ശശിധരന്റെ സൂര്യകാന്തി കൃഷി നൂറുമേനിയില്‍

Posted on: November 11, 2016 11:24 am | Last updated: November 11, 2016 at 11:24 am

kolathur-newsകൊളത്തൂര്‍: സ്വര്‍ണ വര്‍ണമുള്ള സൂര്യകാന്തി പൂക്കള്‍ പ്രഭാതസൂര്യനെ തോല്‍പ്പിക്കുന്ന ശോഭയോടെ കാറ്റില്‍ താളം പിടിച്ച് തല കുമ്പിട്ട് നില്‍ക്കുന്നു. ഇത് ഗുണ്ടല്‍പേട്ടയിലെ കാഴ്ചയല്ല. പുലാമന്തോള്‍ പാലൂരിലെ വിശാലമായ പാടശേഖരത്തില്‍ ഇപ്പോള്‍ സൂര്യകാന്തി കൃഷി സ്ഥിരം വിളയായി മാറിയിട്ടുണ്ട്.
വടക്കന്‍ പാലൂരിലെ വിശാലമായ പാടത്ത് ഒരു ഏക്കറില്‍ സൂര്യകാന്തി കൃഷി ചെയ്ത് നൂറുമേനി കൊയ്യാനുളള ഒരുക്കത്തിലാണ് കര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയായ ചോലപറമ്പത്ത് ശശിധരന്‍. രണ്ട് മാസം മുമ്പ് ആരംഭിച്ച സൂര്യകാന്തി കൃഷി ഹൈദരബാദില്‍ നിന്നും വിത്തുകള്‍ കൊണ്ട് വന്നാണ്.
ഒരു മാസം കഴിഞ്ഞാല്‍ കൃഷി വിളവെടുക്കും.
വിത്ത് വിതച്ച് രണ്ട് മാസത്തിനുള്ളില്‍ സൂര്യകാന്തിച്ചെടികള്‍ പൂവിടും. പിന്നെ ഒരു മാസത്തോളം ഇവ സൂര്യശോഭ പടര്‍ത്താന്‍ പാടത്തുണ്ടാകും. പൂവിതള്‍ കൊഴിഞ്ഞ ശേഷമാണ് വിത്ത് ശേഖരിക്കുന്നത്.
സൂര്യകാന്തി എണ്ണക്കാണ് വിത്തുകള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ശശിധരന്‍ പറഞ്ഞു. സംസ്ഥാന ജൈവ കര്‍ഷക സമിതി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി കര്‍ഷക അവാര്‍ഡുകള്‍ ലഭിച്ച ഈ കര്‍ഷകന്‍ 28 വര്‍ഷത്തോളമായി നെല്‍കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പാലൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യകാന്തി കൃഷിക്ക് തുടക്കമിട്ടത്.