സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Posted on: November 19, 2016 8:32 am | Last updated: November 19, 2016 at 12:37 am

imagesന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ അടുത്തലക്ഷ്യം അനധികൃതമായി സ്വര്‍ണം സൂക്ഷിക്കുന്നവരെ ലക്ഷ്യമിട്ടാണെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് ധനമന്ത്രാലയം. ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും സ്വര്‍ണം, ഡയമണ്ട് തുടങ്ങിയവ കണ്ടുകെട്ടുകയാണ് സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യമെന്ന വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ധനമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.

 

നോട്ട് അസാധുവാക്കിയത് മുതല്‍ രാജ്യത്ത് വ്യാപകമായി സ്വര്‍ണ വില്‍പ്പന നടന്നതായി സംശയിക്കുന്ന ജ്വല്ലറികളില്‍ കസ്റ്റംസ് വിഭാഗം പരിശോധന തുടങ്ങിയിരുന്നു. അന്വേഷണം നേരിടുന്ന എല്ലാ ജ്വല്ലറികളോടും ഈ മാസം വില്‍പ്പനയുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ കസ്റ്റംസ്, ആദായനികുതി വകുപ്പ് അധികാരികള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കാന്‍ സാധരണക്കാരുടെ ബേങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ധനമന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് അനധികൃത ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബേങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ധനമന്ത്രാലയം തിരുമാനമെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജന്‍ധന്‍ പദ്ധതിയില്‍ ബാലന്‍സില്ലാതെ തുടങ്ങിയ അക്കൗണ്ടുകള്‍ നിരീക്ഷണ വിധേയമാക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
സുരക്ഷാ നിരീക്ഷണത്തില്‍ ക്രമാതീതമായി പണം കണ്ടെത്തുകയാണെങ്കില്‍ പണം നിക്ഷേപിച്ചയാള്‍ക്കെതിരെയും അക്കൗണ്ട് ഉടമക്കെതിരെയും നടപടിയുണ്ടാകും.

 

അതേസമയം, 2.5 ലക്ഷത്തിന് താഴെ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ നിരീക്ഷണത്തിന് വിധേയമാക്കിയേക്കില്ല. ഇക്കാര്യം നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും ബേങ്ക് അക്കൗണ്ടുകള്‍ വഴി ധാരാളം പണം നിക്ഷേപിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. കള്ളപ്പണം നിക്ഷേപിക്കുന്നുവെന്ന വിവരം അറിയുകയാണെങ്കില്‍ അക്കാര്യം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.