സഹകരണപ്രതിസന്ധി; വിഎം സുധീരനെ തള്ളി കെപിഎ മജീദ്

Posted on: November 19, 2016 12:23 pm | Last updated: November 19, 2016 at 9:47 pm

22-1437559765-11-1418290855-kpa-majeedമലപ്പുറം: സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെ എല്‍ഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാക്കുകളെ തള്ളി മുസ്ലിം ലീഗ് രംഗത്ത്. കേരളത്തിന്റെ പൊതു പ്രശ്‌നമാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതില്‍ സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഇല്ലെന്നും ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണെന്നും അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ യുഡിഎഫ് യോഗം വിളിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫ് ചേര്‍ന്നതിന് ശേഷം ഇക്കാര്യത്തില്‍ മുന്നണിയുടെ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് വ്യത്യസ്ത അഭിപ്രായവുമായി ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സഹകരണ സമരത്തില്‍ എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് പ്രക്ഷോഭം വേണമോ എന്ന കാര്യത്തില്‍ യുഡിഎഫിലും തര്‍ക്കം രൂപപ്പെട്ടിരിക്കുകയാണ്.