണ്‍പൂരില്‍ എത്തിനില്‍ക്കുന്നു. അടുത്ത കാലത്തുണ്ടായ വന്‍ ട്രെയിന്‍ ദുരന്തങ്ങളില്‍ ചിലത് ചുവടെ…
2015, മാര്‍ച്ച് 20: ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ ഡെറാഡൂണ്‍- വരാണസി എക്‌സ്്രപസ് പാളം തെറ്റി 39 പേര്‍ മരിച്ചു. അതേ വര്‍ഷം ഫെബ്രുവരി 13ന് ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് കര്‍ണാടകയിലെ അനീക്കലില്‍ പാളം തെറ്റി 12 പേര്‍ മരിച്ചു.
2014, മെയ് നാല്: പനവേലിന് സമീപം ദിവ- സാമന്ത്‌വാദി പാസഞ്ചര്‍ പാളം തെറ്റി 20 പേര്‍ മരിച്ചു.
2013 നവംബര്‍ 13: പശ്ചിമ ബംഗാളിലെ ചപ്രാമരി വന്യജീവി സങ്കേതത്തിന് സമീപം ട്രെയിനിടിച്ച് ചരിഞ്ഞത് 17 ആനകള്‍. ഡിസംബര്‍ ബെംഗളൂരു സിറ്റി എകസ്പ്രസ് കോച്ചിന് ആന്ധ്രാ പ്രദേശില്‍ വെച്ച് തീപ്പിടിച്ച് 26 പേര്‍ മരിച്ചു.
2012, ജൂണ്‍ 30: ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എക്‌സ്പ്രസിലെ ഒരു ബോഗിക്ക് ആന്ധ്രാ പ്രാദേശിനടുത്ത് നെല്ലോരില്‍ എത്തിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപ്പിടിച്ചു. മരിച്ചത് 25 പേര്‍.
2012 മെയ് 22: ആഡ്രാ പ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ മെയിന്‍ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനുമായി ബെംഗളൂരു- ഹമ്പി എക്‌സ്പ്രസ് കൂട്ടിയിടിച്ച് 25 മരണം.
2011 ജൂലൈ 10: മധ്യപ്രദേശിലെ മാള്‍വ സ്റ്റേഷന് സമീപം കല്‍ക്ക മെയില്‍ പാളം തെറ്റി. മരണസംഖ്യ 71.
2011 ജൂലൈ ഏഴ്: മധുരയില്‍ നിന്ന് പുറപ്പെട്ട മധുര- ചപ്ര എക്‌സ്പ്രസ് റെയില്‍വേ ക്രോസില്‍ ബസുമായി കൂട്ടിയിടിച്ച് 39 പേര്‍ മരിച്ചു.
2010 ഒക്‌ടോബര്‍ 20: ഇന്‍ഡോര്‍- ഗോളിയാര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ബടര്‍ബാസ് സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിച്ച് മരിച്ചത് 24 പേര്‍.
2010 ജൂലൈ 19: പശ്ചിമ ബംഗാളിലെ സൈന്തിയ റെയില്‍വേ സ്റ്റേഷന് സമീപം ഉത്തര്‍ബംഗ എക്‌സ്പ്രസും വനാഞ്ചല്‍ എക്‌സ്പ്രസും കൂട്ടിയിടിച്ച് 63 യാത്രക്കാര്‍ മരിച്ചു.
2010 മെയ് 28: നക്‌സല്‍ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിനടുത്ത് മിഡ്‌നാപൂരില്‍ ഗ്യാനേശ്വരി എക്‌സ്പ്രസ് പാളം തെറ്റി 141 പേര്‍ കൊല്ലപ്പെട്ടു.
2009 ജനുവരി രണ്ട്: പ്രയാഗ് രാജ് എക്‌സ്പ്രസ് ഖോരാക്ഡാം എക്‌സ്പ്രസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു.
2009 നവംബര്‍ ഒന്ന്: ഖോരഖ്പൂരില്‍ നിന്ന് പുറപ്പെട്ട ഖോരഖ്പൂര്‍- അയോധ്യ എക്‌സ്പ്രസ് അനധികൃത റെയില്‍വേ ക്രോസില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു.
2009 ഒക്‌ടോബര്‍ 31: ഗോവ എക്‌സ്പ്രസ് മതുരക്ക് സമീപം മേവാഡ് എക്‌സ്പ്രസുമായി കൂട്ടിയിടിച്ച് ജീവന്‍ നഷ്ടപ്പെട്ടത് 23 പേര്‍ക്ക്.