നോട്ട് നിരോധത്തില്‍ പിറക്കുന്ന പ്രതിപക്ഷ സഹകരണം

Posted on: November 16, 2016 9:08 am | Last updated: November 16, 2016 at 9:09 am

mamathaഅനിതര സാധാരണമായ ഒരു സാഹചര്യത്തെ രാജ്യം അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് പാര്‍ലിമെന്റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. ജനം പണത്തിന് വേണ്ടി ബേങ്കുകള്‍ക്ക് മുമ്പില്‍ പൊരി വെയിലില്‍ വരി നില്‍ക്കുമ്പോള്‍ അതിന്റെ അലയൊലികള്‍ പാര്‍ലിമെന്റില്‍ പ്രതിഫലിക്കുമെന്ന് തീര്‍ച്ച.
നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നിട്ട് ഏട്ട് ദിവസം പിന്നിട്ടിട്ടും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ കഴിയാത്ത പ്രശ്‌നമുയര്‍ത്തി പ്രതിപകക്ഷികള്‍ സഭയില്‍ പ്രതിഷേധമുയര്‍ത്തും. പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. വിഷയം ഇരു സഭകളിലും ഉന്നയിക്കാമെന്ന നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം, സഭയില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം ലോക്‌സഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നിരന്നു. പാര്‍ലിമെന്റിന്റെ ഇരു സഭകളിലും വിഷയം ഉന്നയിക്കുന്നതിനും സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാനുമാണ് പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നും പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരുന്നുണ്ട്. ഇന്ന് ചേരുന്ന യോഗത്തിലായിരിക്കും പാര്‍ലിമെന്റില്‍ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചുള്ള അന്തിമ ധാരണയാവുക. ഇന്ന് വീണ്ടും പ്രതിപക്ഷകക്ഷികള്‍ യോഗം ചേരുമെന്നും ആവശ്യമായ തീരുമാനങ്ങള്‍ അവിടെവെച്ച് കൈക്കൊള്ളുമെന്നും ജെ ഡിയു നേതാവ് ശരത് യാദവ് പറഞ്ഞു. വിഷയത്തില്‍ യോജിച്ച പോരാട്ടം വേണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സി പി എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിമായും ഫോണില്‍ സംസാരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഏകാധിപത്യപരമായ സമീപനം പ്രതിപക്ഷ കക്ഷികളെ അഭിപ്രായ ഭിന്നതകള്‍ക്കപ്പുറം ഏകോപിപ്പിച്ചിരിക്കുന്നു എന്നതാണ് ഇത് നല്‍കുന്ന സൂചന.
അതേസമയം, നോട്ടുകള്‍ പിന്‍വലിച്ചതുമൂലം രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം അറിയിക്കാന്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ നേരിട്ടു കാണാന്‍ തീരുമാനിച്ചിടട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവര്‍ അടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കാണുന്നത്. രാഷ്ട്രപതിയെ കാണാനുള്ള മമതാ ബാനര്‍ജിയുടെ ക്ഷണം സി പി എമ്മും കോണ്‍ഗ്രസും നിരസിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കിയ നടപടി റദ്ദാക്കേണ്ടതില്ലെന്നും പകരം നിയമം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ജി എസ് ടിയുമായി ബന്ധപ്പെട്ട ചില ബില്ലുകള്‍കൂടി സര്‍ക്കാറിന് സഭയില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസ്സാക്കിയെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായേക്കുമെന്നാണ് സൂചന. ഇരു സഭകളിലും വിഷയം ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയും സ്വികരിച്ചത്. അതേസമയം, എന്‍ ഡി എ സഖ്യകക്ഷികള്‍ തന്നെ നോട്ട് അസാധുവാക്കിയതിനെതിരെ രംഗത്തെത്തിയത് ബി ജെ പിക്ക് സഭയില്‍ വലിയ തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്.