ഇടപാടിനെത്തിയവരുടെ തിരക്ക്; ബേങ്കിന്റെ വാതില്‍ തകര്‍ന്നു

Posted on: November 15, 2016 11:07 am | Last updated: November 15, 2016 at 11:07 am
SHARE

കല്‍പകഞ്ചേരി: അസാധുവാക്കപ്പെട്ട പഴയ കറന്‍സി മാറ്റുന്നതിനും പണം നിക്ഷേപിക്കുന്നതിനുമായി എത്തിയവരുടെ തിക്കും തിരക്കും പുത്തനത്താണി എസ് ബി ടി ബ്രാഞ്ചിന്റെ വാതില്‍ തകര്‍ന്ന് വീഴാന്‍ ഇടയാക്കി. ഇന്നലെ 11.30 ഓടെ ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ച വാതിലാണ് തകര്‍ന്ന് വീണത്. സംഭവത്തെ തുടര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. പിന്നീട് പോലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. വാതില്‍ തകര്‍ന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയാണ് ആളുകളെ അകത്തേക്ക് കയറ്റി വിട്ടത്. വൈകുന്നേരമായി ആളുകളുടെ നീണ്ട ക്യൂ ആയതിനാല്‍ ഇവരെ ഇന്നത്തേക്ക് ടോക്കണ്‍ നല്‍കി പറഞ്ഞയക്കുകയായിരുന്നു.
വളാഞ്ചേരി: കുറ്റിപ്പുറത്ത് ബേങ്കുകളില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികള്‍ പാനീയം വിതരണം ചെയ്തു. പൊരിവെയിലത്ത് മണിക്കൂറുകളോളമാണ് സ്ത്രീകളും കുട്ടികളുമടക്കം ബേങ്കിന് മുന്നില്‍ നില്‍ക്കുന്നത്. നീണ്ട ക്യൂവില്‍ ദാഹം മാറ്റാന്‍ പുറത്ത്‌പോയാല്‍ വീണ്ടും പിന്നില്‍ നില്‍ക്കേണ്ടി വരുമെന്നതിനാല്‍ എല്ലാം സഹിച്ച് നില്‍ക്കുകയാണ് പലരും. ഇത് മനസിലാക്കിയാണ് ദാഹിച്ച് വലഞ്ഞവരുടെ ക്ഷീണം മാറ്റാന്‍ കുടിവെള്ളവുമായി കുറ്റിപ്പുറത്തെ ഓട്ടോ തൊഴിലാളികള്‍ എത്തിയത്.
വേങ്ങര: ഊരകം ഫെഡറല്‍ ബേങ്കിന് മുമ്പില്‍ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദാഹജലം വിതരണം ചെയ്തു. കെ എ അറഫാത്ത്, നാസര്‍ പറപ്പൂര്‍, വിപി ഉമ്മര്‍, സി പി നിയാസ്, പി സൈതലവി, പി ഫഹദ്, റാഫി പുത്തന്‍പീടിക നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here