ഐ എസ് എല്‍ : 4-3ന് ഡല്‍ഹി ഡൈനമോസിനെ കീഴടക്കി;ത്രില്ലറില്‍ പൂനെ

Posted on: November 19, 2016 12:07 am | Last updated: November 19, 2016 at 10:13 am

unnamedപൂനെ: ഒന്നാംസ്ഥാനത്ത് കുതിച്ച ഡല്‍ഹി ഡൈനമോസിനെ ഏഴ് ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരില്‍, മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി എഫ് സി പൂനെ സിറ്റി ഐ എസ് എല്ലിലെ ആവേശജയം സ്വന്തമാക്കി.

ആദ്യ പകുതിയില്‍ 1-0ന് മുന്നിലായിരുന്നു ഡല്‍ഹി. രണ്ടാം പകുതിയില്‍ പൂനെയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. അനിബാല്‍ റോഡ്രിഗസ് ഇരട്ടഗോളുകളോടെ കരുത്ത് പകര്‍ന്നപ്പോള്‍ മുഹമ്മദ് സിസോകോയും ലെന റോഡ്രിഗസും നിര്‍ണായക സ്‌കോറിംഗ് നടത്തി. കീന്‍ ലെവിസ്, എഡ്വോര്‍ഡോ ഫെറേറ, മാല്‍സാസുല എന്നിവരാണ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടത്.
ഇതോടെ, ഐ എസ് എല്‍ മൂന്നാം സീസണില്‍ സെമിഫൈനല്‍ ബെര്‍ത് പോരാട്ടം സങ്കീര്‍ണമായി. ലീഗിലെ എട്ട് ടീമുകള്‍ക്കും തുല്യ സാധ്യതയാണുള്ളത്.

ഒന്നാംസ്ഥാനത്തുള്ള ഡല്‍ഹിക്ക് പതിനൊന്ന് മത്സരങ്ങളില്‍ 17 പോയിന്റാണുള്ളത്. പൂനെ ഈ ജയത്തോടെ പതിനഞ്ച് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. മൂന്നാംസ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിനും പതിനഞ്ച് പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നില്‍ക്കുന്നത്. പതിനൊന്ന് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള മുംബൈ സിറ്റി എഫ് സി രണ്ടാം സ്ഥാനത്തും പത്ത് മത്സരങ്ങളില്‍ പതിനാല് പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തുമാണ്.

ഇരുഭാഗത്തേക്കും മികച്ച നീക്കങ്ങള്‍ കണ്ട പോരില്‍ ആദ്യ നാല്‍പ്പത്തഞ്ച് മിനുട്ടില്‍ കൈയ്യടി നേടിയത് ഡല്‍ഹി ഗോള്‍ കീപ്പര്‍ സോറന്‍ പോറെയാണ്. മുഹമ്മദ് സിസോകോയുടെ പെനാല്‍റ്റി തട്ടിമാറ്റിയതുള്‍പ്പടെ സോറെന്റെ പ്രകടനം പകരം വെക്കാനില്ലാത്തതായിരുന്നു. മോമര്‍ നോയെയുടെ ഗോളെന്നുറച്ച രണ്ട് അവസരങ്ങളാണ് സോറെന്‍ വിഫലമാക്കിയത്. നാല്‍പ്പത്തിനാലാം മിനുട്ടില്‍ കീന്‍ ലൂയിസിന്റെ ഗോളില്‍ ലീഡെടുത്ത ഡല്‍ഹി കോച്ച്‌സംബ്രോട്ടയുടെ തന്ത്രം ശരിവെച്ചു.

രണ്ടാം പകുതിയില്‍ പൂനെ കോച്ച് അന്റോണിയോ ഹബാസ് ഇത്ര ഗംഭീരമായൊരു തിരിച്ചുവരവ് കളിക്കാര്‍ തനിക്ക് സമ്മാനിക്കുമെന്ന് കരുതിയിട്ടുണ്ടാകില്ല. അമ്പത്തഞ്ചാം മിനുട്ടില്‍ റോഡ്രിഗസിന്റെ ഗോളിന് പിന്നാലെ അറുപത്തിരണ്ടാം മിനുട്ടില്‍ സിസോകോയുടെ ഗോള്‍.

അറുപത്തിമൂന്നാം മിനുട്ടില്‍ റോഡ്രിഗസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോളില്‍ 3-1ന് പൂനെ മുന്നില്‍. എഴുപത്തൊമ്പതാം മിനുട്ടില്‍ ഫെറേറയിലൂടെ ഡല്‍ഹി തിരിച്ചടിച്ചു (3-2). ഇഞ്ചുറി ടൈമില്‍ ലെനി റോഡ്രിഗസിലൂടെ 4-2ന് പൂനെ കയറി. അടുത്ത മിനുട്ടില്‍ 4-3ന് ലീഡ് കുറച്ച് ഡല്‍ഹിയുടെ മറുപടി. അവസാന സെക്കന്‍ഡില്‍ ലഭിച്ച ഫ്രീകിക്ക് പാഴായതോടെ ഡല്‍ഹിയുടെ സമനില ശ്രമം പാളി. ഐ എസ് എല്ലിലെ നാനൂറാം ഗോളായിരുന്നു ആദ്യപകുതിയില്‍ ഡല്‍ഹി നേടിയത്.