Connect with us

National

നോട്ടുകള്‍ മാറ്റിനല്‍കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്ന് ആര്‍ബിഐ

Published

|

Last Updated

ന്യൂഡല്‍ഹി: അസാധുവായ 500,1000 നോട്ടുകള്‍ മാറ്റി നല്‍കാന്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് അവകാശം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനുള്ള അനുമതിയും പിന്‍വലിച്ചു. നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 24000 രൂപ വരെ പിന്‍വലിക്കാം. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മറ്റു ബാങ്കികളില്‍ നിന്ന് എത്ര പണവും പിന്‍വലിക്കാം. എല്ലാ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ അയച്ചു. കേരളത്തിലെ സാധാരണക്കാര്‍ കൂടുതല്‍ ഇടപാട് നടത്തുന്ന സ്ഥാപനങ്ങളെന്ന നിലക്ക് ഈ തീരുമാനം വലിയ പ്രതിസന്ധിയാണുണ്ടാക്കുക.

വെള്ളിയാഴ്ച പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം പിറ്റേന്ന് മുതല്‍ ശേഖരിച്ച പഴയ നോട്ടുകള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇക്കാര്യത്തില്‍ ഉറപ്പൊന്നും ലഭിക്കാത്തതിനാല്‍ സഹകരണ ബാങ്കുകളില്‍ നിന്നും ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും സ്വീകരിച്ച കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകള്‍ സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.
അതേസമയം സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റി നല്‍കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വീണ്ടും കത്തയക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ആര്‍ബിഐ നടപടിയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.