Connect with us

Editorial

ജെല്ലിക്കെട്ട്: കോടതി വിധി സ്വാഗതാര്‍ഹം

Published

|

Last Updated

ജെല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം നിരസിച്ചിരിക്കുകയാണ് സുപ്രീം കോടതി. 2011ല്‍ മദ്രാസ് ഹൈക്കോടതിയും 2014ല്‍ സുപ്രീം കോടതിയുമാണ് ജെല്ലിക്കെട്ടുള്‍പ്പെടെ മൃഗങ്ങള്‍ക്ക് പീഡനമേല്‍പ്പിക്കുന്ന കായിക വിനോദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മൃഗങ്ങളെ ഉപദ്രവിക്കുകയും അവയോട് ക്രൂരത കാണിക്കുകയും ചെയ്യുന്ന ഇത്തരം വിനോദങ്ങള്‍ നിയമത്തിനും ഭരണഘടനക്കും നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജി ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തള്ളിയത്. നൂറ്റാണ്ടുകള്‍ പിന്നിട്ട തമിഴ്ജനതയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജെല്ലിക്കെട്ട് വിനോദമെന്ന തമിഴ്‌നാടിന്റെ ന്യായവാദത്തോട്; കാലപ്പഴക്കവും പാരമ്പര്യവും തെറ്റായ ആചാരങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ന്യായീകരണമല്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. കഴിഞ്ഞ ജനുവരിയില്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയും വിവിധ സന്നദ്ധസംഘടനകളും സമര്‍പ്പിച്ച മറ്റൊരു ഹരജിയിലും പരമോന്നത കോടതി ജെല്ലിക്കെട്ട് തടഞ്ഞു കൊണ്ട് വിധി പ്രസ്താവിച്ചിരുന്നു.
വസന്തകാല വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ നടത്തി വന്നിരുന്ന അപകടകരവും ക്രൂരവുമായ വിനോദമാണ് ജെല്ലിക്കെട്ട്. കൂട് തുറക്കുമ്പോള്‍ ക്രൂദ്ധമായി പുറത്തേക്ക് ചാടുന്ന കാളകളെ മനുഷ്യന്‍ വെറും കൈകൊണ്ട് കീഴ്‌പ്പെടുത്തുന്ന ഈ വിനോദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാരക പരുക്കും ചിലപ്പോള്‍ ജീവാപായം വരെയും സംഭവിക്കാറുണ്ട്. പോര്‍വീര്യമുള്ള കാളകളെയാണ് ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്നത്. ഇതിനായി പോഷകാഹാരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കുന്ന കാളകള്‍ക്ക് മത്സരത്തിനിടയില്‍ താഴെ വീഴുന്നവരെ കുത്തി മലര്‍ത്തുന്നതിന് മണ്ണ് നിറച്ച ചാക്കുകളില്‍ കുത്തിച്ചു പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഈ കാളക്കൂറ്റന്റെ മുതുകിലെ കൂനില്‍ പിടിച്ച് പിടിവിടാതെ മത്സരാര്‍ഥി 100 മുതല്‍ 200 മീറ്റര്‍ വരെ ഓടണം. ഇതിനിടയില്‍ കൂനില്‍ നിന്ന് പിടിവിടുകയോ കാള ചുഴറ്റി എറിയുകയോ ചെയ്താല്‍ മത്സരാര്‍ഥി തോല്‍ക്കും. മത്സരത്തില്‍ കാളകളെ കീഴടക്കുന്നവരെ തമിഴ്‌സമൂഹം കരുത്തരും നെഞ്ചുറപ്പുള്ളവരുമായി അംഗീകരിക്കുന്നു. നാണയക്കിഴി എന്ന് അര്‍ഥം വരുന്ന സല്ലികാശ് എന്ന തമിഴ് വാക്കില്‍ നിന്നാണത്രെ ജെല്ലിക്കെട്ട് എന്ന പേരുണ്ടായത്. നാണയങ്ങള്‍ അടങ്ങിയ കിഴിക്കെട്ട് മത്സരത്തിനിറക്കുന്ന കാളയുടെ കൊമ്പില്‍ കെട്ടിയിടാറുണ്ട്. കാളയെ കീഴ്‌പ്പെടുത്തുന്നയാള്‍ക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം.
മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള കാളകളെ ഇരുട്ടറകളില്‍ അടച്ചിട്ട് മര്‍ദിച്ചും പീഡിപ്പിച്ചുമാണ് മെരുക്കിയെടുക്കുന്നത്. മത്സവേളയില്‍ അവയെ പ്രകോപിപ്പിക്കുന്നതിനായി മലദ്വാരത്തില്‍ മുളകരച്ചു തേക്കുന്നതും മദ്യം കുടിപ്പിക്കുന്നതും ആയുധങ്ങള്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുന്നതും പതിവാണത്രെ. വേദന മൂലം ഭ്രാന്താവസ്ഥയിലാണ് ഇവ എതിരാളിയെ നേരിടുന്നത്. നിരവധി ആളുകളും കാളകളും മത്സരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2010ലെ ജെല്ലിക്കെട്ടില്‍ 21 പേര്‍ മരിക്കുകയും 1,600 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടികളുടെ വാതുവെപ്പും ഇതിന്റെ മറവില്‍ നടക്കുന്നുണ്ട്.
കോടതികളുടെ നിരോധം മറികടക്കുന്നതിന് കഴിഞ്ഞ പൊങ്കല്‍ ഉത്സവത്തിന് തൊട്ടുമുമ്പായി കേന്ദ്ര സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും രാഷ്ട്രീയ നേട്ടം മുന്നില്‍ക്കണ്ടാണ് നിരോധം നീക്കിയത്. എന്നാല്‍, അടുത്ത ദിവസം തന്നെ സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു.
കോടതി അഭിപ്രായപ്പെട്ടത് പോലെ മിണ്ടാ പ്രാണികളോടുള്ള ക്രൂരത പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. വിനോദങ്ങളാകാം, അതിന്റെ പേരില്‍ പക്ഷേ, മൃഗങ്ങളെ പീഡിപ്പിക്കുന്നതും ദ്രോഹിക്കുന്നതും കാടത്തമാണ്. വിനോദത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മൃഗങ്ങളെ നോക്കി ആഹ്ലാദിക്കുകയും ആര്‍ത്തട്ടഹസിക്കുകയും ചെയ്യുന്നതിന് പകരം അവ അനുഭവിക്കുന്ന വേദന കണ്ടറിയാനുള്ളതാണ് മനുഷ്യന്റെ വിവേക ബുദ്ധി. മനുഷ്യനെ കടിച്ചുകീറുന്ന തെരുവുനായകളെ കൈകാര്യം ചെയ്യുന്നതിനെതിരെ കലിയിളകുന്ന ഭരണാധികാരികള്‍ എന്തേ വിനോദത്തിന്റെ പേരില്‍ നടക്കുന്ന മൃഗപീഡനം കാണാതെ പോകുന്നു? മൃഗങ്ങളോടായാലും കരുണയും സ്‌നേഹവും കാണിക്കുന്നതാണ് മനുഷ്യത്വം. ഭക്ഷ്യാവശ്യത്തിന് മൃഗങ്ങളെ അറുക്കുമ്പോള്‍ പോലും പെട്ടെന്ന് ജീവന്‍ പോകുന്ന തരത്തില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് മതധര്‍മം നിഷ്‌കര്‍ഷിക്കുന്നത് ഇതുകൊണ്ടാണ്.

---- facebook comment plugin here -----

Latest