കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി

Posted on: November 21, 2016 10:50 am | Last updated: November 22, 2016 at 12:38 am

Gorakhpur_train_accident_650

ന്യൂഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി.
ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. പാറ്റ്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ഞായറാഴ്ച  പുലര്‍ച്ചെ മൂന്നോടെ കാണ്‍പൂരില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ പൊക്രയാന്‍ പട്ടണത്തിലാണ് അപകടമുണ്ടായത്. പൂലര്‍ച്ചെ യാത്രക്കാര്‍ ഉറങ്ങുന്നതിനിടെ അപകടം സംഭവിച്ചതിനാലാണ് മരണ നിരക്ക് ഇത്രയും ഉയരാന്‍ കാരണം. മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍ നിന്നുള്ളവരാണ് യാത്രക്കാരിലധികപേരും.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ പാതയിലൂടെയുള്ള ഗതാഗതത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെയും ലക്‌നോ യൂനിറ്റ് സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംസ്ഥാന പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. ആദ്യ മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായും ആക്ഷേപമുണ്ട്. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ബോഗികള്‍ പൊളിച്ചുനീക്കിയാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് തന്നെ പ്രഥമ ശുശ്രൂഷ നല്‍കി. ഇതിനായി റെയില്‍വേയുടെയും സൈന്യത്തിന്റെയും മെഡിക്കല്‍ യൂനിറ്റുകള്‍ സജ്ജമാക്കിയിരുന്നു.
അപകട കാരണം വ്യക്തമല്ലെന്ന് റെയില്‍വേ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. നാല് എ സി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നതായും അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. അപകടം സംബന്ധിച്ച് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായത് ചെയ്യാനും ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും അനുശോചിച്ചു.
അപകടത്തില്‍പ്പെട്ടവര്‍ക്ക് റെയില്‍വേയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും നഷ്ടപരിഹാരം നല്‍കും. മരിച്ചവരുടെ ബന്ധുവിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുവിന് റെയില്‍വേ മൂന്നര ലക്ഷവും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷവും നഷ്ടപരിഹാരം നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരവും നിസ്സാര പരുക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി അഖിലേഷ് യാദവും അറിയിച്ചു.