കോണ്‍ഗ്രസ് പ്രചാരണം പ്രിയങ്കാ ഗാന്ധി നയിക്കും

Posted on: November 19, 2016 9:33 am | Last updated: November 19, 2016 at 11:36 am

priyanka gandhiന്യൂഡല്‍ഹി: അടുത്ത വര്‍ഷമാദ്യം ഉത്തര്‍ പ്രദേശില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയായിരിക്കും പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്ന് കോണ്‍ഗ്രസ്. എല്ലാം തീരുമാനിച്ചു കഴിഞ്ഞെന്നും അവര്‍ തിരഞ്ഞെടുപ്പില്‍ മുഖ്യ പങ്ക് വഹിക്കുമെന്നും പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശ് ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ സഞ്ജയ് സിംഗ് പറഞ്ഞു.
സംസ്ഥാനത്ത് പ്രിയങ്കയായിരിക്കും പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനായുള്ള തങ്ങളുടെ ആവശ്യം അവര്‍ അംഗീകരിച്ചു കഴിഞ്ഞു. അവരുടെ സമയ പട്ടിക ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജ് ബബ്ബാര്‍ പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തെ ജനങ്ങള്‍ക്കും ആവേശം സൃഷ്ടിക്കുമെന്ന് ബബ്ബാര്‍ നേരത്തെ പറഞ്ഞിരുന്നു. കൂടുതല്‍ സമയം പ്രിയങ്ക നല്‍കുകയാണെങ്കില്‍ ഉത്തര്‍ പ്രദേശിലെ 403 മണ്ഡലങ്ങളിലും അവര്‍ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയും വിട്ട് മറ്റൊരു മണ്ഡലങ്ങളില്‍ അവര്‍ പ്രചാരണം നടത്തിയിരുന്നില്ല. പ്രയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണെങ്കില്‍ ഉത്തര്‍ പ്രദേശില്‍ നേട്ടം കൊയ്യാനാകുമെന്ന് ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും കണക്കു കൂട്ടുന്നു.