സക്കീര്‍ ഹുസൈന്‍ പോലീസിന് മുന്‍പാകെ കീഴടങ്ങണമെന്ന് കോടിയേരി

Posted on: November 15, 2016 9:54 am | Last updated: November 15, 2016 at 2:55 pm

KODIYERI

തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അറസ്റ്റ് നടപടികള്‍ നേരിടുന്ന സി പി എം നേതാവും കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ വി എ സക്കീര്‍ ഹുസൈന്‍ പോലീസ് മുന്‍പാകെ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോണ വിധേയര്‍ നിയമത്തിന് വിധേയരാകണമെന്നും സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസിലെത്തിയത് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സക്കീര്‍ പാര്‍ട്ടി ഓഫീസിന് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റിന് തടസമില്ലെന്ന്് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സക്കീര്‍ ഒരാഴ്ചക്കകം അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. കീഴടങ്ങുന്ന അന്ന് തന്നെ സക്കീറിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സക്കീര്‍ ഹുസൈനെതിരെയുള്ളത് ഗൗരവമുള്ള പരാതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സക്കീറിന്റെ ജാമ്യാപേക്ഷകയെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. സക്കീറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വാദം പൂര്‍ണമായും അംഗീകരിച്ചാണ് ഹൈക്കോതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും സക്കീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.