അനിശ്ചിതത്വം ബാക്കിവെച്ച് യൂത്ത് ലീഗ് സമ്മേളനത്തിന് സമാപനം

Posted on: November 13, 2016 7:51 am | Last updated: November 13, 2016 at 7:51 am

youth-leagueകോഴിക്കോട്: പുതിയ ഭാരവാഹികള്‍ സംബന്ധിച്ചുള്ള അനിശ്ചിതത്വം ബാക്കിവെച്ച്, ആയിരങ്ങള്‍ അണിനിരന്ന പൊതുസമ്മേളനത്തോടെ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് സമാപനം. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതില്‍ പാര്‍ട്ടിക്കുള്ളിലും യൂത്ത് ലീഗിലും രൂക്ഷ അഭിപ്രായ വ്യത്യാസമുണ്ടായാതാണ് സമാപന സമ്മേളനത്തിന് മുമ്പ് പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ കഴിയാതെ പോയത്. പാണക്കാട് ഹൈദരലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതൃത്വം ഇടപെട്ട് സമവായ ശ്രമമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇനി ഡിസംബറോടെ മാത്രമേ പുതിയ ഭാരവാഹികളെ തീരുമാനിക്കുകയുള്ളു. ഡിസംബര്‍ ആദ്യവാരം പുതിയ കൗണ്‍സില്‍ ചേര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കും. ഇതിന് മുമ്പ് ഒരു സമവായത്തില്‍ എത്തി, കൗണ്‍സിലില്‍ വോട്ടെടുപ്പ് ഒഴിവാക്കാനാണ് നേതൃത്വ ശ്രമം.

ഇന്നലെ ഉച്ചയോടെ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പൊതുസമ്മേളന നഗരിയായ ബീച്ചില്‍ എത്തിച്ചേര്‍ന്നിരുന്നു. വൈകിട്ടോ ബീച്ചും പരിസരവും ലീഗ് പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞു. വൈകീട്ട് ആറ് മണിയോടെ പൊതുസമ്മേളനം ആരംഭിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. ആദ്യം മുസ്‌ലിംകളെ ലക്ഷ്യം വെച്ചാണ് പിന്നീട് മറ്റ് വിഭാഗങ്ങളിലേക്ക് തിരിയും. എല്ലാ മത വിശ്വാസങ്ങള്‍ക്കും രാജ്യത്ത് ഭരണഘടനാ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണഘടന തകര്‍ക്കാനാണ് മോദി സര്‍ക്കാറിന്റെ ശ്രമം. ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് യുവാക്കള്‍ രംഗത്തുവരണം. രാജ്യത്തെ ദളിത് സമരങ്ങള്‍ ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാണെന്നും തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംവ്യക്തിനിയമ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം അഡ്വ. സഫര്‍യാബ് ജീലാനി, ദലിത് ആക്ടിവിസ്റ്റ് സന്ത പ്രശാന്ത്, ഇ ടി മുഹമ്മദ് ബശീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി, കെ പി എ മജീദ്, എം കെ മുനീര്‍, കെ എം ഷാജി, അബ്ദുസ്സമദ് സമദാനി, സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹീം സേട്ട് പ്രസംഗിച്ചു.
മുസ്‌ലിം ലീഗ് എം എല്‍ എമാര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. സി കെ സുബൈര്‍ സ്വാഗതവും കെ എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.