Connect with us

Kerala

നോട്ടിനായുള്ള നെട്ടോട്ടം തുടരും; സമരങ്ങളും ശക്തമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ജനങ്ങളുടെ അലച്ചിലിന് ഇന്നലെയും അയവു വന്നില്ല. അതേസമയം നോട്ട് നിരോധനത്തെ തുടര്‍ന്ന് രൂക്ഷമായ പ്രതിസന്ധിക്ക് നേരിയ പരിഹാരമെന്നോണം 2,000 രൂപയുടെ നോട്ടുകള്‍ ഇന്നലെ രാവിലെ മുതല്‍ എ ടി എമ്മുകളില്‍നിന്ന് ലഭിച്ചുതുടങ്ങി. എന്നാല്‍ ബേങ്കുകളിലെയും എ ടി എം കൗണ്ടറുകളിലെയും തിരക്കിന് കുറവൊന്നും ഉണ്ടായില്ല. ഇവിടങ്ങളിലെ ക്യൂ ഇന്നലെയും മണിക്കൂറുകളോളം നീണ്ടു. തിരുവനന്തപുരത്തെ എസ് ബി ടി പ്രധാന ശാഖയുടെ പരിധിയിലുള്ള നാല് എ ടി എമ്മുകളില്‍നിന്നാണ് ആദ്യമായി 2000 രൂപയുടെ നോട്ട് ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. ജില്ലയിലെ എസ് ബി ടിയുടെ 65 എ ടി എമ്മുകളില്‍നിന്ന് 2000 രൂപ നോട്ടുകള്‍ വൈകാതെ ലഭിച്ചുതുടങ്ങും.
2000 രൂപയുടേത് പുതുതായി പുറത്തിറക്കിയ നോട്ടായതിനാല്‍ എ ടി എമ്മിലെ സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ച് പണം നിറക്കാന്‍ മുക്കാല്‍ മണിക്കൂറോളം വേണ്ടിവന്നിരുന്നു. പുതിയ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷമേ എ ടി എമ്മുകളില്‍ 2000 രൂപാ നോട്ടുകള്‍ നിറക്കാനാകൂ. നോട്ടിന്റെ വലിപ്പത്തിനനുസരിച്ച് എ ടി എം കൗണ്ടറിനുള്ളിലെ ബിന്നില്‍ ചെറിയ മാറ്റവും വരുത്തേണ്ടതുണ്ട്. സംസ്ഥാനത്തെ എല്ലാ എ ടി എമ്മുകളിലും 2000 രൂപ നിറക്കാന്‍ ഒരാഴ്ച വേണ്ടി വന്നേക്കും.
500 രൂപയുടെ പുതിയ നോട്ടുകളും ഇന്ന് മുതല്‍ എ ടി എമ്മുകളില്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകുന്നേരത്തോടെ 500 ന്റെ പുതിയ നോട്ടുകള്‍ ബേങ്കുകളില്‍ എത്തിയിട്ടുണ്ട്. 2000, 500 രൂപാ നോട്ടുകള്‍ ലഭിക്കുന്നതോടെ ഇപ്പോഴുള്ള പ്രതിസന്ധിക്ക് വലിയ ആശ്വാസമാകും. ഇതുവരെയും 100 രൂപാ നോട്ടുകള്‍ മാത്രമാണ് എ ടി എമ്മുകളില്‍ നിറച്ചിരുന്നത് എന്നതിനാല്‍ തന്നെ നോട്ട് നിറച്ച് രണ്ട് മണിക്കൂറിനകം ഇവ തീര്‍ന്ന് പോകുകയായിരുന്നു. 100 രൂപാ നോട്ടുകള്‍ വന്‍തോതില്‍ പിന്‍വലിക്കുന്നതിന് ഇനി അയവ് വരും.
അതേസമയം, നോട്ട് മാറിയെടുക്കുന്നതിന് ബേങ്കുകളില്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനം വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ മിക്കവര്‍ക്കും ഒന്നിലധികം തവണ ബേങ്കുകളില്‍ കയറിയിറങ്ങിയാല്‍ മാത്രമേ നോട്ടുകള്‍ പൂര്‍ണമായും മാറിയെടുക്കാന്‍ കഴിയൂ എന്ന സ്ഥിതിയാണ്. ഈ നിലക്ക് പുതിയ തീരുമാനം കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ബേങ്കില്‍ പണം നിക്ഷേപിച്ച് എ ടി എമ്മുകളില്‍നിന്ന് പിന്‍വലിക്കേണ്ട സ്ഥിതിയുണ്ടാകും. ഇപ്പോള്‍ തന്നെ എ ടി എമ്മുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം നീളുന്ന ക്യൂവാണ്. പണം മാറിയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൂടി എ ടി എമ്മുകളെ ആശ്രയിക്കേണ്ട സ്ഥിതി വന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.
എ ടി എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ എ ടി എമ്മുകളിലും ദിവസങ്ങളോളം കയറിയിറങ്ങേണ്ട സ്ഥിതി തുടരുകയാണ്. എ ടി എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2500 രൂപയായി ഉയര്‍ത്തിയെങ്കിലും മിക്ക എ ടി എമ്മുകളില്‍നിന്നും ഇപ്പോഴും ലഭിക്കുന്ന പരമാവധി തുക 2000 രൂപ തന്നെയാണ്.
നിലവിലെ ക്ഷാമം രണ്ട് ദിവസത്തിനകം തന്നെ പരിഹരിക്കാനാകുമെന്നാണ് മിക്ക ബേങ്ക് മാനേജര്‍മാരും നല്‍കുന്ന വിശദീകരണം. എസ് ബി ടിയുടെ 1,736 എ ടി എമ്മുകളില്‍ 1,701 എണ്ണവും എസ് ബി ഐയുടെ 1,434 എ ടി എമ്മുകളില്‍ 1,002 എണ്ണവും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്.
നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സമരങ്ങളും ശക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് ആര്‍ ബി ഐ ശാഖാ ഓഫീസിലേക്ക് സി പി ഐയും ഡി വൈ എഫ് ഐയും എസ് ഡി പി ഐയും ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തി.