പ്രതിസന്ധിക്ക് നേരിയ അയവ്; നഗരങ്ങളില്‍ തിരക്കൊഴിയുന്നു

Posted on: November 17, 2016 9:32 am | Last updated: November 17, 2016 at 9:32 am
SHARE

atm-crowd-chennai-pti_650x400_41478936412തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഒരാഴ്ചയായി സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് നേരിയ അയവ്. എല്ലാ ബേങ്കുകളിലും ആവശ്യത്തിന് പണം എത്തി തുടങ്ങിയതോടെയാണ് തിരക്കിന് അല്‍പം ശമനമായത്. ചൊവ്വാഴ്ചയോടെയാണ് ആ ര്‍ ബി ഐയില്‍ നിന്ന് ആവശ്യത്തിനുള്ള നോട്ടുകള്‍ ബേങ്കുകളിലെത്തിയത്. പുതിയ 2000 രൂപ, 100 രൂപ 50 രൂപ നോട്ടുകളാണ് പ്രധാനമായും എത്തിയത്. ഇതോടെ ഒരാഴ്ചയായുള്ള പൊതുജനങ്ങളുടെ നെട്ടോട്ടത്തിന് നേരിയ തോതില്‍ അയവ് വന്നു. ഒരാള്‍ ഒന്നിലധികം തവണ നോട്ട് മാറുന്നത് നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന മഷിപുരട്ടലിനെക്കുറിച്ച് നിര്‍ദേശം ലഭിക്കാത്തതിനെ തുടര്‍ന്ന് ബേങ്കുകളൊന്നും ഇത് നടപ്പാക്കാത്തതും ആശ്വാസമായി.
എ ടി എമ്മുകളില്‍ 80 ശതമാനവും തുറന്ന് പ്രവര്‍ത്തിച്ചതോടെ എ ടി എമ്മുകള്‍ക്ക് മുന്നിലെ മണിക്കൂറുകളുടെ കാത്തിരിപ്പിനും അയവ് വന്നിട്ടുണ്ട്. നോട്ട് നിരോധനത്തിന് പിന്നാലെ അടച്ച എസ് ബി ഐയുടെ പല എ ടി എമ്മുകളും ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചു. 2000 രൂപക്കും 100, 50 രൂപ നോട്ടുകള്‍ക്കും പ്രത്യേക കൗണ്ടറുകളാണ് എസ് ബി ഐയില്‍ ഒരുക്കിയിട്ടുള്ളത്. 100, 50 കൗണ്ടറിലാണ് താരതമ്യേന തിരക്ക് കൂടുതല്‍. മറ്റ് എ ടി എമ്മുകളിലും ആവശ്യത്തിന് പണം നിറച്ചിരുന്നു. പണം തീരുന്ന മുറക്ക് നിറക്കാന്‍ എല്ലാ ബേങ്ക് അധികൃതരും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആര്‍ ബി ഐയില്‍ നിന്ന് ആവശ്യത്തിന് നോട്ടുകള്‍ എല്ലാ ശാഖകളിലും എത്തിയിട്ടുണ്ടെന്ന് എസ് ബി ടി ജനറല്‍ മാനേജര്‍ ദേവിപ്രസാദ് അറിയിച്ചു. മൊബൈല്‍ എ ടി എം അടക്കമുള്ള സേവനങ്ങളും സജീവമായതും തിരക്ക് കുറക്കാന്‍ സഹായകമായി.
ബേങ്കുകളില്‍ നോട്ട് മാറാനെത്തിയവരുടെ എണ്ണത്തിലും ഇന്നലെ കുറവുണ്ടായി. നോട്ട് നിരോധനം ഒരാഴ്ച പിന്നിട്ടതോടെ കൈയിലിരുന്ന നോട്ടുകള്‍ ഏറെക്കുറെ ജനങ്ങള്‍ മാറ്റി വാങ്ങിയത് തിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്. നോട്ടുമാറുന്നവരുടെ വിരലില്‍ മഷി പുരട്ടുമെന്ന പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തന്നെ നിരവധിപേര്‍ ബേങ്കുകളിലെത്തി നോട്ട് മാറിയിരുന്നു.
അക്കൗണ്ടുള്ള ബേങ്കുകളില്‍ നോട്ട് മാറുന്നതിന് തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പോ മഷിപുരട്ടലോ ആവശ്യമില്ലെന്ന പ്രഖ്യാപനവും ഇടപാടുകാര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കി. എന്നാല്‍ എ ടി എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2500 ആയി ഉയര്‍ത്തിയെങ്കിലും അത് പ്രാബല്യത്തില്‍ വരാത്തത് പ്രതിഷേധമുയര്‍ത്തി. നവംബര്‍ ആദ്യവാരത്തില്‍ അപ്രതീക്ഷിതമായുണ്ടായ നോട്ട് നിരോധനം ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് ലഭിച്ച ശമ്പളംപോലും ചെലവാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയപ്പോള്‍ നോട്ട് മാറിയെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നാണ് ഭൂരിഭാഗം ഇടപാടുകാരുടെയും അഭിപ്രായം.
ഒരാഴ്ചയായി മന്ദഗതിയിലായിരുന്ന വ്യാപാരമേഖലയും പതുക്കെ ഉണര്‍ന്നു തുടങ്ങിയിട്ടുണ്ട്. നോട്ടു മാറി ചില്ലറ ലഭിച്ചവരൊക്കെ മാര്‍ക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെത്തിയതോടെയാണ് കച്ചവടക്കാര്‍ക്കും അല്‍പം ആശ്വാസമായത്. ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്കും ചില്ലറയുടെ വരവ് ആശ്വാസം നല്‍കി. 500 രൂപ നോട്ടുകള്‍കൂടി എത്തുമ്പോള്‍ സംസ്ഥാനത്തെ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് ബേങ്കിംഗ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. അതേ സമയം പുതുതലമുറ സ്വകാര്യ ബേങ്കുകള്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രം നോട്ട് മാറി നല്‍കുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here