Connect with us

National

പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇതിന് ആവശ്യമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാം. വിഷയത്തില്‍ നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് തന്നെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. ഇന്ത്യക്ക് പുറത്തുള്ള സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ പോസ്റ്റല്‍ ഏര്‍പ്പെടുത്താനുള്ള ശിപാര്‍ശയില്‍ എന്തുകൊണ്ടാണ് പ്രവാസികളെ ഉള്‍പ്പെടുത്താതിരുന്നതെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയോട് കോടതി ചോദിച്ചു.

നിയമ ഭേദഗതി കൊണ്ടുവരാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അതേസമയം, തങ്ങളുടെ ഭാഗത്തു നിന്ന് എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച എല്ലാ രേഖകളും കേന്ദ്ര സര്‍ക്കാറിന് കൈമാറിയെന്നും ഇനി സര്‍ക്കാറാണ് കൈകാര്യം ചെയ്യേണ്ടതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
1961ലെ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്തപ്പോള്‍ പ്രവാസികളെ ഒഴിവാക്കിയ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താന്‍ ഇതുവരെ എന്തെല്ലാം നടപടിക്രമങ്ങളാണ് എടുത്തതെന്ന് അറിയിക്കാനും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാറിനോട് അവശ്യപ്പെട്ടു.

ഇ പോസ്റ്റല്‍ വോട്ട് പ്രവാസികള്‍ക്ക് അനുവദിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. പിന്നീട് നിലപാടില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ തപാല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്തിരുന്നു. ഇതോടെ ഇ പോസ്റ്റല്‍ ബാലറ്റ് വഴി സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാകൂവെന്നായി മാറി. ഇതോടെയാണ് പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിന് നിയമം തടസ്സമായി വന്നതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. പ്രവാസികളെ ജനപ്രാതിനിധ്യ നിയമത്തിന്റെ 60 (സി) വകുപ്പില്‍ പറയുന്ന സ്പെഷ്യല്‍ വോട്ടര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കണമെന്ന ഹരജിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പറയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതയില്‍ പറഞ്ഞു. നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് രണ്ട് ഘട്ടങ്ങളിലായി സുപ്രീം കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതിന്റെ പകര്‍പ്പുകളും സിബല്‍ കോടതിയില്‍ ഹാജരാക്കി. അതേസമയം, നിയമ നിര്‍മാണം നടത്തുന്നത് പാര്‍ലിമെന്റാണെന്ന് കോടതി ഓര്‍മിപ്പിച്ചു.

Latest